ശബരിമല: ശബരിമല തീർത്ഥാടകർക്കായുള്ള സ്‌പോട് ബുക്കിങ്ങിന് പൊലീസ് നിലയ്ക്കലിൽ അഞ്ച് പ്രത്യേക കൗണ്ടറുകൾ തുറക്കും. ദർശനത്തിനുള്ള വെർച്വൽ ക്യൂ ബുക്ക് ചെയ്യാൻ അവസരം കിട്ടാത്തവർക്കായാണ് പ്രത്യേക കൗണ്ടറുകൾ തുറക്കുന്നത്. നേരത്തേ ബുക്ക് ചെയ്തവരുടെ രേഖകൾ പരിശോധിക്കാൻ 10 കൗണ്ടറുകളും ഉണ്ടാകും. വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യുമ്പോൾ നിലയ്ക്കലിൽ റിപ്പോർട്ട് ചെയ്യേണ്ട സമയം ലഭിക്കും. ആ സമയത്ത് എത്താത്തവരുടെ എണ്ണം കണക്കാക്കി അത്രയും പേർക്കാണ് സ്‌പോട് ബുക്കിങ്ങിലൂടെ ദർശനത്തിന് അനുമതി നൽകുക. സ്‌പോട് ബുക്കിങ് ആവശ്യമുള്ളവർ നിലയ്ക്കലിൽ അൽപ സമയം കാത്തുനിൽക്കേണ്ടിവരും.

മണ്ഡല തീർത്ഥാടന കാലത്ത് പ്രതിദിനം 30,000 പേർക്കാണു ദർശന അനുമതി. ഭക്തർ ആധാർ കാർഡ്, 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ സർട്ടിഫിക്കറ്റ് എന്നിവ കൈവശം ഉണ്ടാകണം. രണ്ട് ഡോസ് വാക്‌സീൻ എടുത്തവർക്ക് ആ സർട്ടിഫിക്കറ്റ് മതി.

കോവിഡ് പരിശോധന: നിലയ്ക്കലിൽ ആർടി ലാംപ്, ആന്റിജൻ പരിശോധനാ സൗകര്യമുണ്ട്. ചെങ്ങന്നൂർ, കോട്ടയം, തിരുവല്ല റെയിൽവേ സ്റ്റേഷനുകളിലും പ്രധാന ഇടത്താവളങ്ങളിലും ആർടിപിസിആർ പരിശോധനയ്ക്കുള്ള കിയോസ്‌കുകൾ ആരോഗ്യ വകുപ്പ് ഒരുക്കുന്നുണ്ട്. ആർടി ലാംപിന്റെ പരിശോധനാ ഫലം 3 മണിക്കൂറിനുള്ളിൽ ലഭിക്കും. വാക്‌സിനേഷൻ സർട്ടിഫിക്കറ്റോ ആർടിപിസിആർ സർട്ടിഫിക്കറ്റോ ഇല്ലാത്തവർക്കു പരിശോധനാ സൗകര്യം ഉപയോഗിക്കാം.

ന്മ പാർക്കിങ്: തീർത്ഥാടകരുടെ വാഹനങ്ങൾക്കു പ്രവേശനം നിലയ്ക്കൽ വരെ മാത്രം. വാഹനങ്ങൾ അവിടെ പാർക്ക് ചെയ്ത ശേഷം തീർത്ഥാടകർ കെഎസ്ആർടിസി ബസിൽ പമ്പയിലെത്തണം.

ന്മ നെയ്യഭിഷേകം: പുലർച്ചെ 5.30 മുതൽ ഉച്ചയ്ക്ക് 12 വരെ നെയ്യഭിഷേകം ഉണ്ടാകും. (കോവിഡ് മാനദണ്ഡം പാലിക്കേണ്ടതിനാൽ സാധാരണ രീതിയിൽ നെയ്യഭിഷേകം പറ്റില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ നിലപാട്. നെയ്യ് സ്വീകരിച്ച ശേഷം പകരം അഭിഷേകം ചെയ്ത നെയ്യ് കൊടുത്താൽ മതിയെന്നാണു നിർദ്ദേശം. ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ല). ഉച്ചകഴിഞ്ഞ് എത്തുന്നവർക്കു നെയ്‌ത്തേങ്ങകൾ കൗണ്ടറിൽ നൽകി പകരം അഭിഷേകം ചെയ്ത നെയ്യ് വാങ്ങാം.

ന്മ വഴിപാട്: കളഭാഭിഷേകം, പുഷ്പാഭിഷേകം, അർച്ചന, ഗണപതിഹോമം, ഭഗവതി സേവ, ഉഷഃപൂജ, ഉച്ചപൂജ, ദീപാരാധന, അത്താഴപൂജ തുടങ്ങിയ വഴിപാടുകൾ നടത്താൻ ഭക്തർക്കു സൗകര്യം ഉണ്ടാകും. ഉദയാസ്തമനഃപൂജ, പടിപൂജ, എന്നിവ മുൻകൂട്ടി ബുക്ക് ചെയ്യാം.

ന്മ അപ്പം, അരവണ: പ്രധാന വഴിപാട് പ്രസാദമായ അപ്പവും അരവണയും സന്നിധാനത്തെ കൗണ്ടറിൽനിന്ന് ആവശ്യത്തിനു വാങ്ങാം.

ന്മ പമ്പാ സ്‌നാനം: തീർത്ഥാടകരെ പമ്പാ സ്‌നാനത്തിന് അനുവദിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു അറിയിച്ചു.

ന്മ മലകയറ്റവും ഇറക്കവും: ദർശനത്തിനായി മലകയറുന്നതും ഇറങ്ങുന്നതും സ്വാമി അയ്യപ്പൻ റോഡിലൂടെ മാത്രം. നീലിമലയും അപ്പാച്ചിമേടും താണ്ടിയുള്ള ദർശനത്തിന് അവസരം ലഭിക്കില്ല.

ന്മ പരമ്പരാഗത കാനനപാത: അഴുത, കരിമല, കല്ലിടാംകുന്ന് വഴിയുള്ള പരമ്പരാഗത കാനന പാതയിലൂടെ തീർത്ഥാടകരെ കടത്തി വിടില്ല. പുല്ലുമേട് വഴിയും യാത്ര അനുവദിക്കില്ല.

ന്മ വിരിവയ്ക്കൽ: രാത്രി സന്നിധാനത്തിൽ വിരിവച്ചു വിശ്രമിക്കാൻ അനുവദിക്കില്ല. എന്നാൽ സന്നിധാനത്ത് ഇരുമുടി അഴിച്ച് നെയ്യഭിഷേകത്തിനു തയ്യാറെടുക്കാൻ സമയം ലഭിക്കും. കൂടുതൽ സമയം ഇരുന്നു വിശ്രമിക്കാൻ സമ്മതിക്കില്ല.

ന്മ ഡോളി: നടന്നു മലകയറാൻ ആരോഗ്യ സ്ഥിതി അനുവദിക്കാത്തവർക്ക് പമ്പയിൽനിന്ന് ഡോളി സൗകര്യമുണ്ട്.

ന്മ ആശുപത്രി: സന്നിധാനം, പമ്പ, ചരൽമേട്, നിലയ്ക്കൽ എന്നിവിടങ്ങളിൽ ആശുപത്രി സൗകര്യം ഉണ്ട്. അടിയന്തര ചികിത്സ വേണ്ടവരെ സന്നിധാനത്തുനിന്ന് പമ്പയിൽ എത്തിക്കാൻ 3 ഓഫ് റോഡ് ആംബുലൻസും ഉണ്ട്.