- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അറുപതോളം കേസുകളിൽ പ്രതിയായ പിടികിട്ടാപ്പുള്ളി സുഹൃത്തിന്റെ വിവാഹ വീട്ടിൽ; അറസ്റ്റിനിടെ പൊലീസിനെ വളഞ്ഞിട്ട് ആക്രമിച്ച് പ്രതിയുടെ സഹോദരനും സുഹൃത്തുക്കളും: ലോക്കപ്പിന്റെ ഗ്രില്ലും കാറിന്റെ ചില്ലും തല കൊണ്ട് ഇടിച്ചു തകർത്ത് ഷിജുവിന്റെ പരാക്രമം
കോഴിക്കോട്: അറുപതോളം കേസുകളിൽ പ്രതിയായ പിടികിട്ടാപ്പുള്ളിയെ സുഹൃത്തിന്റെ വിവാഹവീട്ടിൽ നിന്നും പൊലീസ് പിടികൂടി. സിനിമയെ വെല്ലുന്ന ആക്ഷൻ രംഗങ്ങൾക്കൊടുവിലാണ് പെരിങ്ങൊളം മണ്ണംപറമ്പത്ത് ടിങ്കു എന്ന ഷിജുവിന്റെ (33) അറസ്റ്റ്. ഷിജുവിനെ പിടികൂടാൻ ശ്രമിക്കവെ പൊലീസിനെ അൻപതോളം പേർ സംഘം ചേർന്ന് ആക്രമിച്ചു. ആക്രമണം ചെറുത്ത പൊലീസ് പ്രതിയെ ലോക്കപ്പിലടച്ചപ്പോൾ തലകൊണ്ടിടിച്ച് ഗ്രില്ല് തകർക്കാൻ ശ്രമിച്ച ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാരുടെ സഹായത്തോടെയാണ് കീഴ്‌പ്പെടുത്തിയത്.
സംഭവത്തിൽ ആറു പൊലീസുകാർക്കു സാരമായ പരുക്കുണ്ട്. ക്വട്ടേഷൻ സംഘത്തലവനും കഞ്ചാവ് കേസുകൾ അടക്കം നിരവധി കേസുകളിലെ പ്രതിയുമാണ് ഷിജു. 60ഓളം കേസുകൾ ഷിജുവിന്റെ പേരിലുണ്ടെങ്കിലും വർഷങ്ങളായി ഷിജുവിനെ കാണാൻ പോലും പൊലീസുകാർക്ക് കിട്ടിയിരുന്നില്ല. ചില കേസുകളിൽ കൂട്ടുപ്രതിയും സുഹൃത്തുമായ അപ്പൂസിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ഷിജു എരിമലയിൽ എത്തുമെന്നു രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഷിജു പൊലീസിന്റെ വലയിലായത്.
ഷിജു കല്ല്യാണത്തിന് എത്തുമെന്ന് മനസ്സിലാക്കി അസിസ്റ്റന്റ് കമ്മിഷണർ കെ.സുദർശന്റെ നേതൃത്വത്തിൽ ആന്റി നർകോട്ടിക് സ്‌പെഷൽ സ്‌ക്വാഡ് അംഗങ്ങൾ മഫ്തിയിൽ വീടിന്റെ പരിസരത്തു കാത്തു നിന്നിരുന്നു. വീട്ടിൽ നിന്നും പുറത്തേക്കോടിയ ഷിജുവിനെ പൊലീസ് പിന്തുടർന്നു പിടികൂടി. ഷിജു പിടിയിലായതോടെ വിവാഹവീട്ടിൽ നിന്നു ഷിജുവിന്റെ സഹോദരനും സുഹൃത്തുക്കളും അടക്കം അൻപതോളം പേർ എത്തി പൊലീസിനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.
ഗുണ്ടകളും പൊലീസും തമ്മിൽ പൊരിഞ്ഞ പോരാട്ടം തന്നെ നടന്നു. സിനിമയെ വെല്ലുന്ന സംഘട്ടത്തിനൊടുവിൽ ഷിജു കസ്റ്റഡിയിലായി. കൂടുതൽ പൊലീസ് എത്തിയാണു ഷിജുവിനെ വാഹനത്തിൽ കയറ്റിയത്. നിരവധി പൊലീസുകാർക്ക് പരുക്കേറ്റു. സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ.എ.ജോമോൻ (37), സിവിൽ പൊലീസ് ഓഫിസർമാരായ എം.മിഥുൻ (37), ജിനീഷ് (39), പി.സായൂജ് (30), അർജുൻ അജിത്ത് (28), സുനോജ് (37) എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോമോന്റെ കാലിന്റെ മുട്ടു തകർന്നതിനാൽ ശസ്ത്രക്രിയ വേണ്ടി വരും.
മെഡിക്കൽ കോളജ് സ്റ്റേഷനിലെത്തിച്ചു വൈദ്യപരിശോധനയ്ക്കു കൊണ്ടുപോകാനുള്ള നടപടി പൂർത്തിയാക്കുന്നതിനിടെ ഷിജു ലോക്കപ്പിന്റെ ഗ്രിൽ തല കൊണ്ട് ഇടിച്ചു തകർക്കാൻ ശ്രമിച്ചു. തുടർന്നു ലോക്കപ്പിൽ നിന്ന് ഇറക്കിയപ്പോൾ റോഡിലേക്ക് ഓടി, അവിടെ നിർത്തിയിട്ടിരുന്ന കാറിന്റെ മുൻഭാഗത്തെ ചില്ല് തലകൊണ്ട് ഇടിച്ചു തകർത്തു. കാറിന്റെ മുകളിൽ കയറി നിന്ന ഷിജുവിനെ നാട്ടുകാരും പൊലീസും ചേർന്നാണു പിന്നീടു സ്റ്റേഷനിലെത്തിച്ചത്. തുടർന്നു മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മറുനാടന് മലയാളി ബ്യൂറോ