കവൻട്രി : മികച്ച സർവീസ് എന്ന് മലയാളികൾ കരുതിയിരുന്ന എമിരേറ്റ്‌സ് അടക്കമുള്ള വിദേശ വിമാനക്കമ്പനികൾ സർവീസുകൾ റദ്ദാക്കുന്നത് പതിവായി മാറിയിരിക്കുന്നു. കഴിഞ്ഞ ഏതാനും മാസമായി എത്തിഹാദ് നടത്തിയിരുന്ന ഈ കലാപരിപാടി മൂലം ഏതാനും നാളത്തേക്ക് ഇവരുടെ ടിക്കറ്റുകൾ വിൽക്കാൻ ഏജൻസികളും മറ്റും മടി കാട്ടിയിരുന്നു. തുടർന്ന് സർവീസുകൾ ഏതാനും ആഴ്ചകൾ മുടക്കമില്ലാതെ നടത്തിയെങ്കിലും ഇപ്പോൾ ക്രിസ്മസ് അവധിക്കായി നാട്ടിലേക്കു ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്ന നിരവധി യുകെ മലയാളികൾക്ക് വിമാനങ്ങൾ ക്യാൻസൽ ചെയ്തതായുള്ള ഇമെയിൽ സന്ദേശങ്ങളാണ് എത്തികൊണ്ടിരിക്കുന്നത്. മിക്കവാറും പേർക്ക് കണക്ഷൻ വിമാനങ്ങൾ റദ്ദാക്കിയ അറിയിപ്പാണ് ലഭിക്കുന്നത്. പകരം 20 മണിക്കൂറിലേറെ കാത്തിരിപ്പു വേണ്ടി വരുന്ന വിമാനങ്ങളാണ് കമ്പനികൾ ഏർപ്പാട് ചെയ്യുന്നത് .

എമിറേറ്റ്‌സിൽ ടിക്കറ്റ് എടുത്തവർക്കു പകരം ഫ്‌ളൈ ദുബായ് വിമാനങ്ങളിലാണ് കൊച്ചിയിലേക്കുള്ള യാത്ര. ഈ വിമാനങ്ങൾ കുറഞ്ഞ ചെലവിൽ പറക്കുന്നതിനാൽ സേവനവും എമിറെറ്റസിന്റെ നിലവാരം ഉള്ളതായിരിക്കുകയില്ല. ഫ്‌ളൈ ദുബൈയുടെ തുടക്കത്തിൽ എമിരേറ്റ്‌സ് അവയുമായി സഹകരിച്ചിരുന്നെങ്കിലും ഇപ്പോൾ ഫ്‌ളൈ ദുബായ് എമിറേറ്റ്‌സുമായി നേരിട്ട് ബന്ധമുള്ള സ്ഥാപനവുമല്ല. അതിനാൽ തന്നെ കുറഞ്ഞ ചെലവിൽ സർവീസ് നടത്തുന്ന ചെറുകിട വിമാനക്കമ്പനിക്കു യാത്രക്കാരെ മറിച്ചു നൽകി കൂടുതൽ ലാഭമെടുക്കുക എന്ന തന്ത്രമാണോ എമിരേറ്റ്‌സ് അടക്കമുള്ള വൻകിട കമ്പനികൾ ചെയ്യുന്നതെന്നും സംശയമുയരുകയാണ്. മികച്ച സേവനം എന്ന മുഖമുദ്രയോടെ സർവീസ് നടത്തിയിരുന്ന എമിരേറ്റ്‌സ് പോലും ഇത്തരം തീരുമാനം എടുത്തതോടെ അനിശ്ചിതത്വത്തിൽ ആകാതെ എങ്ങനെ യാത്ര ചെയ്യും എന്ന അങ്കലാപ്പിലാണ് യുകെ മലയാളികൾ .

ഏക പരിഹാരം എയർ ഇന്ത്യ ഡയറക്റ്റ് സർവീസ്, പക്ഷെ കൈപൊള്ളും

മറ്റൊരു രാജ്യത്തു ചെന്ന് മാറിക്കയറിയുള്ള യാത്രകൾ അനിശ്ചിതത്വം നിറയുമ്പോൾ ഏക പരിഹാരമാണ് എയർ ഇന്ത്യയുടെ നേരിട്ടുള്ള സർവീസായ ലണ്ടൻ - കൊച്ചി വിമാന. പക്ഷെ എയർ ഇന്ത്യ എന്ന് കേൾക്കുമ്പോൾ നെറ്റി ചുളിച്ചിരുന്നവർ പോലും ഇപ്പോൾ എയർ ഇന്ത്യയിൽ യാത്ര ചെയ്യാൻ ധനികർക്കേ പറ്റൂ എന്ന അവസ്ഥയാണ് നേരിട്ടനുഭവിക്കുന്നത്. കാരണം ബിർമിങ്ഹാം എയർപോർട്ടിൽ നിന്നും 450 പൗണ്ടിന് കഴിഞ്ഞ മാസം ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരൻ ആ ടിക്കറ്റ് ക്യാൻസൽ ചെയ്തു എയർ ഇന്ത്യയിൽ പറക്കാൻ ശ്രമിച്ചപ്പോൾ ടിക്കറ്റ് നിരക്ക് ആയിരം പൗണ്ടിന് മുകളിൽ. മുൻപ് താരതമ്യം ചെയ്തു വിലപേശി എയർ ഇന്ത്യയിൽ ടിക്കറ്റ് ബ്ലോക്ക് ചെയ്തിരുന്നവർ പോലും നേരിട്ടുള്ള വിമാനം വന്നപ്പോൾ പറയുന്ന പണം നൽകി ഈ വിമാനത്തിൽ ടിക്കറ്റ് ലഭിക്കാനായി കാത്തുനിൽപ്പാണ്. ഈ വിമാനത്തിലെ മുഴുവൻ ബിസിനസ് ക്ളാസ് ടിക്കറ്റുകളൂം ആഴ്ചയിലെ മൂന്നു സർവീസിലും ഫുൾ ആണെന്നാണ് ടിക്കറ്റ് ഏജൻസികൾ പങ്കുവയ്ക്കുന്ന വിവര. കഴിഞ്ഞ ദിവസങ്ങളിൽ എയർ ഇന്ത്യയിൽ 1200 പൗണ്ട് നൽകി എക്കണോമി ടിക്കറ്റുകൾ എടുത്തവർ ഏറെയാണ്. വിമാനം റദ്ദാക്കപ്പെടില്ല എന്ന ഒരൊറ്റ ഉറപ്പിൽ എയർ ഇന്ത്യയിലേക്കു ഇനിയുള്ള ആഴ്ചകളിൽ യാത്രക്കാരുടെ തള്ളൽ വർധിക്കും എന്നാണ് അനുമാനം .

കോവിഡ് ബബിൾ യാത്രയാണ് കാരണമെന്നു ഏവിയേഷൻ വൃത്തങ്ങൾ

എന്താണ് മികച്ച സേവനം നൽകിയിരുന്ന വിദേശ വിമാനങ്ങൾ പോലും യാത്രക്കാരെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത് ? മികച്ച സേവനം നൽകി യാത്രക്കാരെ ആകർഷിച്ചിരുന്ന കാലത്തിൽ നിന്നും വ്യത്യസ്തമായി യാതൊരു സേവനവും നല്കാൻ ബാധ്യതയിലെന്ന മട്ടിലാണ് കോവിഡിന് ഒപ്പമുള്ള വിമാന യാത്രകളെ എയർലൈനുകൾ കൈകാര്യം ചെയ്യുന്നത് എന്നാണ് പൊതുവെയുള്ള നിരീക്ഷണം. അതേസമയം വിമാനക്കമ്പനികൾ ഇപ്പോഴും വ്യാവസായിക അടിസ്ഥാനത്തിൽ ഉള്ള സർവീസുകൾ ആരംഭിച്ചിട്ടില്ലെന്നും ഇപ്പോഴും രാജ്യാന്തര യാത്രകൾ കോവിഡ് ബബിൾ മാനദണ്ഡം അനുസരിച്ചാണ് നടത്തുന്നത് എന്നുമാണ് വിശദീകരണം. ഇക്കാരണത്താൽ സാധാരണ നിലയിൽ കമ്പനികൾ നൽകുന്ന നഷ്ടപരിഹാരമോ യാത്രാക്ലേശം ഉണ്ടാകുമ്പോൾ ഏർപ്പെടുത്തുന്ന പകരം സംവിധാനങ്ങളോ ഒന്നും കോവിഡ് കാലത്തെ യാത്രകളിൽ പ്രതീക്ഷിക്കണ്ട എന്നാണ് വിമാനക്കമ്പനികളുടെ പൊതു നിലപാട്.

യുകെയിൽ നിന്നും ദുബായിൽ എത്തി കണക്ഷൻ വിമാനം റദ്ദാക്കപ്പെടുപ്പോൾ ഹോട്ടൽ സൗകര്യം തേടി വിമാനത്താവളത്തിന് പുറത്തു കടന്നാൽ തിരികെ യാത്രക്കായി എത്തുമ്പോൾ കോവിഡ് ടെസ്റ്റ് നടത്തണമെന്നും അതിനുള്ള പണം സ്വന്തം നിലയിൽ നൽകണം എന്നും വരെ അറിയിച്ചിരിക്കുകയാണ് എമിറേറ്റ്‌സ് വിമാനക്കമ്പനി അധികൃതർ. ഇതോടെ അടുത്ത മാസത്തെ യാത്രകൾക്കായി ടികെറ്റ് ബുക്ക് ചെയ്തിരിക്കുന്ന യുകെ മലയാളികൾ വിഷമാവസ്ഥയിൽ ആയിരിക്കുകയാണ്. തികച്ചും അനിശ്ചിതാവസ്ഥയിൽ മാത്രമേ യാത്ര ചെയ്യാനാകൂ എന്നതാണ് നിലവിലെ സാഹചര്യം. യാത്രക്കിടയിൽ ബാഗേജ് നഷ്ടപ്പെടുന്നവരോടും കമ്പനികൾ തികച്ചും നിരുത്തരവാദപരമായ നിലപാടാണ് എടുക്കുന്നതെന്നും പരാതികളുണ്ട.ഇക്കാരണത്താൽ എയർ ബബിൾ സിസ്റ്റം അവസാനിപ്പിക്കണം എന്ന ആവശ്യവും മിക്ക രാജ്യങ്ങളിലും ഉയർന്നു തുടങ്ങിയിട്ടുണ്ട് .

പഴയ നിരക്കുകൾ തിരിച്ചു വന്നേക്കില്ല

ഇക്കഴിഞ്ഞ ആഗസ്തിൽ ഉയർന്നു തുടങ്ങിയ ടിക്കറ്റ് നിരക്കുകൾക്കു യുകെയിലേക്കുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ വരവാണ് കാരണം എന്ന് പറഞ്ഞിരുന്നെങ്കിലും എല്ലാ യൂണിവേഴ്‌സിറ്റികളിലും അഡ്‌മിഷൻ പൂർത്തിയായിട്ടും നിരക്കിലും തിരക്കിലും ഒരു കുറവും സംഭവിക്കുന്നില്ല . കോവിഡ് സാഹചര്യം മൂലം നാട്ടിലേക്കുള്ള യാത്രകൾ മാറ്റി വച്ചിരുന്നവർ ഇനിയും കാത്തിരിക്കുന്നതിൽ കാര്യമില്ല എന്ന തിരിച്ചറിവിൽ യാത്രക്ക് തയ്യാറാകുന്നതാണ് ഇപ്പോഴും തുടരുന്ന തിരക്കിന്റെ കാരണമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതോടൊപ്പം ക്രിസ്മസ് അവധിക്കാല യാത്രയും കൂടിയായപ്പോൾ തിരക്കും അനിയന്ത്രിതമാകുകയാണ്. എന്നാൽ ജനുവരിയിൽ വീണ്ടും യൂണിവേഴ്സിറ്റി അഡ്‌മിഷൻ നടക്കുന്നതിനാൽ ക്രിസ്മസ് കാലം കഴിഞ്ഞാലും വിമാനടിക്കറ്റിൽ ഇളവുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നതിൽ കാര്യമില്ല .

ഒരുപക്ഷെ ഇനിയൊരിക്കലും പഴയ നിരക്കുകളിൽ നാട്ടിലേക്കു യാത്ര ചെയ്യാനും കഴിഞ്ഞെന്നു വന്നേക്കില്ല. കോവിഡാനന്തര കാലത്തെ വിമാനയാത്രകൾ അത്രയധികം മാറ്റത്തിനു വിധേയമായിക്കഴിഞ്ഞു. കോവാക്‌സിൻ കൂടി യുകെ അംഗീകാരം നൽകിയ നിലയ്ക്ക് ആയിരക്കണക്കിന് ഇന്ത്യൻ യാത്രക്കാർക്ക് കൂടി യുകെയിലേക്കുള്ള വാതിൽ തുറന്നു കിട്ടുകയാണ്. ഇതും വിമാനത്തിലെ തിരക്കിന് വരും ദിവസങ്ങളിൽ മറ്റൊരു കാരണമായി മാറും മാത്രമല്ല, ലോകമെങ്ങും വാക്‌സിൻ എടുക്കുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നതിനാൽ വിമാനയാത്രികരുടെ എണ്ണത്തിലും വരും നാളുകളിൽ വർധന ഉണ്ടാകും. ഹോട്ടൽ ക്വാറന്റിന് ഇളവുകൾ മിക്ക രാജ്യങ്ങളും പ്രഖ്യാപിക്കുന്നതും വിമാനയാത്രയ്ക്ക് കൂടുതൽ പേരെ ആകർഷിക്കുന്ന ഘടകമായി മാറുകയാണ് .