സ്‌പോർട്‌സ് യൂട്ടിലിറ്റി വാഹന (എസ്.യു.വി.) വിപണിയിൽ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യയുടെ സ്വന്തം ടാറ്റാ. ഒക്ടോബറിൽ ടാറ്റാ മോട്ടോഴ്‌സ് 23,381 എസ്.യു.വി.കളുടെ റെക്കോഡ് വില്പനയാണ് നടത്തിയത്. ഒക്ടോബർ 18-ന് സബ്-കോംപാക്ട് എസ്.യു.വി.യായ 'ടാറ്റാ പഞ്ച്' വിപണിയിലെത്തിയതോടെയാണ് ഒക്ടോബർ മാസത്തിൽ എസ്.യു.വി. വിഭാഗത്തിൽ വിപണി മേധാവിത്വം നേടിയത്.

ടാറ്റാ മോട്ടോഴ്‌സ് 23,381 എസ്.യു.വികൾ വിറ്റപ്പോൾ 20,022 എസ്.യു.വികളുമായി മഹീന്ദ്ര ആൻഡ് മഹീന്ദ്രയാണ് രണ്ടാം സ്ഥാനത്ത്. 18,538 യൂണിറ്റുകളുമായി ഹ്യുണ്ടായ് മൂന്നാമതും 15,931 യൂണിറ്റുകളുമായി കിയാ മോട്ടോഴ്‌സ് നാലാം സ്ഥാനത്തുമാണ്. മാരുതി സുസുകിയും ഈ ശ്രേണിയിൽ വലിയ മത്സരം ഉയർത്തുന്നുണ്ട്. ആഭ്യന്തര വിപണിയിൽ ഇപ്പോൾ ഏറ്റവുമധികം എസ്.യു.വി. വാഹനങ്ങളുടെ ശ്രേണിയുള്ളത് ടാറ്റാ മോട്ടോഴ്‌സിനാണ്.

ടാറ്റയുടെ ചെറു-എസ്.യു.വി.യായ പഞ്ച് അവതരിപ്പിച്ചപ്പോൾ തന്നെ കമ്പനി ഒന്നാം സ്ഥാനം ലക്ഷ്യമിട്ടിരുന്നു. 5.49 ലക്ഷം രൂപ മുതലാണ് പഞ്ചിന്റെ വില. വിപണിയിലെത്തി 12 ദിവസങ്ങൾക്കുള്ളിൽ 8,453 യൂണിറ്റുകളാണ് പഞ്ചിന്റേതായി വിറ്റത്. നെക്‌സോൺ, ഹാരിയർ, സഫാരി എന്നിവയാണ് ടാറ്റാ മോട്ടോഴ്‌സിന്റെ മറ്റ് എസ്.യു.വി.കൾ.