ആലക്കോട്: വളർത്തുനായയെ അഴിച്ചുവിട്ടതിനെ അയൽവാസി ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ വാക്കേറ്റം കലാശിച്ചത് സംഘർഷത്തിൽ. ഗൃഹനാഥനെ വാക്കത്തി കൊണ്ട് കാലിന് വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിലെ പ്രതിയായ യുവാവിനായി പൊലിസ് അന്വേഷണം ശക്തമാക്കി.

ആലക്കോട് പൂവൻചാൽ തെയ്യക്കളത്ത് താമസിക്കുന്ന കൈപ്പം പ്ലാക്കൽ സുരേഷിനെ (50)യാണ് അയൽവാസിയായ സുധീഷ് വെട്ടി പരിക്കേല്പിച്ചത്. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. പരിക്കേറ്റ സുരേഷിനെ ഉടൻ ബന്ധുക്കൾ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇടത് കാലിന്റെ എല്ല് പൊട്ടിയതിനാൽ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റി.

സുരേഷിന്റെ വളർത്തുനായയെ അഴിച്ചുവിട്ടതുമായി ബന്ധപ്പെട്ട വഴക്കിനെ തുടർന്നാണ് അയൽവാസിയായ സുധീഷ്, സുരേഷിന്റെ ഇടത് കാലിന് വാക്കത്തികൊണ്ട് വെട്ടി പരിക്കേൽപിച്ചത്. ഇരുവരും തമ്മിൽ പട്ടിയെ ചൊല്ലി മുമ്പും വഴക്കുണ്ടായതായി നാട്ടുകാർ പറഞ്ഞു. സംഭവത്തിന് ശേഷം സുധീഷ് നാട്ടിൽ നിന്നും ബൈക്കിൽ രക്ഷപ്പെട്ടു.ആലക്കോട് പൊലീസ് ഇയാളെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.