ആലപ്പുഴ: വിധവാ പെൻഷന് അപേക്ഷ നൽകി തിരികെ മടങ്ങിയ വീട്ടമ്മ ലോറി ഇടിച്ചു മരിച്ചു. മംഗലം പനയ്ക്കൽ മേഴ്‌സി നെൽസൺ (50) ആണ് മരിച്ചത്. കൊമ്മാടി ബൈപാസ് ജംക്ഷനിലെ സിഗ്‌നലിനു സമീപം ഇന്നലെ വൈകിട്ട് നാലിനായിരുന്നു അപകടം. ആലപ്പുഴ നഗരസഭാ ഓഫിസിൽ നിന്നും വിധവാ പെൻഷൻ ലഭിക്കാനുള്ള അപേക്ഷയുമായി മടങ്ങവേ മിനി ലോറി ഇടിച്ചാണ് മരണം സംഭവിച്ചത്.

ഇടിയുടെ ആഘാതത്തിൽ തലയ്ക്ക് ഗുരുതര പരുക്കേറ്റ മേഴ്‌സിയെ ലോറി ഡ്രൈവർ ഉടൻ ജനറൽ ആശുപത്രിയിൽ എത്തിച്ചു. പരുക്ക് ഗുരുതരമായതിനാൽ ആംബുലൻസിൽ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ ആയിരുന്നു മരണം. മേഴ്‌സിയുടെ ഭർത്താവ് പി.ജെ.നെൽസൺ 4 മാസം മുൻപാണ് മരിച്ചത്. ഇരുവരും കയർ ഫാക്ടറി തൊഴിലാളികളായിരുന്നു.

മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. കോവിഡ് പരിശോധനയ്ക്കുശേഷം പോസ്റ്റ്‌മോർട്ടം നടത്തി മൃതദേഹം ഇന്ന് മംഗലം മാക്‌സ്മില്യൻ കോൾബെ പള്ളിയിൽ സംസ്‌കരിക്കും. മക്കൾ: അഞ്ജു, ആൻസി. മരുമക്കൾ: ദിലി, ദീപു.