ഷ്യയുടെ ആണവശേഷിയുള്ള ഇസ്‌കാൻഡർ മിസൈൽ സിസ്റ്റം ബെലാറസിന്റെ തെക്ക് പടിഞ്ഞാറ് അതിർത്തികളിൽ വിന്യസിക്കണമെന്ന് ബെലാറസ് പ്രസിഡണ്ട് അലക്സാണ്ടർ ലുക്കാഷെൻകോവ് ആവശ്യപ്പെട്ടു. ഒരു റഷ്യൻ പ്രതിരോധ മാസികയിൽ ഇന്നലെ പ്രസിദ്ദീകരിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഈ ആവശ്യമുന്നയിച്ചിരിക്കുന്നത്. അതിർത്തികളിലൂടെ നുഴഞ്ഞുകയറ്റത്തിന് അവസരമൊരുക്കി അനധികൃത കുടിയേറ്റക്കാരെ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് കടത്തിവിടാൻ ശ്രമിക്കുന്നു എന്ന് യൂറോപ്യൻ യൂണിയൻ ആരോപിക്കുന്ന ബെലാറസ് റഷ്യയുടേ ഏറ്റവും അടുത്ത സഖ്യകക്ഷികളിൽ ഒന്നാണ്.

അതേസമയം, കൂടുതൽ ഉപരോധങ്ങളുമായി യൂറോപ്യൻ യൂണിയൻ വന്നാൽ, റഷ്യയിൽ നിന്നും ബെലാറസ് വഴിയുള്ള പൈപ്പുകളിലൂടെയുള്ള വാതക വിതരണം തടസ്സപ്പെടുത്തുമെന്ന ലുക്കാഷെൻകോവിന്റെ പ്രസ്താവനയിൽ പുടിൻ അതൃപ്തി രേഖപ്പെടുത്തി. അതേസമയം ബെലാറസ്-പോളണ്ട് അതിർത്തിയിലെ സംഘർഷത്തിന്റെ പേരിൽ ബെലാറസിനെതിരെ പുതിയ ഉപരോധത്തിനു ഒരുങ്ങുകയാണ് യൂറോപ്യൻ യൂണിയൻ. ബെലാറസിനെ ആയുധമണിയിച്ച് സഹായിക്കുന്നു എന്ന് റഷ്യയെ കുറ്റപ്പെടുത്തിയ യൂണിയൻ, സംഘർഷാവസ്ഥ മുതലെടുത്ത് റഷ്യ ഉക്രെയിൻ ആക്രമിക്കാൻ ഒരുങ്ങുകയാണെന്നും ആരോപിച്ചു.

വാതകവിതരണം തടസ്സപ്പെടുത്തുന്നതിനെതിരെ പുടിൻ

റഷ്യയും ബെലാറസും തമ്മിൽ വളരെ നല്ല ബന്ധത്തിലാണെങ്കിലും അതിൽ മുതലെടുക്കാൻ ബെലാറസിനെ അനുവദിക്കില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു പുടിന്റെ പ്രതികരണം. തെക്കും പടിഞ്ഞാറും അതിർത്തികളിൽ ആണവശേഷിയുള്ള റഷ്യൻ മിസൈലുകൾ വിന്യസിക്കണമെന്ന ബെലാറസ് പ്രസിഡണ്ടിന്റെ ആവശ്യത്തോട് പുടിൻ പ്രതികരിച്ചില്ലെന്ന് മാത്രമല്ല, ബെലാറസിലൂടെ കടന്നുപോകുന്ന പൈപ്പ് ലൈനുകളിൽ തടസ്സം സൃഷ്ടിച്ച് റഷ്യയിൽ നിന്നും പശ്ചിമ യൂറോപ്പിലേക്കുള്ള വാതക വിതരണം മുടക്കുമെന്ന ഭീഷണിക്കെതിരെ രൂക്ഷമായി പ്രതികരിക്കുകയും ചെയ്തു.

റഷ്യൻ ടി വി ചാനൽ റോസ്സിയ 1 ലെ പരിപാടിയിൽ അവതാരകൻ ബെലാറസ് പ്രസിഡണ്ടിന്റെ ഭീഷണി ചൂണ്ടിക്കാട്ടിയപ്പോൾ അമർഷത്തോടെയാണ് പുടിൻ പ്രതികരിച്ചത്. ബെലാറസിന് അങ്ങനെ ചെയ്യാൻ കഴിയും പക്ഷെ അത് നല്ലതിനാവില്ല എന്നായിരുന്നു പുട്ടിൻ പറഞ്ഞത്. എന്നാൽ, അത്തരത്തിലൊരു പദ്ധതി ലെക്കാഷെൻകോ തന്നോട് ചർച്ച ചെയ്തിട്ടില്ലെന്നും പുടിൻ പറഞ്ഞു. ബെലാറസിന്റെ പ്രസിഡണ്ട് എന്ന നിലയിൽ ആ രാജ്യത്തിലൂടെ കടന്നുപോകുന്ന പൈപ്പ്ലൈൻ മുറിച്ചുമാറ്റാൻ ലെക്കാഷെൻകോവിന് അധികാരമുണ്ടെന്ന് പറഞ്ഞ പുടിൻ പക്ഷെ അത് വാതക വിതരണ കരാറിന് എതിരാണെന്നും ചൂണ്ടിക്കാട്ടി. അങ്ങനെയൊന്ന് സംഭവിക്കില്ലെന്നും പുടിൻ ഉറപ്പുപറയുന്നു.

പോളണ്ട് - ബെലാറസ് അതിർത്തിയിൽ സംഘർഷം രൂക്ഷമാകുന്നു

അതേസമയം ഇന്നലെ രാത്രി പോളണ്ട് - ബെലാറസ് അതിർത്തിയിലെ സംഘർഷം നാടകീയമായി വീണ്ടും രൂക്ഷമായി. അതിർത്തിവേലികൾ മുറിച്ചുമാറ്റിയ ബെലാറാസ് സൈന്യം അത് വീണ്ടും കെട്ടി ഉയർത്തുന്നതിൽ നിന്നും പോളണ്ടിനെ തടയുകയും ചെയ്തു. ലേസർ രശ്മികൾ ഉപയോഗിച്ച് കണ്ണ് മഞ്ഞളീപ്പീച്ച് ഒന്നും കാണാനാകാത്ത അവസ്ഥ വരുത്തിയായിരുന്നു ബെലാറസ് സൈന്യം പോളീഷ് പട്ടാളത്തെ തടഞ്ഞത്. ഇതിന്റെ വീഡിയോ ദൃശ്യം ഇന്നലെ തന്നെ പോളീഷ് സൈന്യം പുറത്തുവിട്ടിട്ടുണ്ട്.

ഈ സംഭവം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് 120 മൈൽ നീളത്തിലുള്ള അതിർത്തി വേലിയുടെ ചില ഭാഗങ്ങൾ ബെലാറസ് സേന പൊളിച്ചുമാറ്റിയത്. പിന്നീട് കണ്ണീർ വാതകപ്രയോഗത്തിലൂടെ അഭയാർത്ഥികളെ പോളണ്ട് അതിർത്തിക്കുള്ളിലേക്ക് തുരത്തി ഓടിക്കുകയായിരുന്നു. കഴിഞ്ഞ ആഴ്‌ച്ചകളിൽ നൂറുകണക്കിന് അനധികൃത കുടിയേറ്റക്കാർ നുഴഞ്ഞുകയറിയ സെർമെക്ക് പട്ടണത്തിനടുത്തുള്ള അതിർത്തിയിലായിരുന്നു ഇത് നടന്നത്.

യൂറോപ്യൻ യൂണീയനിൽ അരാജകത്വം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെ ബെലാറസ് ഏകധിപതി നടത്തുന്ന ശ്രമമാണ് കുടിയേറ്റക്കാരെ യൂറോപ്പിലേക്ക് കടത്തിവിടുക എന്നത് എന്ന ആരോപണത്തിന് മറ്റൊരു തെളിവുകൂടിയാണ് ബെലാറസ് സൈന്യത്തിന്റെ സഹായത്തോടെയുള്ള ഈ കുടിയേറ്റം. ഇതോടെ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമായിരിക്കുകയാണ്. കിഴക്കൻ യൂറോപ്പിൽ ആകമാനം തന്നെ ഒരു യുദ്ധകാല പ്രതീതിയാണ് നിലനിൽക്കുന്നതെന്ന് നിരീക്ഷകർ പറയുന്നു.

പ്രകോപനം സൃഷ്ടിച്ച് റഷ്യ; തിരിച്ചടിച്ച് ബ്രിട്ടൻ

കുഴക്കൻ യൂറോപ്പിലെ സംഘർഷാവസ്ഥ കൂടുതൽ വ്യാപിപ്പിക്കുവാനാണ് റഷ്യയുടെ ശ്രമമെന്ന് ചില നിരീക്ഷകർ വിലയിരുത്തുന്നു. ഇതിന്റെ ഭാഗമായിട്ടായിരുന്നു ആണവശേഷിയുള്ള രണ്ട് റഷ്യൻ ടു-160 വൈറ്റ് സ്വാൻ ബോംബർ ജറ്റുകൾ ബ്രിട്ടീഷ് താത്പര്യം നിലനിൽക്കുന്ന അതിർത്തിയിലേക്ക് അതിക്രമിച്ച് കയറിയത്. ഡച്ച് വ്യോമാതിർത്തിക്കരികിൽ വരെ റഷ്യൻ വിമാനങ്ങൾ എത്തി എന്നാണ് റിപ്പോർട്ടുകൾപറയുന്നത്.

എന്നാൽ, ബ്രിട്ടന്റെ റോയൽ എയർഫോഴ്സ് അതിധീരമായി റഷ്യൻ വിമാനങ്ങളെ തടഞ്ഞു. വടക്കൻ കടലിനു മുകളിലെ ആകാശത്തിലായിരുന്നു യുദ്ധസമാനമായ ഈ രംഗങ്ങൾ അരങ്ങേറിയത്. ഇതിന്റെ വീഡിയോ രംഗങ്ങളും പുറത്തുവന്നിട്ടുണ്ട്. റഷ്യൻ വിമാനങ്ങളിലൊന്നിന്റെ കോക്ക്പിറ്റിലെ ക്യാമറയിൽ പതിഞ്ഞ രംഗങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. റഷ്യൻ വിമാനങ്ങൾ അന്തരീക്ഷത്തിൽ വെച്ചു തന്നെ ഇന്ധനം നിറയ്ക്കുന്നത് കാണാം. പിന്നീട് കാണുന്നത് ബ്രിട്ടന്റെ ടൈഫൂൺ ഫൈറ്റർ ജെറ്റുകൾ റഷ്യൻ വിമാനങ്ങൾക്ക് സമീപത്തേക്ക് വരുന്നതാണ്.

പാഞ്ഞെത്തിയ ബ്രിട്ടീഷ് ഫൈറ്റർ വിമാനങ്ങൾ റഷ്യൻ വിമാനങ്ങളെ തിരികെ പറഞ്ഞുവിടുകയായിരുന്നു. എന്നാൽ, അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചുകൊണ്ടാണ് തങ്ങളുടെ വിമാനങ്ങൾ പറന്നതെന്നാണ് റഷ്യൻ സൈനിക വക്താവ് അവകാശപ്പെട്ടത്. വടക്കൻ കടലിലെ, ഒരു രാജ്യത്തിനും സ്വന്തമല്ലാത്ത സമുദ്രാതിർത്തിക്ക് മുകളിലായിരുന്നു വിമാനങ്ങൾ പറന്നതെന്നും വക്താവ് അറിയിച്ചു.

കരിങ്കടലിൽ സാന്നിദ്ധ്യമറിയിച്ച് അമേരിക്കയും

കിഴക്കൻ യൂറോപ്പിലെ സംഘർഷം ഏതു നിമിഷവും യുദ്ധമായി മാറിയേക്കാം എന്ന ആശങ്കയുണർത്തി കരിങ്കടലിൽ അമേരിക്കൻ നാവിക സേനയുടെ സാന്നിദ്ധ്യവും. അമേരിക്കൻ നാവിക കപ്പലുകളും നാറ്റോ സഖ്യത്തിന്റെ കപ്പലുകളും കരിങ്കടലിൽ നടത്തിയ പരിശീലനം റഷ്യയ്ക്ക് നേരെയുള്ള വെല്ലുവിളിയാണെന്ന് കഴിഞ്ഞ ദിവസം പുടിൻ പറഞ്ഞിരുന്നു. മാത്രമല്ല, അമേരിക്കൻ കപ്പൽ റഷ്യയുടെ അതിർത്തിയോട് കൂടുതൽ അടുത്തുവരുന്നതിനെതിരെയുള്ള പ്രതിഷേധവും പുടിൻ അറിയിച്ചിരുന്നു.