തലശേരി: കേരള പൊലിസിന്റെ തീവ്രവാദ വിരുദ്ധ സേനയുടെ കസ്റ്റഡിയിലുള്ള മാവോയിസ്റ്റ് കബനിദളം അംഗമായ സാവിത്രിയുടെ കസ്റ്റഡി കാലാവധി 25വരെ നീട്ടി. കസ്റ്റഡി കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം നൽകിയ ഹർജിയെ തുടർന്നായിരുന്നു തലശേരി അഡീഷനൽ ജില്ലാസെഷൻസ് കോടതി (ഒന്ന്) ജഡ്ജി എ.വി മൃദുല ഉത്തരവിട്ടത്.

സാവിത്രിയുടെ മൂന്ന് ദിവസത്തെ കസ്റ്റഡി കാലാവധി വ്യാഴാഴ്‌ച്ചയോടെ അവസാനിച്ചിരുന്നു. ഉച്ചയോടെയായിരുന്നു സാവിത്രിയെ വലിയ സുരക്ഷയിൽ കോടതിയിൽ എത്തിച്ചത്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യാൻ കാലാവധി നീട്ടണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെടുകയായിരുന്നു.

2017ൽ കരിക്കോട്ടക്കരി പൊലിസ് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതി റിമാൻഡിലായത്. അതേ കേസിൽ കസ്റ്റഡിയിലുള്ള മാവോയിസ്റ്റ് പശ്ചിമഘട്ട സോണൽ കമ്മിറ്റി സെക്രട്ടറിയും കേന്ദ്രകമ്മിറ്റി അംഗവുമായ ബി.ജി കൃഷ്ണമൂർത്തിയെ ഏഴു ദിവസത്തേക്കായിരുന്നു കോടതി
കസ്റ്റഡിയിൽ വിട്ടത്.