- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെതർലൻഡിൽ ലോക്ക്ഡൗണിനെതിരെ തെരുവിലിറങ്ങിയ ജനകൂട്ടത്തിന് നേരെ വെടിവയ്പ്പ്;ആസ്ട്രിയയിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ; ക്രിസ്ത്മസ്സിന് അടുച്ചുപൂട്ടുമെന്ന് ജർമ്മനി; വാക്സിനേഷൻ പൂർത്തിയാക്കിയിട്ടും കോവിഡ് പടരുന്നതോടെ യൂറോപ്പ് വീണ്ടും അടച്ചുപൂട്ടുന്നു
യൂറോപ്പിൽ കൊറോണയുടെ താണ്ഡവം വീണ്ടും ആരംഭിച്ചതോടെ പല രജ്യങ്ങളിലും സ്ഥിതിഗതികൾ ഏറെ വഷളാകാൻ തുടങ്ങി. നെതർലാൻഡ്സിൽ ഭാഗികമായി ഏർപ്പെടുത്തിയ ലോക്ക്ഡൗണിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയവർക്ക് എതിരെ പൊലീസിന് വെടിവെയ്‌പ്പ് നടത്തേണ്ടതായി വന്നു. തുറമുഖനഗരമായ റോട്ടർഡാമിലായിരുന്നു പ്രതിഷേധക്കാർക്കെതിരെ പൊലീസ് വെടിയുതിർത്തത്. നിരവധി പേർക്ക് പരിക്കേറ്റതായി പൊലീസ് പറഞ്ഞു. റോട്ടെർഡാമിലെ പ്രധാന വീഥികളിലെല്ലാം തീ കൂട്ടി ഗതാഗതം തടസ്സപ്പെടുത്തുകയുംപടക്കങ്ങൾ കത്തിച്ചെറിയുകയും ചെയ്ത പ്രതിഷേധക്കാരെ ഒഴിവാക്കാൻ നേരത്തേ പൊലീസ് ജലപീരങ്കി ഉപയോഗിക്കുകയും ചെയ്തിരുന്നു.
സമാധാനപരമായി തുടങ്ങിയ പ്രതിഷേധം അക്രമാസക്തമായ ലഹളയായി മാറിയതോടെയാണ് പൊലീസിന് വെടിവെയ്ക്കേണ്ടി വന്നത് എന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. അതിനിടെ ലഹളക്കാർ പൊലീസുകാരെ ആക്രമിക്കുന്നതും പൊലീസ് വാഹനങ്ങൾക്ക് തീയിടുന്നതുമായ ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടുമുണ്ട്. ഒരു പത്രപ്രവർത്തകനെയും ജനക്കൂട്ടം ആക്രമിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അയാളുടെ കാമറയും ജനക്കൂട്ടം തകർത്തു. ഫുട്ബോൾ ആരാധകരുടെ ചെറു സംഘങ്ങളാണ് പ്രതിഷേധത്തെ അക്രമാസക്തമാക്കിയതെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പുതിയ ലോക്ക്ഡൗൺ നിയമം അനുസരിച്ച് നെതർലാൻഡ്സിൽ പല ഇൻഡോർ വെന്യു കളിലും പ്രവേശിക്കുവാൻ കോവിഡ് പാസ്സ്പോർട്ട് ഉള്ളവർക്ക് മാത്രമേ കഴിയുകയുള്ളു. അതായത്, വാക്സിന്റെ രണ്ട് ഡോസ് എടുത്തവർക്ക് മാത്രമായിരിക്കും പ്രവേശനം. അതില്ലാത്തവർക്ക് പ്രവേശിക്കണമെങ്കിൽ കോവിഡ് നെഗറ്റീവ് ടെസ്റ്റ് റിപ്പോർട്ട് കൈയിൽ കരുതണം. അതുപോലെ സൂപ്പർമാർക്കറ്റ് ഉൾപ്പടെയുള്ള കടകളെല്ലാം രാത്രി 8 മണീക്ക് ശേഷം തുറന്നു പ്രവർത്തിക്കുവാൻ പാടുള്ളതല്ല, അത്യാവശ്യമല്ലാത്ത സാധനങ്ങൾ വിൽക്കുന്ന കടകൾ വൈകിട്ട് 6 മണിയോടെ അടച്ചുപൂട്ടണം.
അതേസമയം, തൊട്ടടുത്തുള്ള ആസ്ട്രിയ സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. യൂറോപ്പിൽ വീണ്ടും സമ്പൂർണ്ണ ലോക്ക്ഡൗൺ കൊണ്ടുവരുന്ന ആദ്യ രാജ്യമായി മാറിയിരിക്കുകയാണ് ആസ്ട്രിയ. ജർമ്മനിയും ഇതേ വഴി പിന്തുടരുമെന്ന സൂചനകൾ നൽകിക്കഴിഞ്ഞു. ക്രിസ്ത്മസ്സിനുശേഷമായിരിക്കും ജർമ്മനി ലോക്ക്ഡൗണിലേക്ക് പോവുക എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ. യൂറോപ്പിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ ജർമ്മനിയെ കൊറോണയുടെ നാലാം തരംഗം തകർത്തെറിയുകയാണെന്നാണ് അവിടേനിന്നും വരുന്ന റിപ്പോർട്ടുകളീൽ പറയുന്നത്.
വാക്സിനേഷൻ കൊണ്ടു മാത്രാം കോവിഡിനെ പിടിച്ചുകെട്ടാനാകില്ലെത്ത തിരിച്ചറിവിലാണ് ഇപ്പോൾ യൂറോപ്പിലെ ഭരണകൂടങ്ങളെല്ലാം തന്നെ ജർമ്മൻ ആരോഗ്യകാര്യമന്ത്രി അക്കാര്യം തുറന്നു പറയുകയും ചെയ്തു. സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ച ആസ്ട്രിയയിൽ ഫെബ്രുവരി 1 ന് മുൻപായി രാജ്യത്തെ മൊത്തം ജനങ്ങളും വാക്സിൻ എടുത്തിരിക്കണം എന്നും നിർദ്ദേശമുയർന്നിട്ടുണ്ട്. ഈ രണ്ട് നിർദ്ദേശങ്ങളും ആസ്ട്രിയയിൽ വൻ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
കഴിഞ്ഞ ഒരാഴ്‌ച്ചയായി യൂറോപ്പിൽ, പ്രത്യേകിച്ചും പശ്ചിമ യൂറോപ്പിൽ കോവിഡ് കത്തിപ്പടരുകയാണ്. 1 ലക്ഷം പേരിൽ 991 കോവിഡ് രോഗികൾ എന്നതാണ് ഇപ്പോൾ പശ്ചിമയൂറോപ്പിലെ സാഹചര്യം. നേരത്തേ ചെക്ക് റിപ്പബ്ലിക്കിലും സ്ലോവാക്യയിലും വാക്സിൻ എടുക്കാത്തവർക്ക് പൊതുയിടങ്ങളിൽ പ്രവേശനം നിഷേധിച്ചിരുന്നു. അതെസമയം, ബെൽജിയത്തിലും ഇന്റൻസീവ് കെയർ സൗകര്യങ്ങൾ തികയാത്ത സാഹചര്യത്തിലേക്ക് കടക്കുകയാണെന്ന് റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
അതേസമയം, പശ്ചിമ യൂറോപ്പിൽ ഏറ്റവുമധികം രോഗവ്യാപനമുള്ള ബ്രിട്ടൻ പക്ഷെ ലോക്ക്ഡൗണിനെ കുറിച്ച് ചിന്തിക്കുന്നതേയില്ല. വാക്സിന്റെ മൂന്നാം ഡോസ് നൽകാനുള്ള ശ്രമത്തിലാണ് ബ്രിട്ടൻ. വാക്സിനിൽ വിശ്വസിച്ച് കോവിഡിനൊപ്പം ജീവിക്കുക എന്നതാണ് ഇപ്പോൾ ബ്രിട്ടന്റെ മുദ്രാവാക്യം.
മറുനാടന് മലയാളി ബ്യൂറോ