- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണില്ലാത്ത ബാലന്റെ കണ്ണും മനസ്സുമായി ഒപ്പം നിന്നു; ഭർത്താവിന് പത്മശ്രീ പുരസ്‌ക്കാരം ലഭിക്കുന്നത് സ്വപ്നം കണ്ട് ജീവിച്ചു; ശാന്ത മരിച്ച് മണിക്കൂറുകൾക്കുള്ളിൽ പത്മശ്രീയായി ബാലൻ പൂതേരി
മലപ്പുറം: കണ്ണില്ലാത്ത ബാലന്റെ കണ്ണും മനസ്സുമായിരുന്നു ശാന്ത. ഭർത്താവിന്റെ എല്ലാ ആഗ്രഹങ്ങൾക്കും സ്വപ്‌നങ്ങൾക്കും ഒപ്പം നടന്നവൾ. ഭർത്താവിനെ ഇത്രയധികം വിലമതച്ച ശാന്തയുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഭർത്താവിന് പത്മശ്രീ പുരസ്‌ക്കാരം ലഭിക്കുന്നത്. ഒടുവിൽ വാർദ്ധക്യത്തിന്റെ പടിവാതിക്കലിൽ ബാലൻ പൂതേരിയെ തേടി പത്മശ്രീ എത്തിയപ്പോൾ ആ സന്തോഷം കാണാൻ ശാന്ത നിന്നില്ല. മണിക്കൂറുകൾക്ക് മുന്നേ ശാന്ത ഈ ലോകത്തോട് വിടപറഞ്ഞു.
കരിപ്പൂർ മാതാകുളത്തെ വീട്ടിലായിരുന്നു അന്ത്യം.ഇന്നലെ അദ്ദേഹം പത്മശ്രീ പുരസ്‌കാരം ഏറ്റുവാങ്ങുന്നതിനു മണിക്കൂറുകൾ മുൻപായിരുന്നു അൻപത്തൊൻപതുകാരിയായ ശാന്തയുടെ മരണം. കണ്ണിലെ ഇരുട്ടിനെ അതിജീവിച്ച് ഇരുനൂറിലധികം പുസ്തകങ്ങളെഴുതിയ ബാലൻ പൂതേരി പത്മശ്രീ പുരസ്‌കാരം ഏറ്റുവാങ്ങാൻ ഞായറാഴ്ചയാണ് ഡൽഹിയിലേക്കു പോയത്. വൈകിട്ട് പുരസ്‌കാരം ഏറ്റുവാങ്ങാനിരുന്ന ബാലനെ നൊമ്പരപ്പെടുത്തി രാവിലെ ആറോടെ ശാന്തയുടെ മരണ വാർത്തയെത്തി; പുരസ്‌കാരവിതരണച്ചടങ്ങിന് 10 മണിക്കൂർ മൂൻപ്. ബാലന്റെ അനുവാദത്തോടെ ഉച്ചകഴിഞ്ഞു മൂന്നിനു കാടപ്പടിക്കടുത്ത ചെനുവിൽ കുടുംബ ശ്മശാനത്തിൽ പ്രിയതമയെ സംസ്‌കരിച്ചു.
ബാലൻ ഇന്നു തിരിച്ചെത്തും. ജ്യേഷ്ഠൻ ദാമോദരനും സഹായി പി.രതീഷും ഒപ്പമുണ്ട്.വർഷങ്ങളായി കാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു ശാന്ത. രോഗം ബാധിക്കും വരെ ബാലന്റെ സന്തത സഹചാരിയായിരുന്നു. അദ്ദേഹത്തെ കൈപിടിച്ചു നടത്താനും പുസ്തകങ്ങൾക്ക് ആവശ്യമായ വിവരങ്ങൾ ശേഖരിക്കാനും സഹായിച്ചു. വേങ്ങര ജവാൻസ് നഗർ കോളനിയിലെ കടവത്ത് അയ്യപ്പന്റെ മകളായ ശാന്ത പെരുവള്ളൂർ വലക്കണ്ടി അങ്കണവാടി അദ്ധ്യാപികയാണ്. മകൻ രാംലാൽ.
''ശാന്തയുടെ സ്വപ്നമായിരുന്നു ഈ പുരസ്‌കാരം. ഇത്രയും വലിയൊരു ബഹുമതി ലഭിക്കുമെന്നു സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല. സന്തോഷത്തോടൊപ്പം എപ്പോഴും ദുഃഖവും വരാറുണ്ട്. എല്ലാക്കാര്യത്തിലും പിന്നിലുണ്ടായിരുന്ന ശക്തിയായിരുന്നു ശാന്ത. ഞായറാഴ്ച വീട്ടിൽനിന്നു യാത്രയാക്കിയതും അവരായിരുന്നു.'' ബാലൻ പൂതേരി