കണ്ണൂർ: കണ്ണൂർ ജില്ലയിലെ ബിജെപി നേതാക്കൾ സ്വന്തം പാർട്ടിക്കാരനായ വിരാജ് പേട്ട എംഎ‍ൽഎയും കുടക് ജില്ലാ അധികൃതരെയും നേരിട്ടു കണ്ടു പറഞ്ഞിട്ടും മാക്കൂട്ടം ചുരം പാതയിലൂടെ ഗതാഗത നിയന്ത്രണം പിൻവലിച്ചില്ല.മാക്കൂട്ടം ചുരം വഴി കർണ്ണാടക ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണം നീട്ടിയ തീരുമാനം വീണ്ടും മലയാളി യാത്രക്കാർക്ക് തിരിച്ചടിയായി.

ഈ മാസം 24 വരെയാണ് ഗതാഗത നിയന്ത്രണം നീട്ടാൻ കുടക് ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിൽ തീരുമാനമായത്. കേരളത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ മാറ്റം വരാത്തതിനാലാണ് നിയന്ത്രണം നീട്ടിയതെന്നാണ് കുടക് ജില്ലാ കലക്ടർ നൽകുന്ന വിശദീകരണം.എന്നാൽ മംഗലാപുരം തലപ്പാടി, പാണത്തൂർ ചെമ്പേരി,സുള്ള്യ അതിർത്തികൾ വഴി കർണാടകയിലേക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണങ്ങളില്ല.

പുതിയ തീരുമാനത്തിലൂടെ മാക്കൂട്ടം ചുരം പാത വഴിയുള്ള യാത്രാനിയന്ത്രണ കാലാവധി നാലു മാസം പിന്നിട്ടിരിക്കുകയാണ്. രണ്ടുഡോസ് വാക്‌സിൻ എടുത്തവർക്ക് നിയന്ത്രണങ്ങൾ ഇല്ലാതെ സഞ്ചരിക്കാമെന്ന കേന്ദ്രസർക്കാർ ഇറക്കിയ ഉത്തരവ് നിലനിൽക്കെയാണ് കേളത്തിൽ നിന്ന് കുടക് ജില്ലയിൽ എത്തുന്നവർക്കുള്ള നിയന്ത്രണം അതേപടി തുടരാനുള്ള തീരുമാനമെടുത്തത്. കേരളത്തിൽ ടി.പി.ആർ. നിരക്ക് കുറഞ്ഞുവരികയും സ്‌കൂളുകളും കോളേജുകളും തുറക്കുകയും മറ്റ് നിയന്ത്രണങ്ങൾ എല്ലാം നീങ്ങുകയും ചെയ്തിട്ടുണ്ട്.മാക്കൂട്ടം ചുരം പാത വഴി കർണാടകയിലേക്ക് പ്രവേശിക്കുന്നതിന് വ്യക്തികൾക്ക് 72 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ. ടെസ്റ്റ് നിർബന്ധമാണ്. ചരക്കുവാഹനങ്ങളിലെ തൊഴിലാളികൾക്ക് ഏഴ് ദിവസത്തിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ. ടെസ്റ്റ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.

കുടകിൽനിന്ന് കേരളത്തിലേക്കും കേരളത്തിൽനിന്ന് കുടക് വഴി കർണാടകയിലെ മറ്റ് പ്രദേശങ്ങളിലേക്കുമുള്ള ബസ് സർവീസ് ഇല്ലാത്തത് സ്ഥിരംയാത്രക്കാരെയാണ് കഷ്ടത്തിലാക്കുന്നത്. കർണാടകത്തിൽ വിദ്യാഭ്യാസസ്ഥാപനങ്ങളെല്ലാം പ്രവർത്തിക്കാൻ തുടങ്ങിയതോടെ കേരളത്തിൽനിന്നും ചുരം പാത വഴി കർണാടകയിലേക്ക് പോകുന്ന വിദ്യാർത്ഥികൾ അനുഭവിക്കുന്ന പ്രയാസങ്ങൾ ചില്ലറയല്ല.

വ്യാപാരികളും തോട്ടം തൊഴിലാളികളും വൻ പ്രതിസന്ധിയാണ് നേരിടുന്നത്. കേരളത്തിൽ ടി.പി.ആർ. നിരക്ക് നോക്കിയുള്ള നിയന്ത്രണമാണ് കുടക് ഭരണകൂടം തുടരുന്നത്. കുടകിൽ ടി.പി.ആർ. നിരക്ക് ഒരു ശതമാനത്തിൽ താഴെയാണ്. കേരളത്തിലെ ടി.പി.ആർ. നിരക്ക് അഞ്ചിൽ താഴെ എത്തിയാൽ മാത്രമേ നിയന്ത്രണങ്ങളിൽ ഇളവ് പരിഗണിക്കേണ്ടൂവെന്ന മുൻ നിലപാടിൽ തന്നെയാണ് കുടക് ജില്ലാ ഭരണകൂടം.