പാലാ: പാലാ ബൈപാസ് പൂർത്തീകരണത്തിനായുള്ള നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം വൻജനാവലിയുടെ സാന്നിദ്ധ്യത്തിൽ മാണി സി കാപ്പൻ എം എൽ എ നിർവ്വഹിച്ചു.

പാലാ ബൈപ്പാസ് യാഥാർത്ഥ്യമായെങ്കിലും സിവിൽ സ്റ്റേഷൻ ജംഗ്ഷൻ മുതൽ ളാലം പഴയപള്ളി ജംഗ്ഷൻ വരെയുള്ള ഭാഗത്ത് സ്ഥലം ഏറ്റെടുക്കാൻ സാധിക്കാതെ വന്നതോടെ ഗതാഗതം ദുസ്സഹമായി. സ്ഥലമേറ്റെടുത്തപ്പോൾ വില നിശ്ചയിച്ചതിലെ അപാകതകളെത്തുടർന്നു 13 കുടുംബങ്ങൾ കോടതിയെ സമീപിച്ചതോടെ പൂർത്തീകരണം അനിശ്ചിതത്വത്തിലായി. പിന്നീട് നടപടികളൊന്നുമുണ്ടായില്ല.

പാലാ ഉപതിരഞ്ഞെടുപ്പിൽ മാണി സി കാപ്പൻ തിരഞ്ഞെടുക്കപ്പെട്ടതോടെ ബൈപ്പാസ് പൂർത്തീകരണത്തിന് പ്രഥമ പരിഗണന നൽകി.

തുടർന്ന് 2020ലെ സംസ്ഥാന ബജറ്റിൽ ഇതിനാവശ്യമായ തുക ലഭ്യമാക്കണമെന്ന നിർദ്ദേശം സമർപ്പിച്ചെങ്കിലും അന്ന് അനുമതി ലഭിച്ചില്ല. 2019 ഡിസംബർ 19 നു കളക്ടറുടെ ചേംബറിൽ മാണി സി കാപ്പൻ എം എൽ എ യുടെ നേതൃത്വത്തിൽ സ്ഥലമുടമകൾ, പൊതുമരാമത്ത്, റവന്യൂ ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം ചേർന്ന് തടസ്സങ്ങൾ നീക്കാൻ ശ്രമം ആരംഭിച്ചു. തുടർന്നു സബ് രജിസ്ട്രാർ ഓഫീസുമായി ബന്ധപ്പെട്ടു വില നിർണ്ണയ നടപടികൾ പൂർത്തിയാക്കി. പിന്നീട് റവന്യൂ പൊതുമരാമത്ത് ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തി ഏറ്റെടുക്കുന്ന സ്ഥലങ്ങളുടെ അതിർത്തി നിർണ്ണയവും പൊളിച്ചു മാറ്റേണ്ട കെട്ടിടങ്ങളുടെ വില നിർണ്ണയവും പൂർത്തിയാക്കി.

2020 മാർച്ച് 5 ന് മാണി സി കാപ്പൻ വിഷയം മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് ഓഗസ്റ്റിൽ ഇതിനാവശ്യമായ 10 കോടി10 ലക്ഷം രൂപാ സർക്കാർ അനുവദിച്ചു. 2020 സെപ്റ്റംബറിൽ കളക്ടറുടെ അക്കൗണ്ടിൽ എത്തി. എന്നാൽ ട്രഷറി ഡയറക്ടറുടെ അനുമതി വേണമെന്ന് അന്നത്തെ ജില്ലാ കളക്ടർ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നവംബർ 17ന് ട്രഷറി ഡയറക്ടർ അനുമതി നൽകി. വീണ്ടും നൂലാമാലകളിൽപ്പെട്ടു. ഏറ്റെടുക്കുന്ന സ്ഥലത്തിന് ആർ ആർ പാക്കേജ് ബാധകമാണോയെന്ന് കളക്ടർ ലാന്റ് റവന്യൂ കമ്മീഷണറോട് ആരായുകയും കമ്മീഷണർ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടാൻ കളക്ടർക്കു നിർദ്ദേശം നൽകുകയും ചെയ്തു.

2020 ഡിസംബർ 11 ന് അഡീഷണൽ അഡ്വക്കേറ്റ് ജനറൽ രഞ്ജിത് തമ്പാൻ ആർ ആർ പാക്കേജിന് അർഹതയില്ല എന്ന് നിയമോപദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ ഡിസംബർ 18 നു അനുമതിക്കായി ലാന്റ് റവന്യൂ കമീഷണർക്ക് സമർപ്പിച്ചു. 2021 ജനുവരി ഒന്നിന് ലാന്റ് റവന്യൂ കമ്മീഷണർ ഉത്തരവ് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം പാസ്സാക്കിയതായി സ്ഥലമുടമകളെ അറിയിക്കുകയും ചെയ്തു. ഇതോടെ പ്രശ്‌ന പരിഹാരത്തിനു വഴിതെളിക്കുകയായിരുന്നു.

ചടങ്ങിൽ മുൻ എം പി ജോയി എബ്രാഹം, പ്രൊഫ സതീഷ് ചൊള്ളാനി, എ കെ ചന്ദ്രമോഹൻ, ജോർജ് പുളിങ്കാട്, ജോസ് പാറേക്കാട്ട്, ജോസ്‌മോൻ മുണ്ടയ്ക്കൽ, മുനിസിപ്പൽ കൗൺസിലർ ജിമ്മി ജോസഫ്, രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, വൈസ് പ്രസിഡന്റ് ജോഷി ജോസഫ്, സന്തോഷ് കാവുകാട്ട്, അഡ്വ ജോബി കുറ്റക്കാട്ട്, അനസ് കണ്ടത്തിൽ, ഷിബു പൂവേലിൽ, ടി വി ജോർജ്, ജോഷി പുതുമന, എം പി കൃഷ്ണൻനായർ, മത്തച്ചൻ പുതിയിടത്തുചാലിൽ, ജോസ് വേരനാനി, സി ടി രാജൻ, ജോസ് കുഴികുളം, മാത്യൂസ് പെരുമനക്കാട്ട്, അഡ്വ സന്തോഷ് മണർകാട്ട്, മൈക്കിൾ കാവുകാട്ട്, മുനിസിപ്പൽ കൗൺസിലമാരായ സിജി ടോണി, ജോസ് ഇടേട്ട്, ലിജി ബിജു, മായാ രാഹുൽ, ഭരണങ്ങാനം പഞ്ചായത്ത് മെമ്പർ വിനോദ് ചെറിയാൻ വേരനാനി, ജോഷി വട്ടക്കുന്നേൽ, ക്ലീറ്റസ് ഇഞ്ചിപ്പറമ്പിൽ, അപ്പച്ചൻ ചെമ്പൻകുളം, തങ്കച്ചൻ മണ്ണൂച്ചേരിൽ, ടോണി തൈപ്പറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.

ജലവിഭവ വകുപ്പിൽ പാലായിൽ മുടങ്ങിയ പദ്ധതികൾ പൂർത്തീകരിക്കാൻ ജോസ് കെ മാണി തയ്യാറാകണം: മാണി സി കാപ്പൻ

പാലാ: പാലായിലെ വികസന പ്രവർത്തനങ്ങളുടെ പേരിൽ അവകാശവാദങ്ങൾ ഉന്നയിക്കുന്ന ജോസ് കെ മാണി തന്റെ പാർട്ടിയുടെ മന്ത്രി ഭരിക്കുന്ന ജലവിഭവ വകുപ്പിന്റെ കീഴിൽ പാലായിൽ മുടങ്ങിക്കിടക്കുന്ന പദ്ധതികൾ പൂർത്തീകരിച്ചു പാലായോട് ആത്മാർത്ഥത കാട്ടാൻ തയ്യാറുണ്ടോയെന്ന് മാണി സി കാപ്പൻ എം എൽ എ വെല്ലുവിളിച്ചു. പാലായിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങൾ മുഴുവൻ ജോസ് കെ മാണിയാണെന്ന അവകാശങ്ങൾക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.

ജല വിഭവ വകുപ്പിനു കീഴിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പണം അനുവദിച്ച രാമപുരം കുടിവെള്ളപദ്ധതി, അരുണാപുരം റെഗുലേറ്റർ കം ബ്രിഡ്ജ് എന്നിവയുടെ പൂർത്തീകരണത്തിന് മന്ത്രി റോഷി അഗസ്റ്റിനെ പ്രേരിപ്പിക്കുകയാണ് വേണ്ടത്. ഇതിനു പകരം മറ്റു മന്ത്രിമാരുടെ വകുപ്പിലെ കാര്യങ്ങളിൽ അവകാശവാദം ഉന്നയിക്കുകയാണ്.

വർഷങ്ങൾക്കു മുമ്പ് അപ്രോച്ചുറോഡിനുള്ള സ്ഥലം പോലും ഏറ്റെടുക്കാതെയാണ് കളരിയാന്മാക്കൽ കടവ് പാലം പൂർത്തീകരിച്ചത്. ഇതിനായും സർക്കാരിനെ കൊണ്ട് പണം അനുവദിപ്പിച്ചിട്ടിട്ടുണ്ട്. ചേർപ്പുങ്കൽ സമാന്തരപാലവും അനിശ്ചിതത്വത്തിലായിരുന്നു. അതിന്റെ പ്രവർത്തനങ്ങളും പുനഃരുജ്ജീവിപ്പിക്കാൻ സാധിച്ചിട്ടുണ്ടെന്ന് മാണി സി കാപ്പൻ പറഞ്ഞു.

ജോസ് കെ മാണി ഇടതുമുന്നണിയിൽ വരുന്നതിനും മുമ്പ് 2020 ഓഗസ്റ്റിലാണ് പാലാ ബൈപാസിന്റെ നവീകരണത്തിനായി സർക്കാർ 10.10 കോടി രൂപ അനുവദിച്ചതെന്ന കാര്യം എം എൽ എ ചൂണ്ടിക്കാട്ടി. പാലായിൽ മഴയിൽ കുഴി രൂപപ്പെട്ടാൽ കേരളാ കോൺഗ്രസ് (എം) ചെയർമാൻ നിരീക്ഷണത്തിനിറങ്ങും. കേരളാ കോൺഗ്രസി (എം) നു എം എൽ എ യുള്ള പൂഞ്ഞാറ്റിലെ റോഡു തകർന്നു കിടക്കുന്നത് അദ്ദേഹം ശ്രദ്ധിക്കുന്നില്ല. ഈരാറ്റുപേട്ട ടൗൺ, വാഗമൺ, തീക്കോയി റോഡുകളുടെ മുഴുവൻ അവസ്ഥ പരിതാപകരമാണ്. ഇവ പരിഹരിക്കാൻ നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്നറിയില്ല.

വികസനത്തിൽ രാഷ്ട്രീയം കലർത്തുന്നതിനോട് യോജിപ്പില്ല. കെ എം മാണിയോട് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോൾ പാലായിൽ വരുന്ന വികസന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നു മാണി സി കാപ്പൻ വ്യക്തമാക്കി. ബൈപ്പാസ് വിഷയത്തിൽ സ്ഥലമേറ്റെടുപ്പിലെ വില നിർണ്ണയത്തിലെ അപാകത ആരാണ് വരുത്തിയതെന്ന് പാലാക്കാർക്കു ബോധ്യപ്പെട്ടിട്ടുണ്ട്.

പാലായിയുടെ വികസനത്തിനായി ആരുമായും സഹകരിച്ചു പ്രവർത്തിക്കുമെന്നും മാണി സി കാപ്പൻ വ്യക്തമാക്കി.