ചെന്നൈ/ബെംഗളൂരു/ അമരാവതി: കേരളത്തിന് പുറമേ തമിഴ്‌നാട്ടിലും കർണാടകയിലും ആന്ധ്രയിലും കനത്ത മഴ. മൂന്ന് സംസ്ഥാനങ്ങളിലുമായി നിരവധി പേർ മരിക്കുകയും ചെയ്തു. ു തമിഴ്‌നാട്ടിലെ വെല്ലൂരിൽ വീടിനു മുകളിലേക്കു മതിലിടിഞ്ഞു വീണ് 4 കുട്ടികൾ അടക്കം ഒമ്പത് പേരും കർണാടക ചിത്രദുർഗയിൽ വീടു തകർന്ന് 3 പേരും മരിച്ചു. ആന്ധ്രയിൽ ഇന്നലെ ബസ് ഒഴുക്കിൽപ്പെട്ട് 17 പേർ മരിച്ചു. നൂറോളം പേരെ കാണാതായി.

മഴയിലും മൂടൽമഞ്ഞിലും കാഴ്ച മങ്ങിയതിനെ തുടർന്നു ബെംഗളൂരു വിമാനത്താവള റോഡിലുണ്ടായ വാഹനാപകടത്തിൽ 3 പേർ മരിച്ചു. ബെംഗളൂരുവിൽ 5 ദിവസം കൂടി മഴ തുടരുമെന്നാണു പ്രവചനം. വെല്ലൂരിൽ പാലാർ നദി കരകവിഞ്ഞതിനെ തുടർന്ന് മേഖലയിലുള്ളവരെ ഒഴിപ്പിച്ചെങ്കിലും മാറാൻ തയാറാകാതിരുന്നവരുടെ വീടിനു മുകളിലേക്കാണു മതിലിടിഞ്ഞത്. മൂന്നും നാലും ആറും പതിമൂന്നും വയസ്സുള്ള കുട്ടികൾ ഉറങ്ങിക്കിടക്കവേ ആയിരുന്നു ദുരന്തം. പരുക്കേറ്റ 9 പേരിൽ 2 പേരുടെ നില ഗുരുതരമാണ്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട് കനത്ത മഴയുമായെത്തിയ ന്യൂനമർദം ദുർബലമായി തീരം കടന്നു പോയതിന്റെ ആശ്വാസത്തിലാണു ചെന്നൈ.

ആന്ധ്രയിൽ ന്യൂനമർദത്തെ തുടർന്നുണ്ടായ മഴ തുടരുകയാണ്. റായലസീമയിലെ മൂന്ന് ജില്ലകളിലും തെക്കൻ കടൽത്തീരമേഖലയിലും സ്ഥിതി രൂക്ഷമാണ്. കടപ്പ, അനന്തപുർ ജില്ലകളിൽ പ്രളയ മുന്നറിയിപ്പ് നൽകി. കടപ്പയിൽ ട്രാൻസ്‌പോർട്ട് ബസ് ഒഴുക്കിൽ പെട്ട് കണ്ടക്ടറും 2 യാത്രക്കാരും മരിച്ചു. 2 പേരെ രക്ഷപ്പെടുത്തി.

കടപ്പയിൽ 33 ദുരിതാശ്വാസ ക്യാംപുകളിലായി 1200 പേരെ മാറ്റിപ്പാർപ്പിച്ചു. ചിറ്റൂരിൽ സ്വർണമുഖീ നദി കരകവിഞ്ഞൊഴുകുകയാണ് ഒട്ടേറെ പ്രദേശങ്ങളിൽ റോഡ് ഒഴുകിയൊലിച്ചു. ദക്ഷിണ മധ്യ റെയിൽവേ 5 എക്സ്‌പ്രസുകൾ ഉൾപ്പെടെ 16 വണ്ടികൾ റദ്ദാക്കി. 27 വണ്ടികൾ വഴിതിരിച്ചുവിട്ടു.

കനത്തമഴയും തിരുമലയിലേക്കുള്ള രണ്ട് പ്രധാന പാതകളിലെ മണ്ണിടിച്ചിലും കാരണം തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. കാൽനടയായി പോകുന്ന വഴിയും തടസ്സപ്പെട്ടു. കുടുങ്ങിയ തീർത്ഥാടകർക്ക് ദേവസ്വം അധികൃതർ സൗജന്യ ഭക്ഷണവും താമസവും ഏർപ്പെടുത്തി. റെനിഗുണ്ടയിലെ രാജ്യാന്തര വിമാനത്താവളം പ്രളയ ഭീഷണിയിലായതിനെ തുടർന്ന് സർവീസ് നിർത്തിവച്ചിരുന്നു.