- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അഹമ്മദ്‌നഗർ കോവിഡ് ആശുപത്രിയിലെ അഗ്നിബാധ; മെഡിക്കൽ ഉദ്യോഗസ്ഥനും മൂന്ന് നഴ്സുമാരും അറസ്റ്റിൽ
മുംബൈ: പതിനൊന്ന് പേരുടെ മരണത്തിനിടയാക്കിയ അഹമ്മദ്‌നഗർ ജില്ലയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ ഒരു മെഡിക്കൽ ഉദ്യോഗസ്ഥനെയും മൂന്ന് സ്റ്റാഫ് നഴ്‌സുമാരെയും അറസ്റ്റ് ചെയ്തു. അശ്രദ്ധമൂലമുള്ള മരണം, ക്രൂരമായ നരഹത്യ എന്നീ കുറ്റങ്ങൾക്കാണ് ഇവർക്കെതിരെ കേസെടുത്തത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 304, 304 എ വകുപ്പുകൾ പ്രകാരം മെഡിക്കൽ ഓഫീസർ ഡോ വിശാഖ ഷിൻഡെ, സ്റ്റാഫ് നഴ്സുമാരായ സ്വപ്ന പതാരെ, അസ്മ ഷെയ്ഖ്, ചന്ന അനന്ത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
അഗ്‌നിബാധയെ തുടർന്നുണ്ടായ പുക ശ്വസിച്ചതാണ് 70 ശതമാനം മരണങ്ങൾക്ക് കാരണം. ബാക്കിയുള്ളവർ ആശുപത്രിയിലെ അഗ്‌നിക്കിരയായി പൊള്ളലേറ്റാണ് മരിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മരണപ്പെട്ട ആളുകളിൽ ഭൂരിഭാഗവും കോവിഡ് ചികിത്സയിൽ കഴിയുന്ന മുതിർന്ന പൗരന്മാരായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് അഹമ്മദ്‌നഗറിലെ ജില്ലാ ആശുപത്രിയിൽ അതിദാരുണമായ അപകടമുണ്ടായത്. 17 രോഗികൾ ചികിത്സയിൽ കഴിഞ്ഞിരുന്ന ആശുപത്രിയുടെ താഴത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. അഗ്‌നിബാധയിൽ 10 രോഗികൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഒരാൾ പിന്നീടാണ് മരണത്തിന് കീഴടങ്ങിയത്.
സംഭവത്തെ തുടർന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അന്വേഷണത്തിന് ഉത്തരവിടുകയും വിഷയത്തിൽ വിശദമായ റിപ്പോർട്ട് തേടുകയും ചെയ്തിരുന്നു. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം വീതം ധനസഹായം നൽകുമെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.
ന്യൂസ് ഡെസ്ക്