- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
ഇതാ ഹലാൽ സെക്സും! താൽക്കാലിക വിവാഹങ്ങളുടെ മറവിൽ ശരീയത്ത് രാജ്യങ്ങളിലും വേശ്യാവൃത്തി പെരുകുന്നു; ഇറാഖിൽ ബാല വേശ്യാവൃത്തിക്ക് കുടപിടിക്കുന്നത് പരോഹിതർ; ഇറാനിൽ ഒരു സാൻഡ്വിച്ചിനു വേണ്ടി പോലും ശരീര വിൽപ്പന; കെട്ടിപ്പിടിക്കുന്നവരെ ചാട്ടവാറിന് അടിക്കുന്ന തീവ്ര ഇസ്ലാമിക രാഷ്ട്രങ്ങൾ ലൈംഗിക തൊഴിലാളികളുടെ പറുദീസയാവുമ്പോൾ!
പലിശ നിഷിദ്ധമായ ഇസ്ലാമിൽ ആ മതശാസന മറികടക്കാനുള്ള കുറുക്കുവഴി, വടകരക്കാരൻ ഒരു ഹാജിയാർ കണ്ടെത്തിയത് എഴുത്തുകാരൻ പുനത്തിൽ കുഞ്ഞബ്ദുള്ള ഒരിക്കൽ പറഞ്ഞിരുന്നു. താൻ പലിശക്ക് കൊടുക്കാൻ ഉദ്ദേശിക്കുന്ന നോട്ടുകെട്ടുകളിൽ ഒന്നെടുത്ത് മടക്കി ഹാജിയാർ ഒരു കടലാസ് തോണിയുണ്ടാക്കും. എന്നിട്ട് ആ 'തോണി' നോട്ടുകെട്ടിന് മുകളിൽ വെച്ച് ഇടപാടുകാരന് കൊടുക്കും. ഇനി അയാൾ തരേണ്ടത് പലിശയല്ല, ഹാജിയാരുടെ തോണിക്കും ആക്സസറീസിനുമുള്ള വാടകയാണ്! ഇങ്ങനെ മതം എന്തെങ്കിലും ഒന്ന് വിലക്കിയാൽ അത് കുറക്കുവഴികളിലൂടെ മറികടക്കുന്നതിനുള്ള പ്രവണത ലോകത്തിൽ എല്ലായിടത്തും ഉണ്ട്. അത്തരത്തിൽ ഇസ്ലാം വിലക്കിയെന്ന് പറയുന്ന ഒരു ദുരാചാരം, മറി കടന്നതിന്റെ തിക്ത ഫലം അനുഭവിക്കയാണ് ഇന്ന് മതകാർക്കശ്യത്തിന്റെ പേരിലും, ശരീയത്ത് നിയമങ്ങൾ അണുവിടാതെ പിന്തുടരുന്നതിന്റെ പേരിലും, പഴികേട്ട ഇറാൻ അടക്കമുള്ള ഇസ്ലാമിക രാജ്യങ്ങൾ.
വിഭിചാരം കർശനമായി നിരോധിച്ച, കെട്ടിപ്പിടിക്കുന്ന കമിതാക്കളെപ്പോലെും ചാട്ടവാറിന് അടിക്കുന്ന, ഇറാനിൽ വേശ്യാവൃത്തി വൻ തോതിൽ വർധിക്കുന്നുവെന്നത് ഞെട്ടിപ്പിക്കുന്നതാണ്! നോക്കുക സൽമാൻ റുഷ്ദിയെ വധിക്കണമെന്നത് അടക്കമുള്ള ഫത്വകൾ ഒക്കെ നൽകിയ മതരാജ്യമാണ് ഇറാൻ. അവിടെയാണ് ഇതൊക്കെ സംഭവിക്കുന്നത്. സമാനമാണ് ഇറാഖിന്റെയും അവസ്ഥ. സുഡാൻ, യമൻ, ഈജിപ്ത്, തുർക്കി എന്നീ രാജ്യങ്ങളിലെയും സ്ഥിതി വിഭിന്നമല്ല.
തെളിവുകൾ സഹിതമുള്ള ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകളാണ് ഇവിടെ നിന്ന് മാധ്യമങ്ങൾ പുറത്തുവിടുന്നത്. ഹലാൽ സെക്സ് എന്ന് ബി.ബി.സി വിശേഷിപ്പിച്ച മുത്വ വിവാഹം എന്ന ദുരാചാരമാണ് ഇവിടെ ലൈംഗികത്തൊഴിലാളികളെ വർധിക്കുന്നത്. ഒപ്പം ആ രാജ്യങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ പിന്നോക്കാവസ്ഥയും.
ടെഹ്‌റാനിൽ മാത്രം 10,000 ലൈംഗികത്തൊഴിലാളികൾ
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന രാജ്യമാണ് ഇറാൻ. മിസൈലുകൾ ഉണ്ടാക്കി അമേരിക്കയെയും വിറപ്പിക്കുകയും, ഹൂതി വിമതർ വഴി സൗദി അറേബയയെ ഞെട്ടിക്കയും ഒക്കെ ചെയ്യുന്നുണ്ടെങ്കിലും, കഴിഞ്ഞ അഞ്ചുവർഷമായി ഇറാനിലെ ഗ്രാമങ്ങളിൽ കടുത്ത ദാരിദ്രമാണ് നടമാടുന്നത്. അതുകൊണ്ടുതന്നെ ഈ ശിയാ ഇസ്ലാമിക രാഷട്രത്തിൽ, ഇസ്ലാം നിഷിദ്ധമാക്കിയ വേശ്യവൃത്തി അടക്കമുള്ളവ വൻ തോതിൽ നടക്കുന്നുണ്ടെന്ന് കഴിഞ്ഞ വർഷങ്ങളിലായി റിപ്പോർട്ടുകൾ വരുന്നുണ്ട്.
2019 ഡിസംബറിൽ റോഹ്ന വാർത്താ ഏജൻസി ടെഹ്‌റാനിലെ സെമിത്തേരിയിലെ ശ്മശാന ഗുഹകളിൽ താമസിക്കുന്ന ലൈംഗിക തൊഴിലാളികളെ കുറിച്ച് റിപ്പോർട്ട് ചെയ്തിരുന്നു. വെറുമൊരു സാൻഡ്വിച്ചിനായി സ്വന്തം ശരീരം വിൽക്കേണ്ട ഗതികേടുള്ളവർ. പലപ്പോഴും ഖബറിടങ്ങളിലെ ഗുഹകളിലാണ് അവർ ആളുകളെ കാത്തിരിക്കുന്നത്. അതും തുഛമായ തുകക്ക്. ഇവർ അധികൃതരുടെ കണ്ണിൽപ്പെടാതെ ഒളിഞ്ഞ് ജീവിക്കുന്ന ലൈംഗികത്തൊഴിലാളികൾ ആണ്.
പക്ഷേ ഇതെല്ലാം കൂടാതെ മുത്വ എന്ന താൽക്കാലിക വിവാഹം വഴിയും ഇത് നടക്കുന്നു. ഒരു പുരുഷന് എത്ര സ്ത്രീകളെ വേണമെങ്കിലും ഇങ്ങനെ വിവാഹം കഴിക്കാം. അത്തരമൊരു വിവാഹത്തിൽ പ്രവേശിക്കുമ്പോൾ, പങ്കാളികൾ അതിന്റെ സമയപരിധി നേരത്തെ തന്നെ നിശ്ചയിക്കുന്നു. ഇത് കുറച്ച് മിനിറ്റുകളോ, മാസങ്ങളോ, വർഷങ്ങളോ ആകാം. ഇതിൽ മഹർ നിശ്ചയിച്ചിരിക്കും. വിവാഹ കാലാവധി പൂർത്തിയായാൽ വിവാഹം അവസാനിക്കുന്നതാണ്. ഒരു സാധാരണ വിവാഹത്തിൽ നിന്ന് വ്യത്യസ്തമായി, അവൾക്ക് പിന്നീട് യാതൊരു അവകാശവും അയാളിൽ ഉണ്ടാകില്ല.
അതുകൊണ്ട് തന്നെ ഒരു ഹലാൽ വ്യഭിചാരം ആയിട്ടും, വേശ്യാവൃത്തിക്കുള്ള നിയമപരമായ ഒരു ലൈസൻസായിട്ടുമാണ് പലരും ഇതിനെ കാണുന്നത്. ഇറാനിലെ യുവാക്കൾ ഇതിനെ അനുകൂലിക്കുന്നവരാണെന്ന് മാധ്യമങ്ങളുടെ പഠനങ്ങളിൽ കാണുന്നു. സദാചാര പൊലീസിന്റെ ഉപദ്രവമില്ലാതെ അവർക്ക് കമിതാക്കൾക്കൊപ്പം ജീവിക്കാനും, അവരുടെ പങ്കാളികളിൽ നിന്ന് വേണമെങ്കിൽ വേർപിരിയാനും സാധിക്കും. സമ്പന്നനായ ഒരു പുരുഷന്, വിവാഹിതനാണെങ്കിൽ പോലും, ലൈംഗിക തൊഴിലാളികളുടെ അടുക്കൽ പോകാനുള്ള ഒരു വഴിയാണിത്. എന്നാൽ ലൈംഗിക തൊഴിലിനായി ഇറങ്ങിത്തിരിക്കുന്ന സ്ത്രീകളുടെ അവസ്ഥ മിക്കപ്പോഴും പരിതാപകരമാണ്. സാധാരണയായി പിന്നോക്ക വിഭാഗങ്ങളിൽ നിന്നുള്ളവരും, വിവാഹിതരുമാണ് ലൈംഗികത്തൊഴിലാളികളിൽ അധികവും. ദാരിദ്ര്യവും ബുദ്ധിമുട്ടുള്ള ജീവിത സാഹചര്യങ്ങളും കാരണം ഈ തൊഴിലിൽ ഏർപ്പെടാൻ വിധിക്കപ്പെട്ടവർ. അതിലും വേദനിപ്പിക്കുന്ന കാര്യം, പലരും ഭർത്താക്കന്മാരുടെ അറിവോടെയാണ് ഇതിന് ഇറങ്ങി തിരിക്കുന്നത് എന്നതാണ്. സാമ്പത്തിക സ്ഥിതി മോശമായതിനാലും മറ്റ് ഉപജീവനമാർഗ്ഗം ഇല്ലാത്തതിനാലും കുടുംബവും ഇതിന് കൂട്ട് നിൽക്കുന്നുവെന്നാണ് ബി.ബി.സി അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇറാനിലെ എൻ.ജി.ഒയായ അഫ്തഅബ് സൊസൈറ്റിയുടെ ഹെഡ്, ഫറഹ്നാസ് സെലിം പറയുന്നത് ടെഹ്‌റാൻ പ്രവിശ്യയിൽ മാത്രം ഏകദേശം 10,000 സ്ത്രീകൾ ഈ ജോലിയിൽ ഉൾപ്പെടുന്നുവെന്നും, അതിൽ 35% പേരും വിവാഹിതരാണെന്നുമാണ്. ലക്ഷക്കണക്കിന് ഇറാനിയൻ സ്ത്രീകളാണ് ഈ തൊഴിലിൽ ഏർപ്പെട്ടിട്ടുള്ളതെന്ന് പേർഷ്യൻ ഭാഷാ ഓൺലൈൻ പോർട്ടൽ എഗ്തെസാദ് 24 പറയുന്നു. സർക്കാർ ഇതര സംഘടനകൾ പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നത് ലൈംഗികത്തൊഴിലാളികളുടെ ഏറ്റവും കുറഞ്ഞ പ്രായം ഈയിടെയായി 20 മുതൽ 30 വയസ്സിൽ നിന്ന് 12 മുതൽ 18 വയസ്സായി കുറഞ്ഞുവെന്നാണ്. എത്ര ദയനീയം എന്നോർക്കുക.
ചാരിറ്റി ഹൗസിന്റെ മറവിൽ വേശ്യാവൃത്തി
ഇത് കൂടാതെ, ഇറാനിൽ 2002 ൽ ആരംഭിച്ച 'ചാരിറ്റി ഹൗസ്' എന്നറിയപ്പെടുന്ന നിർധനരായ സ്ത്രീകളുടെ സർക്കാർ ഭവനങ്ങളിലും ഇത് നടന്നിരുന്നു. ആരാലും ആശ്രയമില്ലാത്ത പാവപ്പെട്ട സ്ത്രീകൾക്ക് അഭയം നൽകാനും, വിവാഹം കഴിക്കാൻ കഴിയാത്ത പുരുഷന്മാരുടെ ലൈംഗിക ആവശ്യങ്ങൾ തൃപ്തിപ്പെടുത്താനുമായുള്ള സ്ഥാപനമാണ് ഇത്. വേശ്യാലയങ്ങളുടെ കൂടുതൽ സ്വീകാര്യമായ പതിപ്പ്. വിവാഹമോചിതരായ, വിധവകളായ അല്ലെങ്കിൽ അവിവാഹിതരായ സ്ത്രീകളാണ് അവിടെയുണ്ടായിരുന്നത്. പിന്നീട് ഈ ആശയം വേണ്ടെന്ന് വച്ചുവെങ്കിലും, ഈ വീടുകളിൽ ചിലത് ഇപ്പോഴും നിലവിലുണ്ട്.
സ്ത്രീകൾക്ക് നേരെയുള്ള ചൂഷണം പല തൊഴിൽ മേഖലകളിലും നിലനിൽക്കുന്നു. ഇറാനിലെ സാമ്പത്തിക പ്രതിസന്ധി, ലിംഗവിവേചനം, മതിയായ തൊഴിൽ അവസരങ്ങളുടെ അഭാവം എന്നിവ കാരണം ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള സ്ത്രീകളുടെ എണ്ണം വർദ്ധിച്ചുവരികയാണ്. ഇത് ചൂഷണത്തിന് വളമാകുന്നു. പല കമ്പനി മേധാവികളും സ്ത്രീകൾക്കിടയിലെ ഈ ഉയർന്ന തൊഴിലില്ലായ്മ മുതലെടുക്കാൻ ശ്രമിക്കുന്നു. തൊഴിലിനോടൊപ്പം ലൈംഗിക സേവനങ്ങളും വാഗ്ദാനം ചെയ്യുന്ന സ്ത്രീകൾക്ക് വേണ്ടിയുള്ള പരസ്യങ്ങളും അവിടെ കാണാം. ഒരു ഉദാഹരണം ഇങ്ങനെയാണ്: 'സെക്രട്ടറി സ്ഥാനത്തേക്ക് സുന്ദരിയായ, അവിവാഹിതയായ ഒരു സ്ത്രീയെ തിരയുന്നു. ഫ്ലെക്സിബിൾ ജോലി സമയവും, വാരാന്ത്യങ്ങളിൽ ജോലിചെയ്യാനുള്ള പ്രതിബദ്ധതയും പ്രതീക്ഷിക്കുന്നു. പ്രായപരിധി 27 വയസ്സ്.'
ഓൺലൈനിൽ ഇത്തരം നിരവധി പരസ്യങ്ങൾ കാണാം. അതുപോലെ, ഒരു താൽക്കാലിക വിവാഹ ഏജൻസി അതിന് താല്പര്യമുള്ള സ്ത്രീകളുടെ പ്രൊഫൈലുകളുകൾ പ്രസിദ്ധീകരിക്കുന്നു. അത്തരമൊരു പ്രൊഫൈലിന്റെ ഒരു ഉദാഹരണവും മാധ്യമങ്ങൾ എടുത്തുകാട്ടുന്നുണ്ട്: 'പേര് ടി., പ്രായം 49, സ്ഥലം ടെഹ്‌റാൻ. ഉയരം 165, ഭാരം 64, സ്‌കിൻ കളർ ലൈറ്റ്, ഐ കളർ ബ്രൗൺ, കണ്ടുമുട്ടാനുള്ള സ്ഥലസൗകര്യം, ഓരോ സെഷനിലും മഹർ 1,500,000 റിയാൽ (ഏകദേശം 5 യൂറോ), ഫുൾ പെനെട്രേഷൻ സെക്സ്, എബൗട്ട് മീ: തുറന്ന മനസ്സും, സ്നേഹവും' എന്നിങ്ങനെയാണ്. അതായത് ഇസ്ലാമിക രാജ്യത്തിന്റെ ഒരു മേമ്പൊടിയെ ഇപ്പോൾ ഇറാനിൽ ഉള്ളൂ. സർക്കാറിനും അത് അറിയാം. ആയത്തുള്ള ഖുമൈനിയെപ്പോലെയുള്ള ഇസ്ലാമിക കാർക്കശ്യങ്ങളിൽ ഒരു തുള്ളിവെള്ളം ചേർക്കാത്ത ഒരാളുടെ നാട് മാറിയ മാറ്റം നോക്കുക.
പിടികൂടിയാൽ വധശിക്ഷ; പക്ഷേ അവർ എന്തു ചെയ്യും
നമ്മുടെ നാട്ടിലെപ്പോലെയല്ല, തലപോകുന്ന കുറ്റമാണ് ഇറാൻ അടക്കമുള്ള ഇസ്ലാമിക രാഷ്ട്രങ്ങളിൽ ലൈംഗികത്തൊഴിൽ. നേരത്തെ ഇത്തരത്തിൽ കുറ്റം തെളിയിക്കപ്പെടുന്നവരെ പൊതുസ്ഥലത്ത്വെച്ച് പരസ്യമായി കല്ലെറിഞ്ഞ് കൊല്ലുകയായിരുന്നു പതിവ്. ഉമ്മയെ വ്യഭിചാരിയായി മുദ്രകുത്തപ്പെട്ടാൽ അദ്യത്തെ കല്ല് മകൻ തന്നെ എറിയണം എന്നാണ് നിയമം. ഇസ്ലാമിക വിപ്ലവം നടന്ന 1979 മുതൽ ഈ ശിക്ഷാരീതി ആയിരുന്നു. എന്നാൽ, അന്താരാഷ്ട്ര സമ്മർദം ഏറിയതോടെ 2013ൽ ഈ നിയമത്തിൽ ഭേദഗതി വരുത്തി. തൂക്കിക്കൊല്ലുകയാണ് ഇപ്പോഴത്തെ പതിവ്.
ഇക്കഴിഞ്ഞ ആഴ്ചയും ഇറാനിൽ അവിഹിത ബന്ധത്തിന്റെ പേരിൽ വധശിക്ഷയുണ്ടായത്് ലോക മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. ഒരു 27 കാരനും അയാളുടെ 33 കാരിയായ കാമുകിക്കുമാണ് ഇറാൻ സുപ്രീം കോടതി ശരീയത്ത് നിയമപ്രകാരം മരണശിക്ഷ വിധിച്ചത്. യുവാവിന്റെ ഭാര്യാ പിതാവ് മാപ്പ് നൽകാൻ വിസമ്മതിച്ചതിനെ തുടർന്നായിരുന്നു വധശിക്ഷ ഉറപ്പായത്. എന്നാൽ, അവിഹിത ബന്ധത്തിന്റെ തെളിവുകൾ പൊലീസിനു നൽകിയ ഇയാളുടെ ഭാര്യ ഇരുവർക്കും മാപ്പ് നൽകുകയും മരണശിക്ഷയിൽ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പക്ഷെ ഭാര്യാ പിതാവിന്റെ പിടിവാശി കോടതി അംഗീകരിക്കുകയായിരുന്നു.
2017 ജനുവരിയിൽ 18 വയസ്സു പ്രായമുള്ള ഒരു യുവതിയേയും യുവാവിനേയും പരസ്പരം പുണർന്നു എന്നതിന്റെ പേരിൽ 17 തവണ വീതമാണ് ചാട്ടവാറിനടിച്ചതും വാർത്തയായിരുന്നു. പിന്നീട് മാസങ്ങളോളം ജയിൽ ശിക്ഷയും ഇവർക്ക് അനുഭവിക്കേണ്ടതായി വന്നു.പൊതുസ്ഥലത്ത് സ്നേഹപ്രകടനം നടത്തി എന്നാരോപിച്ചായിരുന്നു ഇവരെ പിടികൂടിയത്. പരസ്യമായി റോഡിലൂടെ വിലങ്ങണിയിച്ച് നടത്തിയ ഇവരെ ഒരു മോസ്‌കിനു മുൻപിലെ വേദിയിൽ കയറ്റിയായിരുന്നു പരസ്യമായി ചാട്ടവാറിനടിച്ചത്. ഏതാണ്ട് അതേസമയം ഒരു 40 കാരിയുമായി അടുത്ത ബന്ധം പുലർത്തി എന്നാരോപിച്ച് ഒരു 35 കാരനേയും ചാട്ടവാറിനടിച്ചിരുന്നു.
കഴിഞ്ഞവർഷം മാത്രം ഇറാനിൽ 246 വധശിക്ഷകളാണ് നടപ്പിലാക്കിയിട്ടുള്ളത്. അതിൽ ഒരെണ്ണം പൊതുയിടത്താണ് നടപ്പിലാക്കിയത്. ഇതിൽ വ്യഭിചാരക്കുറ്റവും ഉണ്ടായിരുന്നു. ക്രൂരമായ നിയമം ഉണ്ട്. എന്നിട്ടും ഇറാനിൽ വ്യഭിചാരം മാത്രം കുറയുന്നില്ല. അന്ധമായ നിയമങ്ങൾ വഴി മനുഷ്യന്റെ കാമനകളെ ചങ്ങലക്കിടാൻ കഴിയില്ല എന്നതിന്റെ ഉദാഹരണമായിട്ടാണ് ഇത് സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാണിക്കപ്പെടുന്നത്. പിടികൂടിയാൽ കൊല്ലപ്പെടില്ലേ എന്ന മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് അല്ലാതെ വേറെ വഴിയില്ല എന്നാണ് ഇറാനിലെ ഒരു ലൈംഗികത്തൊഴിലാളി മറുപടി പറയുന്നത്. രാജ്യത്തിന്റെ മേൽത്തട്ട് സുഭിക്ഷതയിൽ കഴിയുമ്പോൾ അടിത്തട്ടിൽ ദാരിദ്ര്യം പടരുകയാണ്.
ബാലവേശ്യകളുമായുള്ള 'ആനന്ദ വിവാഹങ്ങൾ'
ഇറാനിൽനിന്ന് ഒട്ടും വിഭിന്നമല്ല ഇറാഖിലെ സ്ഥിതിയും. 'ആനന്ദ വിവാഹം' എന്ന പേരിലാണ് ഈ നിർബന്ധിത വേശ്യാവൃത്തി നടക്കുന്നത്. പുരോഹിതന്മാർ ഇടനിലക്കാരായിനിന്ന് താൽക്കാലിക വിവാഹത്തിനു വിലപേശുന്ന ദൃശ്യങ്ങളടക്കമുള്ള വാർത്ത ബി.ബി.സിയാണ് പുറത്തുകൊണ്ടുവന്നത്. സദ്ദാം ഹുസൈൻ ഇറാഖ് പ്രസിഡന്റായിരുന്ന കാലത്ത് നിരോധിച്ചിരുന്ന ഈ സമ്പ്രദായം ഇപ്പോൾ വീണ്ടും വ്യാപകമായിരിക്കുകയാണെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
'ഇടക്കാല' ഭാര്യയ്ക്ക് പണം നൽകാൻ കഴിയുന്ന പുരുഷന്മാർക്കാണ് 'ആനന്ദ വിവാഹം' കഴിക്കാൻ അവസരം ലഭിക്കുക. ഇസ്ലാമിന്റെ വരവിന് മുമ്പ് ഇറാഖിലും പരിസര പ്രദേശങ്ങളിലും ഇത്തരത്തിൽ ഉള്ള ആചാരണങ്ങൾ നിലനിന്നിരുന്നു. ഇതാണ് ഇപ്പോൾ ചില പുരോഹിതന്മാർ പണത്തിന് വേണ്ടി നടപ്പിലാക്കുന്നത്. ഇതനുസരിച്ച് നിശ്ചിത തുക നൽകി പെൺകുട്ടികളെ നിശ്ചിത മണിക്കൂറിലേക്കോ ദിവസത്തെക്കോ 'വിവാഹം' ചെയ്യും. അതിന് ശേഷം അവരെ ഉപേക്ഷിച്ച് കടന്നുകളയുകയാണ് പതിവ്. ഇങ്ങനെ ഉപേക്ഷിക്കപ്പെടുന്നവർ പലപ്പോഴും വേശ്യാവൃത്തി ചെയ്ത് ജീവിക്കാൻ നിർബന്ധിക്കപ്പെടുകയാണെന്നും ബി.ബി.സിയുടെ 'അണ്ടർ കവർ വിത്ത് ക്ലറിക്ക്സ്, ഇറാഖ്സ് സീക്രട്ട് സെക്‌സ് ട്രേഡ' എന്ന പരിപാടിയിൽ വ്യക്തമാക്കുന്നു.
വിവാഹം എല്ലാ കാലത്തേക്കുമായാണ് നടത്തുന്നതെന്ന് വിശ്വസിപ്പിച്ചാണ് പല പെൺകുട്ടികളെയും ആകർഷിക്കുന്നതെന്ന് ബി.ബി.സിയുടെ പരിപാടിയിൽ പ്രത്യക്ഷപ്പെട്ട ഇരകളുടെ മൊഴികൾ സൂചിപ്പിക്കുന്നു. മറ്റു ചിലർ ജീവിക്കാൻ മാർഗമില്ലാതെ മത പുരോഹിതന്മാരുടെ വാക്കുകൾക്ക് വഴങ്ങുകയും ചെയ്യുന്നു. പറ്റിക്കപ്പെടുന്നവർ സ്ഥിരമായി വേശ്യവൃത്തി നടത്താൻ വിധിക്കപ്പെടുകയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.'ഇസ്ലാമിക നിയമപ്രകാരം ഒൻപത് വയസ്സിന് താഴെയുള്ള പെൺകുട്ടികളെ വിവാഹം കഴിക്കുന്നത് ഒട്ടും പ്രശ്നമുള്ള കാര്യമല്ലെന്ന്' ഒരു പുരോഹിതൻ ബി.ബി.സിയോട് പറഞ്ഞത് ഞെട്ടലോടെയാണ് ലോകം കേട്ടത്.
ബാല വേശ്യാവൃത്തിക്ക് ഇല്ലാത്ത നിയമസാധുത കൽപ്പിച്ചു കൊടുത്താണ് ഇറാഖി പുരുഷന്മാരും ഷിയാ പുരോഹിതന്മാരും ഈ പ്രാചീന ദുരാചാരം ഇപ്പോഴും പിന്തുടരുന്നത്. ഒൻപത് വയസ്സിന് താഴെയുള്ള പെൺകുട്ടികളെ പോലും പുരോഹിതന്മാരുടെ കാർമ്മികത്വത്തിൽ നടക്കുന്ന ഈ പരിപാടിയിലൂടെ വേശ്യാവൃത്തിയിലേ്ക്ക് തള്ളി വിടുന്നുണ്ട്. ഇത്തരത്തിൽ താൽക്കാലിക അല്ലെങ്കിൽ 'ആനന്ദ വിവാഹ'ത്തിന് വേണ്ടി മത കേന്ദ്രങ്ങളിൽ ഓഫീസുകൾ പ്രവർത്തിക്കുന്നതായും ബി.ബി.സിയുടെ അന്വേഷണത്തിൽ കണ്ടെത്തി.
''നിങ്ങൾക്ക് ഒരു പെൺകുട്ടിയെ അരമണിക്കൂർ നേരത്തേക്ക് വിവാഹം കഴിക്കാം. അത് കഴിഞ്ഞാലുടൻ വേണമെങ്കിൽ മറ്റൊരാളെയും വിവാഹം കഴിക്കാം. അരമണിക്കൂറിനുശേഷം വീണ്ടും ആവശ്യമുണ്ടെന്നു തോന്നിയാൽ അതുതന്നെ ആവർത്തിക്കാം'- പുരോഹിതന്മാരിൽ ഒരാളായ സയ്യിദ് റാഡ് താൽക്കാലിക വിവാഹം ആവശ്യം വേണമെന്ന് പറഞ്ഞെത്തിയ ബി.ബി.സി റിപ്പോർട്ടറോട് പറഞ്ഞു. ഒരു പെൺകുട്ടിയെ താൽക്കാലികമായി വിവാഹം ചെയ്യുന്നത് മതപരമായി സ്വീകാര്യമാണോ എന്ന ചോദ്യത്തിന് 'ശരീഅത്ത് അനുസരിച്ച് ഒരു പ്രശ്‌നവുമില്ല' എന്നായിരുന്നു മറ്റൊരു പുരോഹിതൻ നൽകിയ മറുപടി. 'അവളുടെ കന്യകാത്വം നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക' എന്ന് ഉപദേശിക്കുന്ന ഒരു പുരോഹിതൻ പകരം മറ്റ് തരത്തിലുള്ള ലൈംഗിക ഇടപെടലുകൾ നിർദ്ദേശിക്കുകയും ചെയ്യുന്നു. എന്നാൽ ആ പെൺകുട്ടിക്ക് തന്നെ 'വിവാഹം' കഴിക്കുന്ന ആളെ പിന്നീട് കണ്ടെത്താൻ കഴിയില്ലെങ്കിൽ എന്തും ചെയ്യാമെന്ന ഉപദേശവും ഇയാൾ നൽകുന്നതായി ബി.ബി.സിയുടെ റിപ്പോർട്ടിൽ വിശദമാക്കുന്നു.
കേരളത്തിലെ അറബിക്കല്യാണങ്ങൾക്ക് പിന്നിൽ
കേരളത്തിലും മുത്വ വിവാഹങ്ങൾ 16ാം നൂറ്റാണ്ടുമുതൽ ധാരാളമായി നടന്നിട്ടുണ്ടെന്നും ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ഇസ്ലാമിക സമൂഹമായ മാപ്പിളമാരുടെ ആവിർഭാവത്തിന്റെ ഒരു കാരണം തന്നെ ഇതാണെന്നും ചരിത്രകാരന്മ്മാർ വിലയിരുത്തിയിട്ടുണ്ട്. ആദ്യകാലത്ത് കച്ചവടത്തിനു വന്ന അറബികൾ തദ്ദേശവാസികളുമായി നടത്തിയ വിവാഹബന്ധങ്ങൾ ഇത്തരത്തിലായിരുന്നു.
കാറ്റിന്റെയും മഴയുടെയും ചക്രഗതികളാണ് അറബികളുടെ മലബാറിലേക്കുള്ള സീസൺ നിശ്ചയിച്ചിരുന്നത്. ജൂലൈ - ഓഗസ്റ്റ് മാസങ്ങളിൽ എത്തിച്ചേർന്ന അറബികൾ നാലുമാസം ഇവിടെ ചെലവഴിച്ചതിന് ശേഷം ഡിസംബറിലോ ജനവരിയിലോ ആണ് തിരിച്ചുപോയിരുന്നത് . ഈ യാത്രക്ക് അന്നത്തെ സാഹചര്യത്തിൽ നാൽപ്പതോ, അറുപതോ ദിവസങ്ങൾ ആവശ്യമായിരുന്നു. ഈ യാത്രകളിൽ സ്ത്രീകൾ അവരെ അനുഗമിച്ചിരുന്നില്ല.
അങ്ങനെ കപ്പൽ എത്തിച്ചേർന്ന തുറമുഖ നഗരങ്ങളിൽ അറബികൾ താൽക്കാലിക വിവാഹബന്ധങ്ങൾ സ്ഥാപിക്കേണ്ടിവന്നു. ജീവിതത്തിന്റെ ഭൂരിഭാഗവും സമുദ്രയാത്രകളിലും അന്യദേശങ്ങളിലും ചെലവഴിക്കേണ്ടി വന്ന അറബികളെ സംബന്ധിച്ചിടത്തോളം ഇത്തരത്തിലുള്ള ബന്ധങ്ങൾ അവരുടെ ജീവിത രീതിക്ക് അനുയോജ്യമായതായിരുന്നു. അന്ന് താൽക്കാലിക വിവാഹം പ്രധാനമായും നിലനിന്നിരുന്നത് ദക്ഷിണ അറേബ്യയിലെ യമനിൽ ആണ്. അവിടെ നിന്നുതന്നെയാണ് പ്രധാനമായും അറബികൾ കേരളത്തിൽ എത്തിച്ചേർന്നതും.
മലബാറിലും അറേബ്യയിലും നിലനിന്നിരുന്ന സ്ത്രീ പുരുഷ ബന്ധങ്ങളുടെ സമാനതകൾക്ക് പുറമേ മുത്അ വിവാഹത്തിന് അനുകൂലമായ മറ്റൊരു ഘടകം 'മഹർ' ആയിരുന്നു. അറബികളെ സംബന്ധിച്ചിടത്തോളം അറബ് സ്ത്രീകൾക്ക് വമ്പിച്ച തുക മഹർ ആയി കൊടുക്കണമായിരുന്നു. എന്നാൽ ഇവിടെ താരതമ്യേന ചെറിയ തുക മാത്രമേ വേണ്ടിയിരുന്നുള്ളൂ. ഇവിടുത്തുകാർക്ക് മഹറിലൂടെ ലഭിക്കുന്ന സാമ്പത്തിക നേട്ടം വളരെ ആകർഷകമായിരുന്നു. ഈ ബന്ധത്തിൽ ജനിക്കുന്ന കുട്ടിയുടെ അവകാശവും സ്ത്രീകൾക്കായിരുന്നു. അറബിക്ക് യാതൊരു ഉത്തരവാദിത്വവുമില്ല.
എന്നാൽ ഇതൊക്കെ നൂറ്റാണ്ടുകൾ മുമ്പുള്ള കാര്യങ്ങളായിരുന്നു. എന്നാൽ അതിന്റെ പേരിൽ അറബിക്കല്യാണം എന്ന ഓമനപ്പേരിൽ ഈ ദുരാചാരം കേരളത്തിൽ ഇരുപതാം നൂറ്റാണ്ടിലും നിലനിന്നിരുന്നു. 1980 കളുടെ തുടക്കംവരെ മലബാറിൽ അറബിക്കല്യാണം ഉണ്ടായിരുന്നു. അതായത് വിദേശത്തുനിന്ന് ഒരു അറബി വന്ന് കോഴിക്കോട്ടെ ഒരു മുന്തിയ ഹോട്ടലിൽ റുമെടുത്ത്, ഒരു സാധുപെൺകുട്ടിയെ മഹർ കൊടുത്ത് താൽക്കാലിക വിവാഹം കഴിക്കുക. മിക്കവാറും പ്രായപൂർത്തിയാവാത്ത പെൺകുട്ടികൾ ആയിരിക്കും ഇതിന്റെ ഇരകൾ രണ്ടാഴ്ചത്തെ താമസത്തിന്ശേഷം അയാൾ മടങ്ങും. പിന്നെ ഗർഭിണിയാകുന്ന പെൺകുട്ടിയുടെ ചെലവിനുള്ള ബാധ്യതപോലും അയാൾക്കില്ല. ഈ ബന്ധത്തിൽ പിറന്ന കുട്ടിയാവട്ടെ, കാട്ടറബി, ബദു തുടങ്ങിയ വിളികൾ കേട്ട് പരിഹാസ കഥാപാത്രമായി വളരും. ഇതും സത്യത്തിൽ മുത്വയുടെ തണലിൽ ആയിരുന്നു. അതിശക്തമായ നിയമ പോരാട്ടങ്ങൾക്കും സാമൂഹിക സാംസ്‌ക്കരിക പ്രവർത്തകരുടെ നിരന്തരമായ പോരാട്ടത്തിനും ഒടുവിലാണ് ഈ ദുരാചാരത്തെ എടുത്തുകളയാൻ കഴിഞ്ഞത്. ഒരു മതത്തിൽ നിലനിൽക്കുന്ന അനാചാരങ്ങൾ അത് പതുക്കെ എല്ലാ സമൂഹത്തിലും ബാധിക്കും. ഇത് ഞങ്ങളുടെ മാത്രം പ്രശനമാണെന്നും മറ്റാരും ഇടപെടെണ്ടെന്ന് എന്ന് പറഞ്ഞ് മാറിനിൽക്കാൻ ആർക്കും കഴിയില്ല.
പിന്നിൽ മതം തന്നെ; ശിയാക്കൾ വിടില്ല
'മുത്അ' എന്ന വാക്കിന്റെ അർത്ഥം 'പ്രതിഫലം' എന്നാണ്. അക്കാലത്തുള്ള രീതിയനുസരിച്ച്, സ്ത്രീ താമസിക്കുന്ന ടെന്റിൽ പ്രവേശിക്കുന്ന പുരുഷൻ അവൾക്ക് പണം കൊടുക്കേണ്ടതും, പുരുഷനു എപ്പോൾ വേണമെങ്കിലും ടെന്റിൽ നിന്നു പുറത്തുപോകുവാനും സ്ത്രീക്ക് അയാളെ പുറത്താക്കാനുമുള്ള സ്വാതന്ത്രമുണ്ടായിരുന്നു. കാലക്രമത്തിൽ അത്തരം ബന്ധത്തിനു ചില ഉപാധികളും വ്യവസ്ഥകളും ഉണ്ടായി. യുദ്ധം ചെയ്യുവാനായും മറ്റും വീട് വിട്ട് പോകുന്ന പുരുഷന്മാരാണ് കൂടുതൽ ഇത്തരം വിവാഹങ്ങളിൽ ഏർപ്പെട്ടിരുന്നത്. എന്നാൽ പ്രവാചകൻ മുഹമ്മദ് നബി ഇത്തരം വിവാഹങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുകയും ക്രമേണ അത് മതവിരുദ്ധമായി പ്രഖ്യാപിക്കുകയുണ്ടായി എന്നാണ് സുന്നികൾ പറയുന്നത്.
എന്നാൽ ഈ വാദത്തെ ശിയാ വിഭാഗക്കാർ അംഗീകരിക്കുന്നില്ല. മുത്വ തങ്ങൾക്ക് ഖുറാനിലൂടെ അള്ളാഹു അനുവദിച്ച് തന്നതാണെന്നും ഇത് ഒഴിവാക്കാൻ നബിക്കുപോലും കഴിയില്ല എന്നുമാണ് ഇവർ വാദിക്കുന്നത്. അതുകൊണ്ടുതന്നെ ശിയകൾക്ക് ഭൂരിപക്ഷം ഉള്ളിടത്ത് ഈ താൽക്കാലിക വിവാഹങ്ങൾക്ക് ഏറെ പ്രചാരമുണ്ട്. അതുകൊണ്ട് തന്നെ ഇറാൻ പോലുള്ള ശിയാരാഷ്ട്രങ്ങളിൽ ഇവ വർധിക്കുന്നത്.
ശിയാ പണ്ഡിതർ മുത്വ വിവാഹത്തെ ന്യായീകരിച്ച് നിരവധി ഹദീസുകളും കാണിക്കാറുണ്ട്. ബുഹാരിയുടെ ഹദീസിൽ ഇപ്രകാരം രേഖപ്പെടുത്തിയിക്കാണുന്നുണ്ട്. അബ്ദുല്ല(റ) പറയുന്നു: ഞങ്ങൾ നബി(സ)യുടെ കൂടെ യുദ്ധം ചെയ്യാറുണ്ട്. ഞങ്ങളുടെ കൂടെ ഭാര്യമാർ ഉണ്ടാവാറില്ല. അപ്പോൾ ഞങ്ങൾ ചോദിച്ചു: ഞങ്ങൾ വികാരത്തെ നശിപ്പിക്കുന്ന പരിപാടി സ്വീകരിക്കട്ടെയോ? അതു നബി(സ) ഞങ്ങളോട് വിരോധിച്ചു. താൽക്കാലിക വിവാഹം അനുവദിച്ചു. ശേഷം അവിടുന്നു ഓതി (അല്ലയോ വിശ്വാസികളെ, അല്ലാഹു നിങ്ങൾക്ക് അനുവദിച്ച നല്ലതു നിങ്ങൾ നിഷിദ്ധമാക്കരുത്). (ബുഖാരി. 7. 62. 13).
'ഞങ്ങൾ ഒരു സൈന്യത്തിലായിരുന്നപ്പോള് തിരുമേനി (സ) വന്നിട്ട് അരുളി: നിങ്ങൾക്ക് താൽക്കാലിക വിവാഹത്തിന് (മുത്അ) അനുമതി ലഭിച്ചിരിക്കുന്നു. അതുകൊണ്ട് താല്ക്കാലിക വിവാഹമാവാം.' (സ്വഹീഹുല് ബുഖാരി, അദ്ധ്യായം 67, ഹദീസ് 1796, പേജ് 892. അബു സുബൈർ നിവേദനം: ജാബിർ ഇബ്നു അബ്ദുല്ല പറയുന്നതായി ഞാന് കേട്ടു: 'നബിയുടെ കാലത്ത് ഏതാനും ദിവസത്തേക്ക് ഒരു പിടി കാരക്കക്കും, ഒരു പിടി ഗോതമ്പ് പൊടിക്കും ഞങ്ങൾ താൽക്കാലിക വിവാഹം നടത്തിയിരുന്നു. അബൂബക്കറിന്റെ (ഭരണ)കാലത്തും ചെയ്തിരുന്നു. അങ്ങനെ അത് അംറു ബ്നു ഹുറൈസിന്റെ കാര്യത്തില് ഉമർ നിരോധിക്കുന്നത് വരെയും (അപ്രകാരം ചെയ്തിരുന്നു).' (സ്വഹീഹ് മുസ്ലിം, 1405റ, ഹദീസ് നമ്പര് 3249)
ഇത്തരത്തിലുള്ള നിരവധി ഹദീസുകൾ ഉദ്ധരിച്ചയാണ് ശിയാക്കൾ മുത്വയെ ന്യായീകരിക്കുക. ഇതുതന്നെയാണ് ഇസ്ലാം വിമർശകരായ സ്വതന്ത്ര ചിന്തകരും ചൂണ്ടിക്കാട്ടുന്നത്. മതത്തിൽ ഉള്ളതുതന്നെയാണ് കൃത്യമായി നടപ്പാക്കപ്പെടുന്നത്. ആധുനിക സമൂഹം വളരെവേഗം മാറുമ്പോഴും ഇസ്ലാം മാറാൻ ശ്രമിക്കുന്നില്ല. അവർ ആറാം നൂറ്റാണ്ടിന്റെ അതേ ആചാരങ്ങളിൽ മുറുകെ പിടിക്കയാണ്. ഈ മനസ്ഥിതി ആ രാജ്യങ്ങളിൽ തന്നെ ഇപ്പോൾ വലിയ പ്രതിസന്ധിയും ലൈംഗിക അരാജകത്വവും സൃഷ്ടിക്കയാണ്. കൃത്യമായ ബോധവത്ക്കരണവും മതപരിഷ്‌ക്കരണ ശ്രമമുമാണ് ഇതിനെിരെ വേണ്ടത്. .
കടപ്പാട്: ഇൻസൈഡ് ടെഹ്റാൻ സെ്ക്സ് ട്രേഡ്- ഡോക്യുമെന്റി റേഡിയോ ലിബർട്ടി
'അണ്ടർ കവർ വിത്ത് ക്ലറിക്ക്സ്, ഇറാഖ്സ് സീക്രട്ട് സെക്‌സ് ട്രേഡ' - ബി.ബി.സി ഡോക്യുമെന്റി