- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാടകയിനത്തിൽ നൽകാനുള്ളത് 1.43 ലക്ഷം രൂപ; വനിതാ എസ്‌ഐ വ്യാജ പീഡന പരാതി നൽകിയത് പണം കിട്ടാൻ വീട്ടുടമ പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയതോടെ: വാടക കുടിശ്ശിക ചോദിച്ചതിന് പീഡന കേസിൽ കുടുക്കാൻ നോക്കിയ വനിതാ എസ്‌ഐക്ക് സസ്‌പെൻഷൻ
കോഴിക്കോട്: വാടകക്കുടിശ്ശിക ചോദിച്ചതിന് വീട്ടുടമയുടെ മകളുടെ ഭർത്താവിനെ പീഡനക്കേസിൽ കുടുക്കാൻ ശ്രമിച്ച വനിതാ എസ്‌ഐക്ക് സസ്‌പെൻഷൻ. മെഡിക്കൽ കോളജ് അസി.കമ്മിഷണർ ഓഫിസിലെ ഗ്രേഡ് എസ്‌ഐ ആയ കെ. സുഗുണവല്ലിയെ ആണ് കമ്മിഷണർ എ.വി.ജോർജ് സസ്‌പെൻഡ് ചെയ്തത്. പരാതി വ്യാജമാണെന്നു ഫറോക്ക് അസി.കമ്മിഷണർ എ.എം.സിദ്ദീഖ് നൽകിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
വാടകയിനത്തിൽ 1.43 ലക്ഷം രൂപയും വൈദ്യുതി ബിൽ ഇനത്തിൽ 4000 രൂപയും ഇവർ വീട്ടുടമയ്ക്ക് നൽകാനുണ്ടായിരുന്നു. ഇത് നൽകാതിരിക്കാനാണ് ഇവർ വീട്ടുകാർക്കെതിരെ വ്യാജ പീഡന പരാതി നൽകിയത്. തിരുവണ്ണൂർ കുറ്റിയിൽപടി നിവാസികളായ വയോധിക ദമ്പതികളുടെ വീട്ടിലാണ് എസ്‌ഐ ഒരു വർഷത്തിലേറെയായി വാടകയ്ക്കു താമസിച്ചിരുന്നത്. വാടകക്കരാർ പുതുക്കിയെങ്കിലും എസ്‌ഐ പണം നൽകാതായതോടെ വീട്ടുടമസ്ഥർ പന്നിയങ്കര പൊലീസിലും കമ്മിഷണർക്കും പരാതി നൽകി. പരാതിയെക്കുറിച്ച് അന്വേഷിക്കാൻ സ്റ്റേഷനിൽ നിന്ന് വിളിച്ചെങ്കിലും എസ്‌ഐ ഹാജരായില്ല.
വീട്ടുടമ പരാതി നൽകി നാലു ദിവസത്തിനു ശേഷം വീട്ടുടമയുടെ ദുബായിലുള്ള മകളുടെ ഭർത്താവിനെതിരെ എസ്‌ഐയും പീഡന പരാതി നൽകുകയായിരുന്നു. കൈയ്ക്കു കയറിപ്പിടിച്ചെന്നും വിവാഹമോതിരം ബലമായി ഊരിയെടുത്തെന്നുമായിരുന്നു പരാതി. മകളുടെ ഭർത്താവ് അവധിക്ക് നാട്ടിലെത്തിയ തീയതി വച്ചാണു ആരോപണം ഉന്നയിച്ചത്. വിവാഹമോതിരത്തിന്റെ വിലയായ 30,000 രൂപയും വീടിന്റെ സെക്യൂരിറ്റി തുകയായ 70,000 രൂപയും തിരികെ നൽകണമെന്ന ആവശ്യവും പരാതിയിലുണ്ടായിരുന്നു.
എസ്‌ഐയുടേത് വ്യാജപരാതിയാണെന്ന് വീട്ടുടമ കമ്മിഷണർക്കു പരാതി നൽകിയതോടെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു. പീഡനപരാതിയിൽ പന്നിയങ്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നെങ്കിലും അന്വേഷണവുമായി എസ്‌ഐ സഹകരിച്ചിരുന്നില്ലെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. വകുപ്പുതല അന്വേഷണം ആരംഭിച്ചപ്പോൾ പീഡനപരാതി നൽകിയിട്ടില്ലെന്നായിരുന്നു എസ്‌ഐയുടെ നിലപാട്. മൊഴി പൊലീസ് തെറ്റായി രേഖപ്പെടുത്തിയെന്നാണ് ഇവർ അന്വേഷണ ഉദ്യോഗസ്ഥനോട് പറഞ്ഞത്.