ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സൽമാൻ ഖുർഷിദിന്റെ വീടിന് നേരെ ആക്രമണമെന്ന് പരാതി. നൈനിറ്റാളിലെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. തീയിട്ടതിന്റെ ദൃശ്യങ്ങൾ ദൃശ്യങ്ങൾ ഫേസ്‌ബുക്കിലൂടെയും ട്വിറ്ററിലൂടെയും അദ്ദേഹം തന്നെ പങ്കുവച്ചു.


ജനലുകളും വീടുകളും കത്തിക്കരിഞ്ഞ നിലയിലായത് അദ്ദേഹം പങ്കുവെച്ച ദൃശ്യങ്ങളിലും വീഡിയോകളിലും കാണാം. പൊലീസ് കേസെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

 

ഖുർഷിദിന്റെ 'സൺറൈസ് ഓവർ അയോധ്യ' എന്ന പുസ്തകവുമായി ബന്ധപ്പെട്ട വിവാദത്തിനിടെയാണ് സംഭവം. ഹിന്ദുത്വത്തെ ഐഎസ് ഭീകരസംഘടനയോട് താരതമ്യപ്പെടുത്തിയ പുസ്തകത്തിനെതിരെ സംഘപരിവാർ സംഘടനകൾ പ്രതിഷേധമുയർത്തിയിരുന്നു. രാഹുൽ ഗാന്ധി അടക്കമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ പങ്കെടുത്തിരുന്നു.

പുസ്തകം നിരോധിക്കണം എന്നാവശ്യപ്പെട്ട് തെലുങ്കാനയിലെ ബിജെപി എംഎൽഎ രാജാ സിങ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചിരുന്നു.

പുസ്തകവിവാദത്തിൽ സൽമാൻ ഖുർഷിദിനെ പിന്തുണച്ച് രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. ഹിന്ദുമതവും ഹിന്ദുത്വവും രണ്ടാണെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. ഹിന്ദുത്വത്തെ ഐഎസ് ഭീകരതയോട് ഉപമിച്ച ഖുർഷിദിന്റെ പുസ്തകത്തിനെതിരെ ഗുലാം നബി ആസാദ് അടക്കം രംഗത്തെത്തിയിരുന്നു. രാമനെ അവഹേളിക്കുന്നത് കോൺഗ്രസിന്റെ ശീലമെന്നായിരുന്നു ബിജെപി പ്രതികരണം.

ഉത്തർപ്രദേശിൽ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിന്റെ അയോധ്യവുമായി ബന്ധപ്പെട്ട പുസ്തക വിവാദം കോൺഗ്രസിനെ പിടിച്ചു കുലുക്കുന്നത്. അയോധ്യയെക്കുറിച്ചുള്ള 'സൺറൈസ് ഓവർ അയോധ്യ: നാഷൻഹുഡ് ഇൻ ഔവർ ടൈംസ്'എന്ന തന്റെ പുസ്തകത്തിലാണ് ഹിന്ദുത്വ ആശയത്തെ ഖുർഷിദ് ഇസ്ലാമിക ഭീകരവാദ സംഘടനയായ ഐഎസിനോടുപമിച്ചത്.

അടുത്ത കാലത്തുണ്ടായ ഇസ്ലാമിക് സ്റ്റേറ്റ്, ബോക്കോഹറം ജിഹാദികളെ പോലെ രാഷ്ട്രീയ പരിവേഷമണിഞ്ഞ വീര്യം കൂടിയ ഹിന്ദുത്വം, യോഗികൾക്കും സന്ന്യാസിമാർക്കും പരിചിതമായിരുന്ന സനാതന ധർമ്മത്തെയും ക്ലാസിക്കൽ ഹിന്ദുയിസത്തെയും അപ്രസക്തമാക്കിയെന്നാണ് പുസ്തകത്തിലെ പരാമർശം.

സംഭവം ബിജെപി കോൺഗ്രസിനെതിരെ രാഷ്ട്രീയ ആയുധമാക്കി. സൽമാൻ ഖുർഷിദിനെ കോൺഗ്രസ് പുറത്താക്കണമെന്നും പരാമർശത്തെ സോണിയാ ഗാന്ധി വിശദീകരിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു. ഖുർഷിദിന്റെ നിലപാടിൽ വസ്തുതാപരമായ തെറ്റുണ്ടെന്ന് ഉപമ അതിശയോക്തി നിറഞ്ഞതെന്നും ഗുലാം നബി ആസാദും വിമർശിച്ചു.പിന്നാലെയാണ് ഖുർഷിദിനെ പിന്തുണച്ചും ഗുലാം നബി ആസാദിനെ തള്ളിയും രാഹുൽ ഗാന്ധിയും രംഗത്തെത്തിയത്.

ഹിന്ദുമതവും ഹിന്ദുത്വവും രണ്ടാണ്, ഹിന്ദുമതം ആരെയും കൊല്ലാനോ തല്ലാനോ പറയുന്നില്ല. ഇതായിരുന്നും രാഹുലിന്റെ പ്രതികരണം. അതേ സമയം അയോധ്യ കേസ് കോൺഗ്രസ് രാഷ്ട്രീയവൽക്കരിച്ചെന്നും കാവി ഭീകരതയെന്ന വാക്ക് കോൺഗ്രസ് പ്രചരിപ്പിച്ചെന്നും ബിജെപി ആരോപിക്കുന്നു.