കൊച്ചി: ഓട്ടോറിക്ഷയിൽ ഡ്രൈവറോടൊപ്പം ഡ്രൈവർ സീറ്റിലിരുന്ന് യാത്രചെയ്യുന്നയാൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഗുഡ്സ് ഓട്ടോയിൽ ഡ്രൈവറോടൊപ്പം ഡ്രൈവറുടെ സീറ്റിൽ യാത്ര ചെയ്ത കാസർകോട് സ്വദേശി ബീമയ്ക്ക്

മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടതിനെതിരേ സ്വകാര്യ ഇൻഷുറൻസ് കമ്പനി നൽകിയ ഹർജി അനുവദിച്ച് ജസ്റ്റിസ് എ. ബദറുദീന്റെതാണ് ഉത്തരവ്. ഡ്രൈവറുടെ സീറ്റിൽ ഇരുന്ന് യാത്ര ചെയ്യുന്നയാൾ ഇൻഷുറൻസ് പരിരക്ഷയ്ക്ക് അർഹനല്ലെന്ന് വിലയിരുത്തിയാണ് ട്രിബ്യൂണലിന്റെ ഉത്തരവ് റദ്ദാക്കിയത്. ട്രിബ്യൂണൽ വിധിച്ച നഷ്ടപരിഹാരം നൽകാൻ വാഹനത്തിന്റെ ഉടമയ്ക്ക് ബാധ്യതയുണ്ടെന്നും ഉത്തരവിൽ പറയുന്നു.

ഗുഡ്സ് ഓട്ടോറിക്ഷയിൽ സാധനങ്ങളുമായി പോകുമ്പോൾ ഡ്രൈവർ വാഹനം പെട്ടെന്ന് തിരിച്ചതിനാലുണ്ടായ അപകടത്തിലാണ് ബീമയ്ക്ക് പരിക്കേറ്റത്. തുടർന്ന് ട്രിബ്യൂണൽ ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവായി. ഇതിനെതിരേയായിരുന്നു ഇൻഷുറൻസ് കമ്പനിയുടെ ഹർജി.