മേരിക്കയും യൂറോപ്യൻ രാജ്യങ്ങളും നൽകിയ ധനസഹായം ധൂർത്തടിച്ചും കട്ടുമുടിച്ചും അഫ്ഗാനെ മുൻ സർക്കാർ ദുരിതത്തിലാഴ്‌ത്തിയ പല കഥകളും ഇതിനോടകം പുറത്തുവന്നു കഴിഞ്ഞു. കോടികൾ മുടക്കി വാങ്ങിയ വിമാനങ്ങൾ ആക്രി വിലയ്ക്ക് വിറ്റതുമുതൽ പണിതീരാത്ത ഹോട്ടലിനായി ചെലവാക്കിയ കോടികളുടെ കഥവരെ മാധ്യമങ്ങളിൽ വന്നതാണ്. ഇപ്പോഴിതാ ഞെട്ടിക്കുന്ന മറ്റൊരു അഴിമതിക്കഥ കൂടി അഫ്ഗാനിസ്ഥാനിൽ നിന്നും പുറത്തുവന്നിരിക്കുന്നു.

അഫ്ഗാൻ മുൻ ധനകാര്യമന്ത്രി ഇന്ന് പറഞ്ഞത് ഇസ്ലാമിസ്റ്റ് സംഘടനകളിൽ നിന്നും പണം വാങ്ങി ചില സൈനിക ഉദ്യോഗസ്ഥർ വ്യാജ പട്ടാളക്കാരെ നിയമിക്കുകയായിരുന്നു എന്നാണ്. ഇതാണ് താലിബാന് എളുപ്പം അധികാരം പിടിച്ചെടുക്കാൻ സഹായകരമായതെന്നും അദ്ദേഹം പറഞ്ഞു. 3 ലക്ഷത്തോളം വരുന്ന സൈനികരിൽ പലരും യഥാർത്ഥത്തിൽ ഇല്ലാത്തവരാണെന്നും പേരുകൾ മാത്രം എഴുതിച്ചേർത്ത് അവരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും അഴിമതിക്കാരായ ഉദ്യോഗസ്ഥർ തട്ടിച്ചെടുക്കുകയായിരുന്ന്യുന്നും ഖാലിദ് പയെണ്ട കൂട്ടിച്ചേർത്തു. അതുകൊണ്ടാണത്രെ അമേരിക്കൻ സൈന്യം പിൻവാങ്ങിയതോടെ താലിബാന് എളുപ്പത്തിൽ അധികാരം പിടിച്ചെടുക്കാൻ കഴിഞ്ഞത്.

ഇത്തരത്തിൽ വ്യാജ പേരുകൾ എഴുതിച്ചേർത്ത് അവരുടെ ബാങ്ക് കാർഡുകളും മറ്റും ഈ ഉദ്യോഗസ്ഥരായിരുന്നു ഉപയോഗിച്ചിരുന്നത്. കാണിച്ചിരിക്കുന്നതിൽ ആറിലൊന്ന് സൈനികർ മാത്രമേ യഥാർത്ഥത്തിൽ അഫ്ഗാൻ സൈന്യത്തിൽ ഉണ്ടായിരുന്നുള്ളു എന്നും ഖാലിദ് പറയുന്നു. ഓരോ മേഖലയിലേയും സൈനിക മേധാവിമാർ നൽകുന്ന കണക്കനുസരിച്ചായിരുന്നു സൈനികരുടെ എണ്ണം കണക്കാക്കിയിരുന്നത്. ശമ്പളവും ഭക്ഷണ ചെലവുൾപ്പടെയുള്ള ചെലവുകൾക്കുള്ള പണവും അതിനനുസരിച്ച് നൽകിയിരുന്നു. എന്നാൽ, സൈനിക മേധാവിമാരുടെ റിപ്പോർട്ടുകൾ ഒരിക്കലും പരിശോധനക്ക് വിധേയമാക്കിയിരുന്നില്ല.

താലിബാൻ അധികാരം പിടിച്ചെടുത്തതോടെ ധനകാര്യ മന്ത്രി സ്ഥാനം രാജിവെച്ച് പയെണ്ട അഫ്ഗാൻ വിട്ടിരുന്നു. നേരത്തേ ഇൻസ്പെക്ടർ ജനറൽ ഫോർ അഫ്ഗാൻ റീകൺസ്ട്രക്ഷനും, അഫ്ഗാൻ സൈനികരുടെ യഥാർത്ഥ എണ്ണം അമേരിക്കക്കോ അഫ്ഗാനിസ്ഥാനോ അറിയില്ലെന്ന് പറഞ്ഞിരുന്നു. പൊലീസുകാരുടെ കാര്യവും അതുപോലെത്തന്നെയായിരുന്നു. ചില ഉദ്യോഗസ്ഥർ ഈ വ്യാജ സൈനികരുടെ പേരിലുള്ള ആനുകൂല്യങ്ങൾ പറ്റുമ്പോഴും താലിബാനിൽ നിന്നും സഹായം സ്വീകരിച്ചിരുന്നതായും പയേണ്ട പറയുന്നു. അഴിമതി അഫ്ഗാനിൽ നിന്നും തുടച്ചുമാറ്റാനാകില്ലെന്ന ചിന്ത ഇതുമൂലം രാജ്യത്താകെ പടർന്നു പിടിച്ചെന്നും അദ്ദേഹം പറഞ്ഞു.

പാർലമെന്റും ഗവർണർമാരുമൊക്കെ അഴിമതിയെ പിന്താങ്ങുകയായിരുന്നു. ഉന്നതതലങ്ങൾ വരെ അഴിമതിയിൽ കുളിച്ചിരിക്കുകയായിരുന്നു. ധനകാര്യ മന്ത്രാലയത്തിലും അഴിമതി ഉണ്ടായിരുന്നതായി മുൻ ധനകാര്യമന്ത്രി സമ്മതിച്ചു. അമേരിക്കൻ സൈന്യം അഫ്ഗാൻ വിട്ടിട്ടും നിരവധി അമേരിക്കക്കാർ ഇപ്പോഴും അഫ്ഗാനിൽ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തിലാണ് ഇപ്പോൾ ഈ വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്. യു എസ് സൈനികരുടെ കുടുംബാംഗങ്ങൾ ഉൾപ്പടേയുള്ളവർ ഇതിൽ ഉൾപ്പെടുന്നു.

സ്ത്രീകളും കുട്ടികളും അടക്കം ഏകദേശം നൂറോളം അമേരിക്കക്കാർ ഇപ്പോഴും അഫ്ഗാനിൽ കുടുങ്ങിക്കിടക്കുന്നു എന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്.