ദുബൈ: ജോലിയിൽ നിന്ന് വിരമിച്ച ശേഷവും പ്രവാസികൾക്ക് യുഎഇയിൽ തുടരാൻ അനുവദിക്കുന്ന പുതിയ വിസ പദ്ധതിക്ക് അംഗീകാരം. വിരമിച്ചവർക്കായി പ്രത്യേക താമസ വിസയ്ക്ക് അംഗീകാരം നൽകിയതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു. ചൊവ്വാഴ്ച എക്സ്പോ നഗരിയിലെ യുഎഇ പവലിയനിൽ ചേർന്ന മന്ത്രിസഭാ യോഗത്തിന് ശേഷമാണ് ശൈഖ് മുഹമ്മദ് പ്രഖ്യാപനം നടത്തിയത്.

വിരമിച്ച പ്രവാസികൾക്ക് റെസിഡൻസി അനുവദിക്കുന്നതിനുള്ള വ്യവസ്ഥകൾക്ക് അംഗീകാരം നൽകിയെന്നും എല്ലാവരെയും രാജ്യത്തേക്ക് സ്വാഗതം ചെയ്യുന്നതായും ശൈഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു. 55 വയസ്സ് കഴിഞ്ഞവർക്ക് അഞ്ചുവർഷ റിട്ടയർമെന്റ് വിസ അനുവദിക്കുമെന്ന് 2018ൽ പ്രഖ്യാപിച്ചിരുന്നു. ചില നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും അനുസരിച്ച് സർക്കാർ സ്ഥാപനങ്ങൾക്ക് അവരുടെ വികസന പരിപാടികൾക്കായി ധനസഹായം അനുവദിക്കാൻ കഴിയുന്ന ഫെഡറൽ ഗവൺമെന്റ് ഫണ്ട് നയവും മന്ത്രിസഭ അംഗീകരിച്ചു.