ദുബായ്: തൊഴിൽബന്ധങ്ങളുടെ നിയന്ത്രണത്തിൽ ഇളവു വരുത്തി ദുബായിൽ പുതിയ തൊഴിൽ നിയമം വരുന്നു. ഭീഷണിപ്പെടുത്തൽ, ഉപദ്രവിക്കൽ, രേഖകൾ അനധികൃതമായി പിടിച്ചെടുക്കൽ എന്നിവയിൽ നിന്ന് ജീവനക്കാർക്ക് കൂടുതൽ സംരക്ഷണം നൽകിക്കൊണ്ടുള്ള പുതിയ നിയമം 2022 ഫെബ്രുവരി രണ്ടു മുതൽ പ്രാബല്യത്തിൽ വരും. 2021ലെ ഫെഡറൽ ഉത്തരവ് നിയമം നമ്പർ 33 ഹ്യൂമൻ റിസോഴ്സ്, എമിറേറ്റൈസേഷൻ മന്ത്രി ഡോ. അബ്ദുൾ റഹ്മാൻ അൽ അവാറാണ് പ്രഖ്യാപിച്ചത്. ഈ പുതിയ നിയമ വ്യവസ്ഥയോടെ, രാജ്യത്തെ തൊഴിൽ ബന്ധങ്ങൾ കൂടുതൽ അയവുള്ളതാകുമെന്നാണ് പ്രതീക്ഷ.

എമിറാത്തി കേഡറുകളുടെ പങ്കാളിത്തവും മത്സരശേഷിയും വർധിപ്പിക്കുന്നതിനും തൊഴിൽ വിപണിയിൽ സ്ത്രീകളെ ശാക്തീകരിക്കുന്നതിനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള ശ്രമങ്ങളെ ഈ നിയമം പിന്തുണയ്ക്കുന്നുവെന്ന് അൽ അവാർ പറഞ്ഞു. പ്രൊബേഷൻ ആറുമാസത്തിൽ കൂടരുത്. തൊഴിലാളികളുടെ ഔദ്യോഗിക രേഖകൾ അനധികൃതമായി പിടിച്ചെടുക്കുന്നത് തടയാൻ നിയമം വ്യവസ്ഥ ചെയ്യുന്നു. ഒരു ബിസിനസ്സ് സ്ഥാപനത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറാൻ തൊഴിലാളിയെ അനുവദിക്കുന്ന നിയമം, തൊഴിൽ കാലാവധിയുടെ അവസാനം രാജ്യം വിടാൻ തൊഴിലുടമകൾ നിർബന്ധിക്കുന്നതിൽ നിന്നു തൊഴിലാളികളെ സംരക്ഷിക്കുന്നു.

എക്‌സിക്യൂട്ടീവ് റെഗുലേഷൻസ് നിർണയിക്കുന്ന വ്യവസ്ഥകൾക്കും നടപടിക്രമങ്ങൾക്കും അനുസൃതമായി ഒരു ജീവനക്കാരന്റെ പ്രൊബേഷൻ കാലയളവ് ആറ് മാസത്തിൽ കൂടരുത് എന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. വ്യവഹാരത്തിന്റെ എല്ലാ ഘട്ടങ്ങളിലും തൊഴിൽ കേസുകളെ ജുഡീഷ്യൽ ഫീസിൽ നിന്ന് ഒഴിവാക്കുന്നു. മത്സരശേഷിയും ഉൽപാദനക്ഷമതയും പ്രോത്സാഹിപ്പിക്കുകയും രാജ്യത്തെ തൊഴിൽ വിപണിയുടെ വഴക്കവും സുസ്ഥിരതയും വർധിപ്പിക്കാനും തൊഴിലാളികളുടെ സംരക്ഷണം ഉറപ്പുനൽകാനുമാണ് നിയമം ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.