- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മലാല മിന്നു കെട്ടിയത് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മാനേജറെ; ബിർമ്മിങ്ഹാമിൽ നടന്ന ചടങ്ങിൽ മലാല എത്തിയത് മിന്നി തിളങ്ങുന്ന വസ്ത്രങ്ങൾ അണിഞ്ഞ്; സ്ത്രീ സ്വാതന്ത്ര്യത്തിനായി പൊരുതി താലിബാന്റെ വെടിയേറ്റു വീണു നാടുവിട്ട് സമാധാനത്തിന്റെ നോബേൽ സമ്മാനം നേടിയ പെൺകുട്ടിക്ക് കൂട്ടായി ഇനി അസർ മാലിക്
മനുഷ്യാവകാശം, പ്രത്യേകിച്ച് സ്ത്രീകൾക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം എന്നതിനോട് ചേർത്ത് വായിക്കാവുന്ന പേരാണ് മലാല യൂസഫ്സായ് എന്നത്. വിദ്യാഭ്യാസ പ്രവർത്തകനായ സിയാവുദ്ദീൻ യൂസഫ്സായിയുടെ മകളായി പാക്കിസ്ഥാനിലെ ഖൈബർ പക്തൂൺഖ്വയിൽ ജനിച്ച മലാല തന്റെ പിതാവിന്റെ പാരമ്പര്യം പിന്തുടർന്നാണ് വിദ്യാഭ്യാസ രംഗത്ത് സജീവമായത്. പാക്കിസ്ഥാൻ താലിബാൻ പല ഭാഗങ്ങളിലും പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചപ്പോൾ അതിനെതിരെ ബി ബി സി ഉറുദുവിൽ, തൂലികനാമത്തിൽ ബ്ലോഗുകൾ എഴുതിയായിരുന്നു ഇവർ സജീവമായി താലിബാൻ ആശയങ്ങൾക്കെതിരെ രംഗത്ത് എത്തുന്നത് അന്ന് അവരുടെ പ്രായം 11 വയസ്സ് മാത്രം.
പാക്കിസ്ഥാനിലെ സ്വാത് താഴ്‌വരയിൽ പാക് താലിബാൻ പിടിമുറുക്കുന്ന കാലം. മൗലാന ഫാസിലുള്ളയുടെ നേതൃത്വത്തിൽ ടെലിവിഷനും പാട്ടും നൃത്തവുമെല്ലാം നിഷേധിക്കപ്പെട്ടു. ഒപ്പം പെൺകുട്ടികൾക്ക് വിധ്യാഭ്യാസവും. ആ സമയത്താണ് താലിബാനെതിരെയുള്ള ലേഖനവുമായി മലാല ബി ബി സി ഉറുദുവിൽ എത്തുന്നത്. അതിനിടയിൽ ന്യുയൊർക്ക് ടൈംസിൽ ഇവരുടെ ഒരു അഭിമുഖവും പുറത്തുവന്നു. ഇതോടൊപ്പം ബി ബി സിയിൽ ലേഖനങ്ങൾ എഴുതുന്നത് മലാലയാണെന്ന കാര്യവും പുറത്തായി.
2011- ൽ ദക്ഷിണാഫ്രിക്കൻ മനുഷ്യാവകാശ പ്രവർത്തകനായ ആർച്ച്ബിഷപ്പ് ഡെസ്മണ്ട് ടുടു മലാലയെ കുട്ടികളുടെ അന്താരാഷ്ട്ര നോബേൽ സമ്മാനത്തിനായി നാമനിർദ്ദേശം ചെയ്തു. അന്താരാഷ്ട്ര തലത്തിൽ തന്നെ കുട്ടികളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന ഡച്ച് സംഘടനയായ കിഡ്സ് റൈറ്റ്സ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഈ അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെടുന്ന ആദ്യ പാക്കിസ്ഥാൻ പെൺകുട്ടിയായിരുന്നു മലാല.
ഇതിനിടയിൽ സമൂഹമാധ്യമങ്ങളിലും മലാല ശ്രദ്ധനേടാൻ തുടങ്ങി. പാക്കിസ്ഥാൻ സർക്കാർ ഏർപ്പെടുത്തിയ ആദ്യ നാഷണൽ യൂത്ത് പീസ് പ്രൈസ് കൂടി ഇവർക്ക് ലഭിച്ചതോടെ ഫോളോവേഴ്സും ധാരാളമായി വർദ്ധിച്ചു. ഇങ്ങനെ ഒരു വഴിയിൽ അംഗീകാരങ്ങൾ ധാരാളമായി മലാലയെ തേടിയെത്തിയപ്പോൾ മറുഭാഗത്ത് അപകടങ്ങളും പതിയിരുപ്പുണ്ടായിരുന്നു. ധാരാളം വധഭീഷണികൾ ഈ പെൺകുട്ടിയെ തേടിയെത്തി. പിന്നീട് 2012 ഒക്ടോബർ 9 ന് മലാല പരീക്ഷയെഴുതി ബസ്സിൽ വീട്ടിലേക്ക് മടങ്ങുന്ന സമയത്ത് അവർക്ക് വെടിയേൽക്കുകയും ചെയ്തു.
വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റ മലാല സാവധാനം സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നു. എന്നാൽ, ഈ സംഭവം ലോകവ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കി. പാക്കിസ്ഥാനിലും പ്രതിഷേധം കൊടുമ്പിരികൊണ്ടു. ഇതാണ് പാക്കിസ്ഥാനിലെ ആദ്യത്തെ വിദ്യാഭ്യാസ അവകാശ നിയമം ഉടലെടുക്കാൻ കാരണമായതും. മലാലയെ കൊല്ലാൻ ശ്രമിച്ച കുറ്റത്തിന് ആറുപേർ അറസ്റ്റിലായെങ്കിലും പിന്നീട് അവരെ തെളിവില്ലെന്ന കാരണത്താൽ വെറുതെ വിടുകയായിരുന്നു. ഇതിന് ഉത്തരവിട്ട മുള്ള ഫസുലള്ള അഫ്ഗാനിൽ ഒളിവിൽ കഴിയുന്നതിനിടയിൽ അമേരിക്കൻ ആക്രമണത്തിൽ മരണമടയുകയും ചെയ്തു.
പിന്നീട് ബ്രിട്ടനിലേക്ക് താമസം മാറ്റിയ മലാല യൂസഫ്സായി ബിർമ്മിങ്ഹാമിലെ എഡ്ജ്ബാസ്റ്റൺ ഹൈ സ്‌കൂളിൽ നിന്നും സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. പിന്നീട് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലായിരുന്നു പഠനം അതിനിടയിൽ ഇവർ അവരുടേ മനുഷ്യാവകാശ പ്രവർത്തനങ്ങളും തുടര്ന്നുപോന്നു. 2014-ൽ ഇവർ സമാധാനത്തിനുള്ള നോബേൽ സമ്മാനം ഇന്ത്യയിൽ നിന്നുള്ള ബാലാവകാശ പ്രവർത്തകനായ കൈലാഷ് സ്ത്യാർത്തിയുമായി പങ്കുവയ്ക്കുകയും ചെയ്തു. നോബേൽ സമ്മാനം കിട്ടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി മാറി അതോടെ 17 കാരിയായ മലാല യൂസഫ്സായ്.
സംഭവ ബഹുലമായ മലാല യൂസഫ്സായുടെ ജീവിതം ഇപ്പോൾ പുതിയൊരു അദ്ധ്യായത്തിലേക്ക് കടക്കുകയാണ്. പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ഓപ്പറേഷൻസ് മാനേജരായ അസ്സർ മാലിക്കുമായി ഉള്ള വിവാഹം മലാലയുടെ ബിർമ്മിങ്ഹാമിലെ വീട്ടിൽ വെച്ചു നടന്നു. പിങ്ക് നിറത്തിലുള്ള വിവാഹവസ്ത്രമണിഞ്ഞ് അസ്സറിനൊപ്പം നിൽക്കുന്ന ചിത്രം മലാല തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. തന്റെ ജീവിതത്തിലെ അമൂല്യമായ ഒരു ദിനം. ഞാനും അസറും ജീവിത പങ്കാളികളാകുന്നു എന്നായിരുന്നു മലാല ചിത്രത്തിന് അടിക്കുറിപ്പ് നൽകിയത്.
മലാലയുടെ വീട്ടിൽ വെച്ച് ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. അടുത്ത കുടുംബാംഗങ്ങൾ മാത്രമായിരുന്നു പങ്കെടുത്തിരുന്നത്. ഇവർ തമ്മിലുള്ള ബന്ധം ആരംഭിച്ചത് എന്നായിരുന്നു എന്ന് വ്യക്തമല്ല, എന്നാൽ കഴിഞ്ഞ ജൂലായിൽ അസ്സർ മലാലയ്ക്ക് ജന്മദിനാശംസകൾ നേർന്ന് കൊണ്ട് ഒരു പോസ്റ്റ് ഇട്ടിരുന്നു. വീട്ടുകാരുടെ സമ്മതത്തോടെ നടന്ന ഒരു പ്രേമവിവാഹം എന്നായിരുന്നു മലാലയുടെ മാതാപിതാക്കൾ ഈ വിവാഹത്തെ വിശേഷിപ്പിച്ചത്.
ഒരു യാഥാസ്ഥിതിക പഷ്ടൂൺ കുടുംബത്തിൽ നിന്നും ഓക്സ്ഫോർഡിലെത്തി ബിരുദം പൂർത്തിയാക്കി, പെൺകുട്ടികളുടെ വിദ്യാഭാസകാര്യത്തിൽ സഹായിക്കാനായി സ്വന്തമായി ഒരു സംഘടനയുണ്ടാക്കിയ മലാല പല ലോകനേതാക്കൾക്കുമൊപ്പം വേദി പങ്കിട്ടുകഴിഞ്ഞു. മകളെ സ്വന്തം വഴി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നൽകി ജീവിക്കാൻ വിട്ടമലാലയുടെ പിതാവ് ഇന്നും തന്റെ മകളെ കുറിച്ച് അഭിമാനിക്കുകയാണ്. ഗോത്രവും ജാതിയുമൊന്നുമല്ല തന്റെ പ്രശ്നമെന്നും മകളുടെ ജീവിതവും അവളുടെ സന്തോഷവുമാണ് വലുതെന്നും അയാൾ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ