- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടീഷ് പാർലിമെന്റിൽ പ്രസംഗിച്ച മലയാളി യുവതിയുടെ നിറമുള്ള ജീവിതം അവതരിപ്പിച്ചു ബ്രിട്ടീഷ് മൈഗ്രെഷൻ മ്യുസിയം; ബെഡ്ഫോർഡ്ഷയർ യൂണിവേഴ്സിറ്റി അദ്ധ്യാപികയായ തൃശൂരിലെ മൂന്നുമുറി സ്വദേശിനി ജോളി ജോർജ് സാധ്യമാക്കിയത് യുകെ മലയാളികൾക്കിടയിലെ അപൂർവ നേട്ടം
ലണ്ടൻ: ബ്രിട്ടീഷ് പാർലിമെന്റിൽ മാനസികാരോഗ്യം സംബന്ധിച്ച തന്റെ നിരീക്ഷണവുമായി എത്തിയ മലയാളി യുവതിയുടെ അപൂർവ കഥയുമായി ബ്രിട്ടീഷ് മൈഗ്രെഷൻ മ്യുസിയം . ജീവിതത്തിലെ വെല്ലുവിളികളെ നേരിട്ട് വിജയപാതയിൽ നീങ്ങുന്നവരെ ലോകത്തിനു പരിചയപ്പെടുത്തുന്ന ബ്രിട്ടീഷ് മ്യുസിയത്തിലെ താളുകളിൽ എത്തുന്ന അപൂർവം മലയാളികളിൽ ഒരാളായി മാറുകയാണ് ബെഡ്ഫോർഡ്ഷയർ യൂണിവേഴ്സിറ്റി ലെക്ച്ചർ കൂടിയായ തൃശൂരിലെ മൂന്നുമുറി സ്വദേശിനി ജോളി ജോർജ് .
ഒരു സാധാരണ വിദ്യാർത്ഥിയായി എത്തി യൂണിവേഴ്സിറ്റികളിൽ വിസിറ്റിങ് ലെക്ച്ചർ ആയും ഒടുവിൽ സ്ഥിരം അദ്ധ്യാപികയും ആയി മാറിയ ജോളി ജോർജ് ഓരോ വർഷവും യുകെയിൽ എത്തുന്ന അനേകായിരം വിദ്യാർത്ഥികൾക്ക് പ്രചോദനമായി മാറുകയാണ് . ജോളിയുടെ തന്നെ വാക്കുകൾ കടമെടുത്താൽ ബ്ലാക് ബോർഡിൽ വിരിയുന്ന നിറമുള്ള അക്ഷരങ്ങളാണ് ഓരോ പ്രവാസിയുടെയും ജീവിതം . കഷ്ടപ്പാടുകൾ നിറഞ്ഞ പ്രതിസന്ധി കാലങ്ങൾക്കു ശേഷം ഒടുവിൽ മാത്രം തെളിയുന്ന നിറമുള്ള അക്ഷരമാവുകയാണ് ഓരോ പ്രവാസിയും .
യുകെ മലയാളികൾക്കിടയിൽ ഒട്ടേറെ പേർ യൂണിവേഴ്സിറ്റി ഫാക്കൽറ്റി അംഗങ്ങളായി ജോലി ചെയ്യുന്നവർ ഉണ്ടെങ്കിലും അവർക്കിടയിൽ ജോളിയെ പോലെ ശ്രദ്ധ നേടിയ മറ്റൊരാളെ കണ്ടെത്തുക പ്രയാസമാണ് . നാലു വര്ഷം മുൻപ് പാർലിമെന്റിൽ ഹൗസ് ഓഫ് കോമൺസിൽ ക്ഷണിക്കപ്പെട്ട സദസിനു മുന്നിൽ തന്റെ നിരീക്ഷണങ്ങൾ അവതരിപ്പിച്ച ജോളിയുടെ ശ്രോതാകകളായി സദസിൽ കാത്തിരുന്നത് ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ വമ്പന്മാരും യൂണിവേഴ്‌സിറ്റികളായിലെ അക്കാദമിക് തലവന്മാരും ഒക്കെ ആയിരുന്നു . മാനസിക ആരോഗ്യത്തിലെ ലോകം നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിലാണ് ജോളി തന്റെ നിരീക്ഷണങ്ങൾ അവതരിപ്പിച്ചത് . വിഷയത്തിലെ ആഴത്തിൽ ഉള്ള കണ്ടെത്തലുകൾക്ക് നിറഞ്ഞ കയ്യടിയും സ്വന്തമാക്കിയാണ് ജോളി അന്ന് മടങ്ങിയതും .
എന്നാൽ ഇപ്പോൾ മൈഗ്രെഷൻ മ്യുസിയം പബ്ലിക്ശേഷനിൽ ജോളിയുടെ ഔദ്യോഗിക ജീവിത കഥ പുറത്തു വന്നതോടെ അത് യുകെ മലയാളികൾക്കിടയിൽ തന്നെ മറ്റൊരു നാഴികക്കല്ലായി മാറുകയാണ് . 2008 ൽ പഠിക്കാൻ എത്തിയ ബെഡ്ഫോർഷെയർ യൂണിവേഴ്സിറ്റിയിൽ തന്നെ ഇപ്പോൾ സ്ഥിര അദ്ധ്യാപികയായി എന്നതും ജോളിയുടെ കാര്യത്തിൽ കൗതുകമായി മാറുകയാണ് . താൻ യുകെയിൽ വിദ്യാർത്ഥി ആയി എത്തുന്നതും തുടർന്ന് മക്കളോടൊപ്പം വിദ്യാർത്ഥി ആയി തുടരേണ്ടി വന്നതും ഒക്കെ ഓർത്തെടുക്കുമ്പോൾ ജീവിതത്തിലെ പ്രയാസ കാലഘട്ടമാണ് ഈ പ്രവാസി വനിതയുടെ വിജയ വഴികളിൽ നേട്ടത്തിന് കാരണമായി മാറിയതെന്ന് വക്തമാകുകയാണ് . അധ്വാനമില്ലാതെ ഒരു നേട്ടവും അതിന്റെ ലക്ഷ്യത്തിൽ എത്തുന്നില്ല എന്നുമാണ് ജോളിയുടെ ജീവിതം പഠിപ്പിക്കുന്നത് .
കുടിയേറ്റക്കാരുടെ വിജയ വഴികളാണ് ബ്രിട്ടീഷ് മൈഗ്രെഷൻ മ്യൂസിയം പ്രസിദ്ധീകരിക്കുക . താൻ കടന്നു വഴികളിൽ നിന്നും ഭാഷയും ജീവിതവും വസ്ത്രവും ഭക്ഷണവും ഒക്കെ വെത്യസ്തമായ നാടായാണ് ബ്രിട്ടൻ തന്നെ സ്വീകരിച്ചതെന്ന് ജോളി മൈഗ്രെഷൻ മ്യുസിയത്തിൽ എഴുതുന്നു . ഒരു പക്ഷെ ജീവിതം മോഹിച്ചെത്തിയ ഓരോ യുകെ മലയാളിയുടെയും ജീവിത പ്രയാസവും ഏറെയൊന്നും വെത്യസ്തം ആകാനിടയില്ല ജോളിയുടേതിൽ നിന്നും . എന്നാൽ കഠിനാധ്വാനവും ആത്മാർപ്പണവും നല്കാൻ തയ്യാറായി എന്നതാണ് ഇന്നത്തെ ജോളിയെ വത്യസ്തയാക്കുന്നത് . ആദ്യകാലങ്ങളിൽ എവിടെയോ ഒറ്റപ്പെട്ടു പോയ ഒരു മനുഷ്യ ജീവിയായി മാത്രം നാലു ചുവരുകൾക്കിടയിൽ ഒതുങ്ങിപ്പോയ ഒരാളായിരുന്നു താനെന്നും ജോളി ഓർമ്മിക്കുന്നു .
അക്കാദമിക് രംഗത്തെ മികവുകളാണ് ജോളിയെ തൊഴിൽ രംഗത്ത് നേട്ടപ്പട്ടികയിൽ മുന്നിൽ എത്തിക്കുന്നത് . ഇരട്ട ബിരുദാന്തര ബിരുദം നേടി കേരളത്തിൽ നിന്നും ലണ്ടൻ സ്‌കൂൾ ഓഫ് ലോയിൽ സ്ട്രാറ്റജിക് മാനേജമെന്റ് , ക്രിമിനോളജി എന്നിവയിൽ പഠനം നടത്തിയ ജോളി ബെഡ്ഫോർഡ്ഷയർ യൂണിവേഴ്സിറ്റിയിൽ നിന്നും എം എസ സി സൈക്കോളജിയും പാസായാണ് അദ്ധ്യാപന രംഗത്ത് എത്തുന്നത് . അപ്പ്‌ലൈഡ് സോഷ്യൽ സയന്‌സിലാണ് ഇപ്പോൾ ജോളിയുടെ മുഴുവൻ ശ്രദ്ധയും . കഴിഞ്ഞ നാല് വർഷമായി ബെഡ്ഫോർഡ്ഷയർ യൂണിവേഴ്സിറ്റിയിൽ നിന്നും മറ്റു യൂണിവേഴ്‌സിറ്റികളിലും ഗെസ്‌റ് ലക്‌ച്ചറർ ആയും ജോളി പഠന വഴികളിൽ വെളിച്ചമായി എത്തുന്നു . തൊഴിൽ രംഗത്തെ ഗവേഷക വിഷയങ്ങളിലും ജോളി ശ്രദ്ധ നൽകുന്നുണ്ട് .
തീർത്തും ഒറ്റപ്പെട്ടു തുടങ്ങിയ സാഹചര്യത്തിൽ നിന്നും ഫീനിക്‌സ് പക്ഷിയെ പോലൊരു ഉയിത്തെഴുന്നേൽപ്പായിരുന്നു ജോളിയുടെ വിദ്യാർത്ഥി ജീവിത കാലഘട്ടം . ഇന്ഗ്ലീഷിനെ കൈപ്പിടിയിൽ ഒതുക്കിയതാണ് വഴി തിരിഞ്ഞു പോകാൻ തുടങ്ങിയ ജീവിതത്തെ നിയന്ത്രണ രേഖയിലൂടെ ഓടിച്ചു പോകാൻ ജോളിക്ക് ധൈര്യം പകർന്നത് . ഇംഗ്ലീഷ് വെറുമൊരു ഭാഷ മാത്രമാണ്, അറിവിന്റെ അവസാനമല്ല എന്ന തിരിച്ചറിവിലാണ് ജോളി ഈ തിരിച്ചു പിടിക്കൽ നടത്തിയത് . പിന്നീടങ്ങോട്ട് ഒരു തിരിച്ചു പോക്ക് ജോളിയുടെ ജീവിതത്തിൽ ഉണ്ടായിട്ടുമില്ല . ഇന്ഗ്ലീഷിലെ അറിവ് വച്ച് മറ്റൊരാളെ വിലയിരുത്തേണ്ട കാര്യമേ ഇല്ലെന്നാണ് ഇപ്പോൾ മൈഗ്രെഷൻ മ്യുസിയം കുറിപ്പിൽ ജോളി കുറിച്ചിടുന്നതും .
പ്രത്യേകിച്ചും പ്രവാസ ജീവിതത്തിൽ സമ്മിശ്ര വികാരങ്ങളിലൂടെയാകും ഓരോരുത്തരും കടന്നു പോകുക . അതിൽ നേട്ടങ്ങളും കോട്ടങ്ങളും മാത്രമല്ല സന്തോഷവും സന്താപവും , പ്രണയവും നൈരാശ്യവും , സ്‌നേഹവും വെറുപ്പും ഒക്കെ ഇഴ ചേർന്ന് കിടന്നിരിക്കും . ചുരുക്കത്തിൽ ജീവിതം എന്നത് ഒരു ബ്ലാക് ബോർഡിൽ വരച്ചിടുന്ന നിറമുള്ള അക്ഷരങ്ങളെ പോലെ തന്നെയാണ് .
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന് മലയാളി പ്രത്യേക പ്രതിനിധി.