കണ്ണൂർ: നിർദ്ദിഷ്ട കൃത്രിമ ജലപാതയുടെ പാരിസ്ഥിതകവും സാമൂഹ്യവുമായ പ്രത്യാഘാതങ്ങളെ കുറിച്ച് പഠിക്കുന്നതിന് കണ്ണൂർ ജില്ലയിലെ പദ്ധതി പ്രദേശങ്ങൾ സന്ദർശിക്കുന്നതിനും വിവിധപ്രദേശങ്ങളിലെ ജനങ്ങളുടെ അഭിപ്രായങ്ങൾ സ്വരൂപിക്കുന്നതിനും യു.ഡി.എഫ് ഉപസമിതി യോഗം തീരുമാനിച്ചു. നിർദ്ദിഷ്ട പദ്ധതിയെ കുറിച്ച് പൊതുജനങ്ങളിൽ വലിയതോതിൽ ആശങ്ക നിലനിൽക്കുകയാണെന്നും കുടിയൊഴിപ്പിക്കുന്നവരുടെയും, കൃഷിപ്പാടങ്ങളും മറ്റും നഷ്ടപെടുന്നവരുമായവരുടെ പ്രയാസങ്ങൾ മുഖവിലക്കെടുക്കേണ്ടതാണെന്നും, ഉപസമിതിയുടെ പ്രഥമയോഗംവിലയിരുത്തി.

ചെയർമാൻ അഡ്വ:സണ്ണീജോസഫ് എംഎ‍ൽഎ അധ്യക്ഷത വഹിച്ചു. കൺവീനർ അഡ്വ:അബ്ദുൽകരീം ചേലേരി , യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി മാത്യു , ഡി.സി.സി. പ്രസിഡണ്ട് മാർട്ടിൻ ജോർജ് , സതീശൻ പാച്ചേനി , സി.എ അജീർ , പി.സുനിൽ കുമാർ എന്നിവർ സംബന്ധിച്ചു. മേയർ ടി. ഒ. മോഹനൻ , വി.വി. പുരുഷോത്തമൻ , കെ.പിസാജു ,വിവിധപ്രദേശങ്ങളിൽ രൂപീകൃതമായ ജലപാത വിരുദ്ധ ആക്ഷൻ കമ്മറ്റികളുടെ ഭാരവാഹികൾ എന്നിവർ ആശങ്കകളും അഭിപ്രായങ്ങളും രേഖപ്പെടുത്തി.

കഴിഞ്ഞ ദിവസം കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ നിർദ്ദേശപ്രകാരം ജലപാത പദ്ധതിയെ കുറിച്ചു പഠിക്കാൻ യു.ഡി.എഫ് സമിതിയെ നിയോഗിച്ചിരുന്നു. കണ്ണൂർ ചേമ്പർ ഹാളിൽ എംപി സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ നിർദ്ദിഷ്ട ജല പാതാ പദ്ധതിയുടെ പേരിൽ നടക്കുന്ന കുടിയിറക്കലിനെതിരെ നൂറു കണക്കിന് പരാതികളാണ് ലഭിച്ചത്.