കൊട്ടാരക്കര: ടിപ്പറിന്റെ അടിയിൽപ്പെട്ട് ഗ്രേഡ് എസ്‌ഐ മരിച്ചു. താലൂക്ക് ആശുപത്രിയിലെ എയ്ഡ് പോസ്റ്റ് ഡ്യൂട്ടിക്കിടെ ചായ കുടിക്കാൻ റോഡിലേക്ക് ഇറങ്ങിയ കൊട്ടാരക്കര സ്റ്റേഷനിലെ എസ്‌ഐ പൂയപ്പള്ളി സ്വദേശി ഇളമ്പൽ കുണ്ടയം ബെസ്സി ഭവനിൽ ജോൺസൺ (53) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഏഴേകാലോടെയാണ് സംഭവം.

കോന്നിയിൽ നിന്നു പാറപ്പൊടിയുമായി കുണ്ടറ ഭാഗത്തേക്കു പോവുകയായിരുന്ന ടിപ്പറിടിച്ചായിരുന്നു അപകടം റോഡ് കുറുകെ കടക്കാനായി മുന്നോട്ടു നീങ്ങിയ ജോൺസൺ ലോറിക്കടിയിൽപെടുകയായിരുന്നു. പിൻചക്രം തലയിലൂടെ കയറിയിറങ്ങിയതിനെ തുടർന്ന് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ജോൺസൺ ടിപ്പറിന് മുന്നിലേക്ക് കുഴഞ്ഞു വീണതാകാമെന്നും പൊലീസ് സംശയിക്കുന്നു.

ജോൺസണ് നേരത്തേ കോവിഡ് ബാധിച്ചിരുന്നു. ഇതിനു ശേഷം കടുത്ത ശാരീരിക അവശതകൾ ഉണ്ടായിരുന്നതായി സഹപ്രവർത്തകർ പറയുന്നു. ഇന്നലത്തെ ഡ്യൂട്ടി തീരാൻ 2 മണിക്കൂർ ബാക്കി നിൽക്കെയാണ് സംഭവം. സമീപകാലം വരെ റെയിൽവേ പൊലീസ് ഡ്യൂട്ടിയിലായിരുന്നു. ഏതാനും ആഴ്ച മുൻപാണ് കൊട്ടാരക്കര സ്റ്റേഷനിൽ എത്തിയത്. മൃതദേഹം ഇന്നു രാവിലെ 7ന് കൊട്ടാരക്കര പൊലീസ് സ്റ്റേഷനിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് ഇളമ്പൽ കിരൺ ഹൗസിലും പൊതുദർശനത്തിന് ശേഷം 12ന് ഇളമ്പൽ മരങ്ങാട് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് ചർച്ചിൽ സംസ്‌കാരം.

ഭാര്യ: ബെസ്സി ജോൺസൻ (അദ്ധ്യാപിക, ഗവ.എച്ച്എസ് പുനലൂർ). മക്കൾ: കിരൺ ജോൺസൻ, കെവിൻ ജോൺസൻ.