- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുൻ കേരള സന്തോഷ് ട്രോഫി താരം ജയിംസ് ഫെൻ അന്തരിച്ചു; വിടവാങ്ങിയത്, ഈസ്റ്റ് ബംഗാളിനും മോഹൻ ബഗാനും വേണ്ടി ബൂട്ടണിഞ്ഞ താരം
ആലപ്പുഴ: കേരളത്തിന്റെ ആദ്യകാല സന്തോഷ് ട്രോഫി ഫുട്ബാൾ താരവും ഈസ്റ്റ് ബംഗാൾ മോഹൻ ബഗാൻ എന്നീ ടീമുകളിലെ സജീവ സാന്നിദ്ധ്യവുമായിരുന്ന ജയിംസ് ഫെൻ അന്തരിച്ചു. 87 വയസായിരുന്നു. വർഷങ്ങളായി അമേരിക്കയിലെ കൊളാറാഡോ സ്പ്രിങ്‌സിലുള്ള വീട്ടിൽ മകനോടൊപ്പം കഴിയുകയായിരുന്നു.
ആലപ്പുഴ തത്തംപ്പള്ളി സ്വദേശിയായ ജയിംസ് 1955ൽ നടന്ന സന്തോഷ് ട്രോഫിയിൽ കേരളത്തിന് വേണ്ടി കളത്തിലിറങ്ങിയിരുന്നു. അന്ന് ജയിംസിന്റെ കളി കണ്ട് ആകൃഷ്ടരായ ബംഗാൾ ടീം അദ്ദേഹത്തെ കൊൽക്കത്തയിലേക്ക് ക്ഷണിക്കുകയായിരുന്നു. കൊൽക്കത്ത വമ്പന്മാരായ ഈസ്റ്റ് ബംഗാളിനും മോഹൻ ബഗാനും വേണ്ടി പന്തു തട്ടിയ ജയിംസ് പിൽക്കാലത്ത് ബംഗാളിനെ സന്തോഷ് ട്രോഫിയിൽ പ്രതിനിധീകരിക്കുകയും ചെയ്തു.
അന്നത്തെ മന്ത്രി ടി വി തോമസിന്റെ ക്ഷണപ്രകാരം കെ എസ് ആർ ടി സി ഫുട്ബാൾ ടീമിനു വേണ്ടി കളിക്കാൻ തയ്യാറായെങ്കിലും 1959ൽ അദ്ദേഹം കൊൽക്കത്തയിലേക്ക് മടങ്ങിപോയി. ഒരു വർഷം ഈസ്റ്റ് ബംഗാളിനു വേണ്ടിയും പിന്നീടുള്ള മൂന്ന് വർഷത്തോളം മോഹൻ ബഗാനു വേണ്ടിയും ജയിംസ് ഫെൻ ബൂട്ട് അണിഞ്ഞു.
1966ൽ ഫുട്ബാൾ കളത്തിൽ നിന്ന് വിരമിച്ച അദ്ദേഹം എട്ടു വർഷത്തോളം രാജസ്ഥാനിൽ പരിശീലകനായി സേവനമനുഷ്ടിച്ചു. 1998ൽ ഭാര്യയുടെ മരണത്തിനു ശേഷം മകനോടൊപ്പം അമേരിക്കയിലേക്ക് പോകുകയായിരുന്നു.
ന്യൂസ് ഡെസ്ക്