കൊച്ചി: യുഎസിലെ ഇൻഷൂറൻസ് ദാതാക്കൾക്ക് മെഡിക്കൽ കോഡിങ് സേവനങ്ങൾ ലഭ്യമാക്കുന്ന കാലിഫോണിയ ആസ്ഥാനമായ പ്രമുഖ ഹെൽത്ത്കെയർ സർവീസസ് കമ്പനിയായ എപിസോഴ്സ് 2022-ൽ കേരളത്തിൽ നിന്നും 2000-ലേറെ മെഡിക്കൽ കോഡർമാരെ റിക്രൂട്ട് ചെയ്യാൻ ലക്ഷ്യമിടുന്നു. കമ്പനിയുടെ കേരളത്തിലെ അംഗീകൃത റിക്രൂട്ടിങ് പാർട്ണറായ സിഗ്മ മെഡിക്കൽ കോഡിങ് അക്കാദമിയുടെ സഹകരണത്തോടെ 2017 മുതൽ ഇതുവരെ സംസ്ഥാനത്ത് നിന്നും 2000-ലേറെ മെഡിക്കൽ കോഡർമാരെ കമ്പനി റിക്രൂട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി കൊച്ചിയിൽ നടന്ന റിക്രൂട്ട്മെന്റ് ഡ്രൈവിൽ പങ്കെടുത്ത 400 പേരിൽ നിന്നും 232 പേരെ കമ്പനി ഷോർട്ട്ലിസ്റ്റ് ചെയ്തിട്ടുണ്ട്.

മാനവ വിഭവശേഷി വർധിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനിയെന്നും കൊച്ചിയിൽ നടന്ന റിക്രൂട്ട്മെന്റ് ഡ്രൈവ് അതിന്റെ ഭാഗമാണെന്നും എപിസോഴ്സ് സീനിയർ വൈസ് പ്രസിഡന്റ് മഞ്ജുള പളനിസാമി പറഞ്ഞു. തങ്ങളുടെ ഭൂരിഭാഗം ജീവനക്കാരും ദക്ഷിണേന്ത്യയിൽ നിന്നുള്ളവരാണ്. കോയമ്പത്തൂരിൽ ഉടൻ തന്നെ കമ്പനിയുടെ ശാഖ ആരംഭിക്കും. കേരളത്തിൽ നിന്നും റിക്രൂട്ട് ചെയ്യുന്നവർക്ക് കോയമ്പത്തൂരിൽ തന്നെ നിയമനം നൽകുമെന്നും അവർ അറിയിച്ചു. കഴിഞ്ഞ നാല് വർഷമായി മികച്ച മെഡിക്കൽ കോഡർമാരെ ലഭ്യമാക്കി എപിസോഴ്സിന്റെ റിക്രൂട്ട്മെന്റ് ഡ്രൈവിന് എല്ലാ പിന്തുണയും നൽകി വരുന്ന സ്ഥാപനമാണ് സിഗ്മ എന്നും മഞ്ജുള പളനിസാമി പറഞ്ഞു.

എല്ലാ വർഷവും ഏറ്റവും കൂടുതൽ ബിരുദധാരികളെ സൃഷ്ടിക്കുന്ന കേരളത്തിന് മെഡിക്കൽ കോഡിങ് ഹബ്ബാകാനുള്ള എല്ലാ സാധ്യതയുമുണ്ടെന്ന് സിഗ്മ മെഡിക്കൽ കോഡിങ് അക്കാദമി സിഇഒ ബിബിൻ ബാലൻ പറഞ്ഞു. കമ്പനികളുടെ ആവശ്യാനുസരണം വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിൽ സിഗ്മ പ്രതിബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രവർത്തിപരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിവർഷം 2.1 ലക്ഷം രൂപ മുതൽ 12.5 ലക്ഷം രൂപ വരെ ശമ്പള പാക്കേജാണ് മെഡിക്കൽ കോഡർമാർക്ക് ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2004-ൽ ചെന്നൈയിൽ സ്ഥാപിതമായ എപിസോഴ്സിൽ നിലവിൽ കാലിഫോണിയ, ഫ്ളോറിഡ, ഫിലിപ്പീൻസ്, ഇന്ത്യ (ചെന്നൈ, മുംബൈ, വിജയവാഡ) എന്നിവിടങ്ങളിലായി 4000- ത്തോളം ജീവനക്കാരുണ്ട്. ആരോഗ്യപരിപാലന സ്ഥാപനങ്ങൾക്ക് അവരുടെ ബിസിനസ് വളർച്ച അളക്കുന്നതിന് ആവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിൽ ഒരു ദശാബ്ദത്തിലേറെയായി പ്രവർത്തിച്ചു വരുന്ന കമ്പനിയാണ് എപിസോഴ്സ്.