വിദേശ പൗരത്വവും ഓവർസീസ് ഇന്ത്യൻ സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യ (ഓ സി ഐ) കാർഡും ഉള്ള ഇന്ത്യാക്കാർ ഇനി കൂടുതൽ ശ്രദ്ധാപൂർവ്വം വിദേശത്ത് പെരുമാറേണ്ടിയിരിക്കുന്നു. ഇന്ത്യാ സർക്കാരിന്റെ ഏതെങ്കിലും നയങ്ങൾക്കോ പരിപാടികൾക്കോ എതിരെ വിദേശത്ത് പ്രതിഷേധിക്കുകയാണെങ്കിൽ ഒരുപക്ഷെ അത് നിങ്ങൾക്ക് തീരാ നഷ്ടം വരുത്തിയേക്കും. ഇത്തരത്തിലുള്ള പ്രതിഷേധങ്ങളെ ഇന്ത്യാവിരുദ്ധ പ്രക്ഷോഭങ്ങളായി കണ്ട് ഒരുപക്ഷെ നിങ്ങളുടെ ഓ സി ഐ കാർഡ് റദ്ദാക്കുവാനും ഇടയുണ്ട്.

ഇന്ത്യയിൽ നടക്കുന്ന കർഷക സമരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി കാനഡയിൽ പ്രതിഷേധിച്ച പന്ത്രണ്ട് ഇന്ത്യൻ വംശജരുടെ ഓ സി ഐ കാർഡ് റദ്ദാക്കിയതായി അടുത്തയിടെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇന്ത്യൻ സർക്കാരിന് അപകീർത്തികരമായ ലേഖനങ്ങൾ എഴുതുന്ന പത്രപ്രവർത്തകർക്കും ഓ സി ഐ കാർഡ് നഷ്ടമാകാൻ ഇടയുണ്ട്. ഇന്ത്യൻ പ്രധാനമന്ത്രിയെ വിമർശിച്ച് ടൈം മാഗസിൻ ലേഖനമെഴുതിയ ഒരു പത്രപ്രവർത്തകന് ഓ സി ഐ കാർഡ് നഷ്ടപ്പെട്ടതായി വീക്ക് റിപ്പോർട്ട് ചെയ്തിരുന്നു.

പുറത്തുവരുന്ന വിവരങ്ങൾ അനുസരിച്ച് വിദേശകാര്യമന്ത്രാലയം എല്ലാ രാജ്യങ്ങളിലേയും നയതന്ത്ര പ്രതിനിധികളോട് ഇക്കാര്യത്തിൽ ജാഗ്രത പുലർത്താൻ നിർദ്ദേശം നൽകിക്കഴിഞ്ഞു. വിദേശ ഇന്ത്യാക്കാർ നടത്തുന്ന ഇന്ത്യാ വിരുദ്ധ പ്രകടനങ്ങളും പ്രതിഷേധങ്ങളും ഇപ്പോൾ സസൂക്ഷം നിരീക്ഷിക്കപ്പെടുകയാണ്.

മറ്റൊരു സംഭവത്തിൽ ഡള്ളാസിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഷെറിൻ മാത്യുസിന്റെ മലയാളികളായ മാതാപിതാക്കളുടെ ഓ സി ഐ കാർഡ് റദ്ദാക്കി. അതോടൊപ്പം അവരുടെ ചില ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കാർഡുകളും റദ്ദാക്കിയിട്ടുണ്ട്. 2016-ലായിരുന്നു ബീഹാറിലെ ഒരു അനാഥാലയത്തിൽ നിന്നും മലയാളികളായ വെസ്ലീ മാത്യുസും ഭാര്യ സിനിയും ഷെറിനെ ദത്തെടുത്തത്.ഷെറിനെ കൊലപ്പെടുത്തിയതായി തെളിഞ്ഞതിനാൽ വെസ്ലി ഇപ്പോൾ അമേരിക്കയിൽ ജയിൽശിക്ഷ അനുഭവിക്കുകയാണ്. ഇവർ ഇന്ത്യ സന്ദർശിക്കുന്നത് പൊതുജനതാത്പര്യത്തിന് വിരുദ്ധമാണെന്ന് കാട്ടിയാണ് ഇവരുടെ ഓ സി ഐ കാർഡ് റദ്ദ് ചെയ്തത്.

1955 ലെ പൗരത്വ നിയമത്തിലെ വ്യവസ്ഥകൾ എന്തെങ്കിലും ലംഘിക്കുകയാണെങ്കിൽ വിദേശ ഇന്ത്യാക്കാർക്ക് ഓ സി ഐ പദവി നഷ്ടമാകുന്ന പുതിയ നിയമം 2019-ലെ പൗരത്വ(ഭേദഗതി) നിയമത്തിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. അതുപോലെ ഇന്ത്യൻ സർക്കാരിന്റെ മറ്റു നിയമങ്ങളിലേതെങ്കിലും ലംഘിച്ചാലും സമാനമായ ഗതിവരും. എന്നാൽ, കാർഡ് റദ്ദാക്കുന്നതിന് മുൻപായി തങ്ങളുടെ ഭാഗം ബോധിപ്പിക്കുവാനുള്ള അവസരം ലഭിക്കും.