ത്യാധുനിക സാങ്കേതിക വിദ്യയുള്ള എഫ്- 35 ബി വിമാനം മെഡിറ്ററേനിയൻ കടലിൽ പതിച്ചത് ഇപ്പോൾ ബ്രിട്ടന് വലിയ തലവേദനയാവുകയാണ്. ഏകദേശം 100 മില്യൺ പൗണ്ട് വിലവരുന്ന ഈ യുദ്ധവിമാനം ഏതുവിധേനയും കടലിൽ നിന്നും കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ബ്രിട്ടീഷ് റോയൽ നേവി. മുങ്ങിക്കപ്പലുകളും മുങ്ങൽ വിദഗ്ദരുമൊക്കെ കഠിനമായി ശ്രമിക്കുകയാണ്. ഒരു പരിശീലന പറക്കലിനിടയിലായിരുന്നു ഈ വീമാനം മെഡിറ്ററേനിയൻ കടലിൽ പതിച്ചത്.

വിമാനം പതിച്ചത് അന്താരാഷ്ട്ര സമുദ്രാതിർത്തിയിലാണെന്നുള്ളതാണ് ബ്രിട്ടനെ ഏറെ വിഷമിപ്പിക്കുന്നത്. അത്യന്താധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്ന ഈ അടുത്തതലമുറ വിമാനം റഷ്യൻ സൈന്യത്തിന്റെ കൈയിൽ എത്താതെ സൂക്ഷിക്കേണ്ടതുണ്ട് എന്ന് ബ്രിട്ടനും അമേരിക്കക്കും നന്നായി അറിയാം. അതിലെ സാങ്കേതിക രഹസ്യങ്ങൾ പിന്നെ റഷ്യയ്ക്ക് മനസ്സിലാക്കാൻ വലിയ ബുദ്ധിമുട്ടുണ്ടാകുകയുമില്ല. അതുകൊണ്ടു തന്നെ റഷ്യ ആ വിമാനം കണ്ടെത്താൻ ശ്രമിക്കുമെന്ന് അമേരിക്കയും ബ്രിട്ടനും കരുതുന്നു. റഷ്യ അത് കണ്ടെത്തും മുൻപ് അത് വീണ്ടെടുക്കുക എന്നതാണ് ഇപ്പോൾ ബ്രിട്ടന്റെ ഏറ്റവും വലിയ തലവേദന.

അമേരിക്ക രൂപകൽപന ചെയ്ത ഈ വിമാനത്തിൽ ടോപ് സീക്രറ്റ് റഡാറുകളും അതീവ സംവേദനക്ഷമതയുള്ള സെൻസറുകളും ഉണ്ട് . ശബ്ദത്തേക്കാൾ വേഗത്തിൽ ശത്രുരാജ്യങ്ങൾക്ക് മീതെ, അവരുടെ റഡാറുകളുടെ കണ്ണുകളെ വെട്ടിച്ച് പറക്കുവാൻ ഇതിനാകും. ഇതിലെ സാങ്കേതിക വിദ്യ മുഴുവൻ ഇതിനോടകം തന്നെ ചാരപ്രവർത്തനങ്ങളിലൂടെ ചൈനയുടെ കൈവശമെത്തിയിട്ടുണ്ട് എന്നാണ് കരുതുന്നത്.

സമുദ്രത്തിന്റെ അടിത്തട്ടിൽ വിമാനം പതിച്ച സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഇനി വിമാനം ഇവിടെനിന്നും ഉയർത്തുന്നതുവരെ അമേരിക്കയുടെയും ബ്രിട്ടന്റെയും നാവികസേന ഈ ഭാഗത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ചെറിയ മുങ്ങിക്കപ്പലുകളും, മുങ്ങൽ വിദഗ്ദരുമൊക്കെ അടങ്ങിയ നാവികസേനാ വ്യുഹത്തെയാണ് ഇരു രാജ്യങ്ങളും വിന്യസിച്ചിരിക്കുന്നത്.

ബ്രിട്ടീഷ സൈന്യത്തിലുള്ള ഏറ്റവും ആധുനികവും വിലക്കൂടിയതുമായ യുദ്ധവിമാനമാണ് എഫ്-35 ബി. ഇതിന് കുത്തനെ പറന്നിറങ്ങാൻ സാധിക്കും. മാത്രമല്ല, പറന്നുയരുന്നതിനും വളരെ നീളം കുറഞ്ഞ ഒരു റൺവേ മതിയാകും. പരിശീലന പറക്കലിനു പറന്നുയർന്ന വിമാനത്തിൽ തകരാറുകൾ കണ്ടതിനെ തുടർന്ന് പൈലറ്റിന് വിമാനം ഉപേക്ഷിച്ച് ചാടേണ്ടതായി വരികയായിരുന്നു. കഴിഞ്ഞവർഷം കാലിഫോർണീയയ്ക്ക അടുത്തുള്ള ഒരു നാവിക കേന്ദ്രത്തിലും ഒരു എഫ് 35 ബി തകർന്ന് വീണിരുന്നു.

വിമാനപകടത്തിന്റെ കാര്യമറിയുവാൻ ഒരു അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. എങ്കിലും എഞ്ചിൻ പ്രവർത്തനരഹിതമായതാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. തികഞ്ഞ സുരക്ഷ ഉറപ്പു നൽകുന്നതാണ് എഫ് 35 ബി വിമാനങ്ങളെങ്കിലും ചില അവസരങ്ങളിൽ ഇങ്ങനെയുള്ള പ്രശ്നങ്ങളുമുണ്ടാക്കും. ഒരു സാങ്കേതിക പിഴവോ അല്ലെങ്കിൽ മാനുഷികമായോ പിഴവ് മൂലം സംഭവിച്ച അപകടമാണെന്നും ശത്രുക്കളുടെ ആക്രമണമോ അട്ടിമറിയോ ഇതിനു പിന്നിലില്ലെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

വിദൂര പൂർവ്വ ദേശങ്ങളിലേക്ക് യാത്രതിരിച്ചതോടെ റഷ്യയും ചൈനയും സസൂക്ഷം നിരീക്ഷിക്കാൻ തുടങ്ങിയ ക്യുൻ എലിസബത്ത് എന്ന യുദ്ധക്കപ്പലിലായിരുന്നു ഈ വിമാനം ഉണ്ടായിരുന്നത്. ഒമാൻ തീരം വിട്ട് കിഴക്കൻ മെഡിറ്ററേനിയയിലേക്ക് ഈ കപ്പൽ കടന്നതായാണ് സൂചന. ഈജിപ്ത് സന്ദർശിക്കുന്ന ചാൾസ് രാജകുമാരൻ നാളെ ഈ കപ്പൽ സന്ദർശിക്കാൻ ഇരിക്കുകയാണ്. എട്ട് എഫ് 35- ബി യുദ്ധവിമാനങ്ങൾക്ക് പുറമെ മറ്റു പത്ത് അമേരിക്കൻ നിർമ്മിത യുദ്ധവിമാനങ്ങളും ഈ കപ്പലിലുണ്ട്.

നിലവിൽ യൂറോപ്യൻ യൂണിയനും റഷ്യയുമായി നിലനിൽക്കുന്ന സംഘർഷാവസ്ഥക്കിടയിൽ ഈ ആധുനിക വിമാനംറഷ്യൻ കരങ്ങളിലെത്താതെ നോക്കാൻ ബ്രിട്ടന് ബാദ്ധ്യതയുണ്ട്. ഈ ആധുനിക സാങ്കേതിക വിദ്യ റഷ്യയുടെ കൈയിലെത്താതിരിക്കുന്നതാണ് യൂറോപ്പിന്റെ സുരക്ഷക്ക് നല്ലതെന്ന് അമേരിക്കക്കും അറിയാം. അതുകൊണ്ടുതന്നെയാണ് ഇരു രാജ്യങ്ങളും ഈ വിമാനം കണ്ടെത്തുന്നതിനുള്ള കഠിന ശ്രമം തുടരുന്നതിനൊപ്പം , ഇത് റഷ്യൻ കരങ്ങളിലെത്താതിരിക്കാൻ അതീവ ശ്രദ്ധാലുക്കളാകുന്നതും.