- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE

കോട്ടയം: അതിവേഗ റെയിൽപ്പാത കടന്നുപോകുവാൻ നിശ്ചയിച്ച മേഖലകളിൽ അതിര് രേഖപ്പെടുത്താൻ കല്ലിടൽ ആരംഭിച്ചു. കാസർകോട് മുതൽ തിരുവനന്തപുരം വരെ 530 കിലോമീറ്റർ നീളത്തിലാണ് പാത കേരള റെയിൽ ഡവലപ്‌മെന്റ് കോർപറേഷൻ (കെ - റെയിൽ) പദ്ധതി നടപ്പാക്കുക. ഇത് പൂർത്തിയായശേഷം സാമൂഹികാഘാതപഠനവും സർവേയും നടത്തും.
പദ്ധതി പൂർത്തിയാകുന്നതോടെ കാസർകോട്ട് നിന്ന് നാല് മണിക്കൂറിനുള്ളിൽ തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് എത്താം. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് നിലവിൽ കല്ലിടൽ നടക്കുന്നത്. പദ്ധതിക്കായി സംസ്ഥാനത്തെ 11 ജില്ലകളിൽ നിന്നായി 1221 ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്.
ഈ പദ്ധതി എത്രപേരെയാണ് ബാധിക്കുകയെന്ന് ഭൂമി വേർതിരിക്കുന്നതോടെയാണ് കൃത്യമായി മനസ്സിലാവുക. എത്രവീടുകൾ, മറ്റ് കെട്ടിടങ്ങൾ, സ്ഥാപനങ്ങൾ എന്നിവ മാറ്റേണ്ടിവരുമെന്നും പട്ടികയുണ്ടാക്കും. ജനങ്ങളുടെ അഭിപ്രായം മാനിക്കുന്നതിന് ഹിയറിങ് നടത്തും. സാമൂഹികാഘാതപഠനം തുടങ്ങി ആറുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിയമം.
കണ്ണൂർ ജില്ലയിലാണ് ഏറ്റവുംകുടുതൽ ദൂരത്തിൽ കല്ലിടൽ പൂർത്തിയായത്. ഏഴ് വില്ലേജുകളിലായി 21.5 കിലോമീറ്റർ നീളത്തിൽ 536 കല്ലുകൾ സ്ഥാപിച്ചു. ചിറക്കൽ, വളപട്ടണം, പാപ്പിനിശ്ശേരി, കണ്ണപുരം, ചെറുകുന്ന്, ഏഴോം, മാടായി വില്ലേജുകളിലാണ് പൂർത്തിയായത്. കുഞ്ഞിമംഗലം വില്ലേജിൽ പുരോഗമിക്കുന്നു. തിരുവനന്തപുരം ജില്ലയിൽ ആറ്റിപ്ര, കൊല്ലം ജില്ലയിലെ പാരിപ്പള്ളി, കല്ലുവാതുക്കൽ, എറണാകുളം ജില്ലയിലെ പുത്തൻകുരിശ്, തിരുവാങ്കുളം, തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ, പൂങ്കുന്നം, കൂർക്കഞ്ചേരി, കാസർകോട് ജില്ലയിലെ ചെറുവത്തൂർ എന്നീ വില്ലേജുകളിലും പ്രവൃത്തി നടക്കുന്നു.


