- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടീഷ് പൗരത്വം ആയാൽ എന്തുമായി എന്ന് കരുതുന്ന മലയാളികൾ അറിയുക; മുന്നറിയിപ്പ് പോലും നൽകാതെ പൗരത്വം റദ്ദ് ചെയ്യാൻ പുതിയ നിയമം വരുന്നു; ബ്രിട്ടീഷ് നിയമങ്ങളും മൂല്യവും കാത്തില്ലെങ്കിൽ തിരിച്ചു നാട്ടിൽ പോവാം
ബ്രിട്ടനിലെ നാഷണാലിറ്റി ആൻഡ് ബോർഡേഴ്സ് ബില്ലിൽ പുതിയ മാറ്റം വരുന്നതോടെ ഒരു വ്യക്തിയുടെ ബ്രിട്ടീഷ് പൗരത്വം യാതൊരു മുന്നറിയിപ്പുമില്ലാതെ റദ്ദ് ചെയ്യപ്പെടാം. ഇതിലെ ഒമ്പതാം ക്ലോസിൽ പറയുന്നത് മുന്നറിയിപ്പ് കൊടുക്കുക എന്നത് പ്രായോഗികമായി അസംഭാവ്യമാണെന്ന് സർക്കാരിന് ബോദ്ധ്യം വരികയോ അല്ലെങ്കിൽ ദേശീയ സുരക്ഷയുടെയോ നയതന്ത്ര ബന്ധങ്ങളുടെയോ അടിസ്ഥാനത്തിലോ പൊതുജന താത്പര്യം മുൻനിർത്തിയോ, ഒരു വ്യക്തിയുടെ പൗരത്വം റദ്ദ് ചെയ്യുന്നതിനു മുൻപായി മുന്നറിയിപ്പ് നല്കേണ്ടതില്ല എന്നാണ്.
നേരത്തേ, സ്‌കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ ഇസ്ലാമിക സ്റ്റേറ്റിലെ ഭീകരർക്കൊപ്പം പ്രവർത്തിക്കാൻ സിറിയയിലേക്ക് കടന്ന വനിതാ തീവ്രവാദി ഷമീമ ബീഗത്തിന്റെ പൗരത്വം റദ്ദാക്കിയത് ഏറെ വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു. ഈ പുതിയ മാറ്റം കൂടി വരുമ്പോൾ ഹോം സെക്രട്ടറിയുടെ കൈയിൽ അളവില്ലാത്ത അധികാരം വന്നുചേരുമെന്ന് വിമർശകർ ചൂണ്ടിക്കാണിക്കുന്നു. അതേ സമയം ദേശീയ സുരക്ഷയ്ക്കും ബ്രിട്ടന്റെ സംസ്‌കാരവും മൂല്യങ്ങളും കാത്തുസൂക്ഷിക്കുവാൻ ഇത്തരത്തിലുള്ള നിയമങ്ങൾ വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
ഈ പുതിയ മാറ്റം, ബ്രിട്ടനിൽ ജനിച്ച് ബ്രിട്ടനിൽ വളർന്ന ചില പ്രത്യേക വംശത്തിൽ ഉള്ളവർക്ക് പോകാൻ മറ്റൊരിടമില്ലാതെയാക്കുമെന്ന് ഇൻസ്റ്റിറ്റിയുട്ട് ഓഫ് റേസ് റിലേഷൻസ് വൈസ് ചെയർമാൻ ഫ്രാൻസസ് വെബ്ബർ പറയുന്നു. അവരെ എക്കാലവും കുടിയേറ്റക്കാരായിട്ടായിരിക്കും പരിഗണിക്കുക എന്നും ആദ്ദേഹം ആരോപിക്കുന്നു. ഇത് ചില പ്രത്യേക വിഭാഗങ്ങൾക്കെതിരെ ഉപയോഗിക്കുവാനാണെന്നുള്ള ആരോപണവും ഉയരുന്നുണ്ട്.
ലണ്ടനിലെ ബോംബ് ആക്രമണങ്ങൾക്ക് ശേഷം 2005-ൽ ആയിരുന്നു ബ്രിട്ടീഷ് പൗരന്മാരുടെ പൗരത്വം റദ്ദ് ചെയ്യുന്നതിനുള്ള അധികാരം ഹോം ഓഫീസിന് നൽകിയത്. എന്നാൽ, ഇത് ഏറ്റവുമധികം ഉപയോഗിച്ചത് 2010-ൽ തെരേസ മാ ഹോം സെക്രട്ടറി ആയിരുന്ന കാലത്തായിരുന്നു. 2014=ൽ ഈ നിയമം കൂടുതൽ വിപുലപ്പെടുത്തി. പൗരത്വം റദ്ദാക്കുന്നതിനു മുൻപ് മുന്നറിയിപ്പ് നോട്ടീസ് നൽകണമെന്ന വ്യവസ്ഥ 2018-ൽ തന്നെ ദുർബലപ്പെടുത്തിയിരുന്നു. പൗരത്വം റദ്ദ് ചെയ്യപ്പെടുന്നവരുടെ ഫയലിൽ മുന്നറിയിപ്പിന്റെ ഒരു കോപ്പി ഇട്ടാൽ മതി എന്നായി ഇത്.
എന്നാൽ, ഇപ്പോൾ വരാൻ പോകുന്ന ഭേദഗതി, മുന്നറിയിപ്പ് നൽകേണ്ടതിന്റെ ആവശ്യകത തന്നെ ഇല്ലാതെയാക്കുകയാണ്. ഇങ്ങനെ മുന്നറിയിപ്പ് ഇല്ലാതെ പൗരത്വം റദ്ദ് ചെയ്യുന്നത് ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രമായിരിക്കുമെങ്കിലും അത്തരം സാഹചര്യങ്ങളുടെ വ്യാപ്തിയും വിപുലപ്പെടുത്തിയിട്ടുണ്ട്. അതായത്, രാജ്യവിരുദ്ധമായതെന്തെങ്കിലും നിങ്ങൾ ചെയ്തു എന്ന് സർക്കാരിന് ബോദ്ധ്യപ്പെട്ടാൽ ഒരു മുന്നറിയിപ്പുമില്ലാതെ നിങ്ങളുടെ പൗരത്വം റദ്ദ് ചെയ്യപ്പെടും. രാജ്യത്തിനും രാജ്യത്തിലെ നിയമങ്ങൾക്കും എതിരെ പ്രവർത്തിക്കുന്നവരെല്ലാം ബ്രിട്ടന് വെളിയിൽ പോകേണ്ടതായി വരും.
അനധികൃതമായി ബ്രിട്ടനിൽ കുടിയേറുന്നവരുടെ അവകാശങ്ങൾ ഇല്ലാതെയാക്കുക, അവരുടെ പ്രവർത്തി ക്രിമിനൽ കുറ്റമാക്കി മാറ്റുക, അതുപോലെ അനധികൃത കുടിയേറ്റം തടയുന്നതിനിടയിൽ നുഴഞ്ഞുകയറ്റക്കാർ മരണമടഞ്ഞാൽ അതിർത്തി സേനാംഗങ്ങളെ പ്രോസിക്യുട്ട് ചെയ്യപ്പെടുന്നതിൽ നിന്നും ഒഴിവാക്കുക, അനധികൃത കുടിയേറ്റക്കാർക്ക് ഏതെങ്കിലും വിധത്തിലുള്ള സഹായങ്ങൾ നൽകുന്നതും കുറ്റകരമാക്കുക തുടങ്ങി ഈ പുതിയ നിയമത്തിലെ മറ്റു വകുപ്പുകൾക്കെതിരെയും നിശിത വിമർശനം ഉയരുന്നുണ്ട്.
അതേസമയം രാജ്യത്തിന്റെയും അതിലെ പൗരന്മാരുടെയും സുരക്ഷയാണ് സർക്കാരിന്റെ പരമമായ ലക്ഷ്യം എന്ന നിലപാണ് ബോറിസ് ജോൺസനും പ്രീതി പട്ടേലിനും ഉള്ളത്. ബ്രിട്ടീഷ് പൗരത്വം എന്നത് ഒരു വിശിഷ്ടാനുകൂല്യമാണ് അല്ലാതെ അതൊരുഅവകാശമല്ല എന്നാണ് ഹോം ഡിപ്പാർട്ട്മെന്റ് വക്താവ് പറഞ്ഞത്. അതുകൊണ്ടു തന്നെ രാജ്യത്തിനും ജനങ്ങൾക്കും ഭീഷണിയാകും എന്നുകണ്ടാൽ ഒരു വ്യക്തിയിൽ നിന്നും ആ വിശിഷ്ടാനുകൂല്യം എടുത്തുകളയാനും ആകും എന്നും അവർ കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ