വിശക്കുന്നവന് അന്നം നൽകുന്നതിനേക്കാൾ വലിയ പുണ്യം ഇല്ല. വിശക്കുന്നവനെ അന്നമൂട്ടിയ ഒരുപാട് പേരെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. ഇത്തരത്തിൽ വിശപ്പു മൂലം മാലിന്യ കൂമ്പാരത്തിൽ കയ്യിട്ട ഒരാൾക്ക് വിശപ്പകറ്റാൻ പണം നൽകിയ ഒരു തെരുവു ഗായികയുടെ വീഡിയോ വൈറലാവുകയണ്. യു.കെ. സ്വദേശിയായ ലിവ് ഹാർലാൻഡ് എന്ന ഗായികയുടേതാണ് വീഡിയോ.

ലിവ് തെരുവിൽ പാട്ടുപാടുന്നതിനിടെയാണ് അവിടെ സൂക്ഷിച്ചിരുന്ന മാലിന്യക്കുട്ടയിൽ നിന്ന് ചിക്കൻ നഗ്ഗറ്റ്സ് പെറുക്കികഴിക്കാൻ നോക്കുന്ന ആളെ ലിവിന്റെ കണ്ണിലുടക്കിയത്. അപ്പോൾതന്നെ പാട്ടു നിർത്തി തന്റെ പണപ്പെട്ടിയിൽ നിന്ന് പണമെടുത്ത് ഗായിക അയാൾക്കു കൈമാറുകയും ഭക്ഷണം മേടിച്ച് കഴിക്കാൻ നിർദേശിക്കുകയും ചെയ്തു.

 
 
 
View this post on Instagram

A post shared by Liv Harland (@livharlandmusic)

പണം നൽകിയ ശേഷം ഒന്നും സംഭവിക്കാത്ത മട്ടിൽ ആലാപം തുടരുകയാണ് ലിവ്. ഉടൻ തന്നെ ഇവരുടെ പണപ്പെട്ടിയിലേക്ക് മറ്റൊരാൾ പണം ഇടുന്നതാണ് അടുത്ത ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നത്. കൊടുത്തതിന്റെ ഇരട്ടി തനിക്ക് കിട്ടിയെന്ന് വീഡിയോയിൽ ഗായിക പറയുന്നു.

തെരുവിൽ പാട്ടുപാടുന്നതിന്റെ വീഡിയോ എടുക്കുന്നതിനിടെയാണ് ലക്ഷക്കണക്കിന് ആളുകളുടെ മനംകവർന്ന ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞത്. 'കർമ്മമാണ് ഏറ്റവും വലിയ കാര്യം. എപ്പോഴും ദയയുള്ളവരായിരിക്കുക അത് തിരികെ വരും' എന്ന ക്യാപ്ഷനോടെ ലിവ് തന്നെയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ഒരുലക്ഷത്തിൽ അധികം പേരാണ് വീഡിയോ ഇതുവരെ കണ്ടത്. 13,015 പേര് വീഡിയോ ലൈക്ക് ചെയ്തു.