നവാസ മേഖലകളിൽ കൂണുപോലെ മുളച്ചുപൊന്തുന്ന അനധികൃത ഗോഡൗണുകൾ കൊച്ചിയിലെ എല്ലാ പ്രദേശങ്ങളിലെയും, ചെറുപ്പക്കാരുടെയും പ്രായമായവരുടെയും ഒരുപോലെ, മാനസികവും ശാരീരികവുമായ ആരോഗ്യത്തെ തകർക്കുന്നു. വീടോ ഡോർമിറ്ററികളോ കടകളോ നിർമ്മിക്കാനെന്ന വ്യാജേന കോർപ്പറേഷനിൽ നിന്ന് കെട്ടിട നിർമ്മാണ ലൈസൻസ് എടുക്കുന്ന ഈ നിയമലംഘകർ അഴിമതിക്കാരായ കോർപ്പറേഷൻ ഉദ്യോഗസ്ഥരുമായി ഒത്തുകളിച്ച് പിന്നീട് അവ ഗോഡൗണുകളാക്കി മാറ്റുകയാണ്.

കൊച്ചിയിലെ പച്ചാളം പൊറ്റക്കുഴി റോഡിലുള്ള ലിങ്ക് പാർക്ക് കോളനി, 2017 വരെ റെസിഡൻഷ്യൽ സോണായിരുന്നു, എന്നാൽ പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ ആ പ്രദേശം മിക്‌സഡ് സോണാക്കി മാറ്റിയതാണ് അത്തരത്തിലുള്ള ഒരു കേസ്. തുടക്കത്തിൽ R150 റെസിഡൻഷ്യൽ ഏരിയയായി കണക്കാക്കിയിരുന്നെങ്കിലും, പിന്നീട് ഈ അനധികൃത ഗോഡൗണുകളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും ഉടമകളിൽ നിന്നുള്ള സമ്മർദം കാരണം മിക്‌സഡ് സോണായി (കോർപ്പറേഷനിൽ നിന്നുള്ള വിവരാവകാശ മറുപടി പ്രകാരം) മാറ്റി, പക്ഷേ അത് അവിടെ താമസിക്കുന്ന സാധാരണക്കാരുടെ ജീവിതം ദുരിതത്തിലാക്കി.

''പൊറ്റക്കുഴി മെയിൻ റോഡിന്റെ ഇരുവശങ്ങളിലും, പ്രത്യേകിച്ച് ഞങ്ങൾ താമസിക്കുന്ന ലിങ്ക് പാർക്ക് കോളനിക്കുള്ളിൽ പോലും അനധികൃതവും അധികൃതവും ആയ ഗോഡൗണുകൾ കാരണം ഞങ്ങളുടെ ജീവിതം ദുരിതപൂർണമായിരിക്കുന്നു,'' നിയമവിരുദ്ധമായി നിർമ്മിച്ച 20,000 ചതുരശ്ര അടി ഗോഡൗണിനെതിരെ കേസ് നടത്തുന്ന ശ്രീ. എബ്രഹാം ഐസക് പറയുന്നു. അദ്ദേഹത്തിന്റെ കിടപ്പുമുറികളിൽ നിന്ന് 5 മീറ്റർ അകലെയാണ് ഡോർമിറ്ററികൾക്കും കടകൾക്കും ലൈസൻസ് നൽകിയത്. പക്ഷേ അവിടെ ഇപ്പോൾ ഡ്രൈ ഫ്രൂട്ട്‌സ്, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ സംഭരിക്കുന്നതിന് ഒരു വാണിജ്യ വെയർഹൗസ് പ്രവർത്തിക്കുന്നു. ഈ ഗോഡൗണിന് മുന്നിലുള്ള റോഡിന് 3.5 മീറ്ററാണ് ഉള്ളത്, ചട്ടം അനുസരിച്ച് കുറഞ്ഞത് 6 മീറ്ററെങ്കിലും വീതിയുള്ള റോഡുകൾക്കരികിലെ ഗോഡൗണുകൾ പാടുള്ളൂ. അനുവന്തനിയമമായാ കവറേജും, FAR ഉം ഒക്കെ കാറ്റിൽ പറത്തിയാണ് പ്രവത്തനം.

വർദ്ധിച്ച ട്രാഫിക്കും, സംഭരണ പ്രവർത്തനങ്ങളും മൂലം ഉണ്ടാകുന്ന ശബ്ദമലിനീകരണം അവരുടെ സാധാരണ ജീവിതത്തെ തടസ്സപ്പെടുത്തുന്നതിനാൽ ഇത് ജനജീവിതത്തെ വളരെയധികം ദുരിതത്തിലാക്കിയിരിക്കുന്നു. കൊച്ചി കോർപ്പറേഷനിൽ നിന്നുള്ള നിരവധി RTI മറുപടികൾ ജനവാസ മേഖലകളിൽ ഗോഡൗണുകളും വെയർഹൗസുകളും അനുവദിക്കുന്നില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, KMBR & ടൗൺ പ്ലാനിങ് നിയമങ്ങൾ ലംഘിച്ച് നിർമ്മിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഈ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

രാത്രി കാലങ്ങളിൽ ലോറികളുടെ ശബ്ദം മൂലമുണ്ടാകുന്ന ഉറക്കക്കുറവ്, പിക്കപ്പ് ഓട്ടോ, ലോഡിങ്, അൺലോഡിങ്, ഗോഡൗണുകളുടെ പ്രവർത്തനം മൂലമുണ്ടാകുന്ന ഗതാഗത തടസ്സങ്ങൾ, പരാതികൾ പിൻവലിക്കാൻ രാഷ്ട്രീയക്കാരുടെയും സ്വാധീനമുള്ളവരുടെയും സമ്മർദ്ദം മൂലമുണ്ടാകുന്ന മാനസ്സികസമ്മർദ്ദം എന്നിവ പ്രദേശവാസി കൾക്ക് വലിയ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുന്നു. ശബ്ദമലിനീകരണം, സമ്മർദ്ദം, മാനസിക പിരിമുറുക്കം എന്നിവ മൂലമുണ്ടാകുന്ന ഉത്കണ്ഠയ്ക്കും വിഷാദത്തിനും ചികിത്സ തേടാൻ താമസക്കാരിൽ ഒരാളെ ഇത് പ്രേരിപ്പിച്ചു. '3 വയസ്സുള്ള മകളും 70 വയസ്സുള്ള അമ്മയും അടങ്ങുന്ന എന്റെ കുടുംബം 31 വർഷം മുമ്പ് അച്ഛൻ നിർമ്മിച്ച ഞങ്ങളുടെ സ്വന്തം വീട്ടിൽ താമസിക്കാൻ വളരെ ബുദ്ധിമുട്ടുന്നു' അദ്ദേഹം പറയുന്നു.

രാത്രി അസമയങ്ങളിലാണ് വൻശബ്ദമുണ്ടാക്കി ലോറികൾ പരിസരത്ത് പ്രവേശിക്കുന്നത്. കൂടാതെ, ഈ ഇടുങ്ങിയ റോഡിലൂടെ പരിസരത്ത് പ്രവേശിക്കുമ്പോൾ ഈ ലോറികൾ സൃഷ്ടിക്കുന്ന ട്രാഫിക് ബ്ലോക്കുകളും വാഹനങ്ങളുടെ റിവേഴ്‌സ് മ്യൂസിക്കും അസ്സഹനീയമാണ്. മറ്റ് വാണിജ്യ വാഹനങ്ങളുടെ നിർത്താതെയുള്ള ഹോണിങ് പറയേണ്ടകാര്യം ഇല്ല . ഇത് സാധാരണക്കാരുടെ ജീവിതത്തെ സാരമായി ബാധിക്കുന്നു , എല്ലാ കുടുംബങ്ങളുടേയും സ്വൗര ജീവിതം തകർക്കുന്നു, പ്രത്യേകിച്ച് മുതിർന്ന പൗരന്മാർക്കും യുവാക്കൾക്കും ഒരുപോലെ നിരവധി ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു.

ഈ പ്രദേശത്തെ ഇത്തരം ഗോഡൗണുകൾക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് 2020 ഓഗസ്റ്റിൽ കേരള ഹൈക്കോടതിയിൽ സമർപ്പിച്ച റിട്ട് ഹർജിയിൽ, പ്രശ്‌നത്തെക്കുറിച്ച് പഠിച്ച് 5 ആഴ്ചകൾക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ വന്ന ഉത്തരവ് 18 മാസങ്ങൾക്കു ശേഷവും കോർപ്പറേഷൻ സെക്രട്ടറി നടപ്പിലാക്കിയിട്ടില്ല. പകരം ഈ ഗോഡൗൺ ഉടമകളെ സഹായിക്കാനായി ഫാസ്റ്റ് ട്രാക്ക് മോദിൽ ഇവ ക്രമപ്പെടുത്താനാണ് കോർപ്പറേഷൻ അധികാരികൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

കലക്ടർ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടെങ്കിലും അത് കോർപ്പറേഷൻ സെക്രട്ടറിയുടെ പരിഗണനയിലാണ്. മലിനീകരണ നിയന്ത്രണ ബോർഡ് ഈ വിഷയത്തിൽ തീർത്തും നിഷ്‌ക്രിയമാണെന്ന് പരിസരവാസികൾ സ്ഥിരീകരിച്ചു.

ഭരണഘടന ഉറപ്പു നല്കുന്ന , സ്വന്തം വീട്ടിൽ ശരിയായി ഉറങ്ങാനും സമാധാനപരമായ ജീവിതം നയിക്കാനും ഉള്ള പരിസരവാസികളുടെ അവകാശത്തെ തീർത്തും അവഗണിക്കുന്ന നിലപാടാണ് കോർപ്പറേഷൻ എടുത്തിരിക്കുന്നത്.

ലിങ്ക് പാർക്ക് കോളനി നിവാസികൾ അവരുടെ ഈ അവകാശത്തിനു വേണ്ടി പോരാടുകയാണ്. എന്നാൽ തങ്ങളുടെ അഴിമതി നിറഞ്ഞ പ്രവർത്തനരീതി തുടരാനും കൊച്ചിയുടെ ഓരോ ഇഞ്ചും വാണിജ്യവത്കരിക്കാനുമുള്ള ഈ കോർപ്പറേഷൻ ഉദ്യോഗസ്ഥരുടെ ശാഠ്യം അമ്പരപ്പിക്കുന്നതാണ്.