കൊച്ചി:കോവിഡ് പ്രതിസന്ധി ബഹുഭൂരിപക്ഷം സാധാരണ ജനങ്ങളുടെയും ജീവിതം തകർന്നിരിക്കുമ്പോൾ അതിനെ അതിജീവിക്കാൻ അവർക്ക് കരുത്തു നൽകുന്നതിനു പകരം നാടുനീളെ മദ്യശാലകൾ തുറന്നും തൊഴിൽ കേന്ദ്രങ്ങളിൽ പബുകൾ സ്ഥാപിച്ചും മദ്യം കുത്തിയൊഴുക്കാനുള്ള സാമൂഹ്യ വിരുദ്ധ നടപടികളാണ് സ്വീകരിക്കുന്നത്. ഇത് സാധാരണക്കാർക്കു വേണ്ടിയല്ല മദ്യലോബികൾക്കു വേണ്ടിയാണ്.

മദ്യവും മയക്കുമരുന്നും വ്യാപകമാക്കി നാടിനെ രക്ഷിക്കാമെന്നുള്ള പിണറായി സർക്കാരിന്റെ വികസന നയം സാമൂഹ്യ വിരുദ്ധമാണെന്നും ഇതിനെതിരെ സാമാന്യ ബോധമുള്ള ഏവരും ഒന്നിച്ച് അണിനിരക്കുകയും ശക്തമായ പ്രതിഷേധവുമായി രംഗത്ത് വരികയും ചെയ്യണമെന്ന് കേരള മദ്യവിരുദ്ധ ജനകീയ സമരസമിതി സംസ്ഥാന കൺവീനർമാരായ ഷൈല കെ ജോൺ , മിനി.കെ. ഫിലിപ്പ്, എൻ.ആർ. മോഹൻ കുമാർ എന്നിവർ അഭ്യർത്ഥിച്ചു.

നാടിനെ മദ്യത്തിൽ മുക്കിക്കൊല്ലുന്നതിൽ നിന്ന് സർക്കാരിനെ പിൻ തിരിപ്പിക്കാൻ അതിശക്തമായ പ്രക്ഷോഭമാണ് ആവശ്യത. മദ്യവിരുദ്ധ പ്രസ്ഥാനങ്ങളോടൊപ്പം നാട്ടിലെ വനിതാ - യുവജനപ്രസ്ഥാനങ്ങളും മറ്റു സാമൂഹ്യ പ്രസ്ഥാനങ്ങളും യോജിച്ച് അണിനിരക്കണമെന്നും അവർ അഭ്യർത്ഥിച്ചു.