- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അർധ സെഞ്ചുറിയുമായി രോഹൻ കദമും മനീഷ് പാണ്ഡെയും; ദർശൻ നാൽകണ്ഡെയുടെ ഡബിൾ ഹാട്രിക്ക് പ്രകടനത്തിലും അടിതെറ്റാതെ കർണാടക; സയ്യിദ് മുഷ്താഖ് അലി ട്രോഫി സെമിയിൽ വിദർഭയെ നാല് റൺസിന് കീഴടക്കി ഫൈനലിൽ; എതിരാളി തമിഴ്‌നാട്
ന്യൂഡൽഹി: സയ്യിദ് മുഷ്താഖ് അലി ട്രോഫി സെമി ഫൈനലിലെ ആവേശപ്പോരിൽ വിദർഭയെ നാല് റൺസിന് കീഴടക്കി കർണാടക സെമിയിൽ. കർണാടകയ്ക്ക് എതിരെ 177 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വിദർഭയ്ക്ക് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 172 റൺസ് എടുക്കാനെ കഴിഞ്ഞുള്ളു. ആദ്യ സെമിയിൽ ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തമിഴ്‌നാടും കീഴടക്കിയതോടെ ഇത്തവണ സയ്യിദ് മുഷ്താഖ് അലി ട്രോഫി ഫൈനൽ കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകൾ മുഖാമുഖം വരുമെന്ന് ഉറപ്പായി.
കർണാടകയുടെ ഇന്നിങ്‌സിൽ അവസാന ഓവറിൽ തുടർച്ചയായി നാലു പന്തുകളിൽ വിക്കറ്റെടുത്ത് ഡബിൾ ഹാട്രിക്കും പിന്നീട് ബാറ്റിങ്ങിൽ ഇന്നിങ്‌സിലെ അവസാന പന്തിൽ ഫോറും നേടി ദർശൻ നാൽകണ്ഡെയുടെ മിന്നുന്ന പ്രകടനം നടത്തിയെങ്കിലും വിദർഭയെ രക്ഷിക്കാൻ കഴിഞ്ഞില്ല.
വിദർഭയ്ക്കെതിരെ ആദ്യം ബാറ്റു ചെയ്ത കർണാടക നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 176 റൺസ്. അർധസെഞ്ചുറി നേടിയ ഓപ്പണർമാരായ രോഹൻ കദം (87), മനീഷ് പാണ്ഡെ (54) എന്നിവരാണ് കർണാടകയ്ക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്. ഇവർ പുറത്തായശേഷം കൂട്ടത്തകർച്ചയിലേക്ക് കൂപ്പുകുത്തിയാണ് കർണാടക 176 റൺസിൽ ഒതുങ്ങിയത്. പിന്നീട് വന്നവരിൽ രണ്ടക്കം കണ്ടത് 13 പന്തിൽ 27 റൺസെടുത്ത അഭിനവ് മനോഹർ മാത്രം.
അവസാന ഓവറിൽ തുടർച്ചയായി നാലു പന്തുകളിൽ നാലു വിക്കറ്റെടുത്ത് ഡബിൾ ഹാട്രിക് സ്വന്തമാക്കിയ വിദർഭ പേസർ ദർശൻ നാൽകണ്ഡെയാണ് കർണാടകയുടെ കുതിപ്പിന് മൂക്കുകയറിട്ടത്. അനിരുദ്ധ ജോഷി (1), ശരത് (0), ജെ. സുചിത് (0), അഭിനവ് മനോഹർ (27) എന്നിവരെയാണ് തുടർച്ചയായ പന്തുകളിൽ ദർശൻ പുറത്താക്കിയത്. അവസാന രണ്ട് ഓവറിൽ നാലു വിക്കറ്റ് നഷ്ടമാക്കിയ കർണാടകയ്ക്ക് നേടാനായത് രണ്ടു റൺസ് മാത്രം!
മറുപടി ബാറ്റിങ്ങിൽ ബാറ്റെടുത്തവരെല്ലാം ഭേദപ്പെട്ട സംഭാവനകൾ നൽകിയതോടെ വിദർഭ വിജയം സ്വപ്നം കണ്ടതാണ്. എന്നാൽ, അവസാന ഓവറിൽ വിജയത്തിലേക്ക് 14 റൺസ് എന്ന നിലയിൽനിൽക്കെ അവർക്ക് നേടാനായത് 9 റൺസ് മാത്രം. 16 പന്തിൽ മൂന്നു ഫോറും രണ്ടു സിക്‌സും സഹിതം 32 റൺസെടുത്ത ഓപ്പണർ അഥർവ തായ്‌ഡെയാണ് ടോപ് സ്‌കോറർ.
ആദ്യ സെമിയിൽ ഹൈദരാബാദിനെ എട്ടു വിക്കറ്റിന് തോൽപ്പിച്ചാണ് തമിഴ്‌നാട് ഫൈനലിന് ടിക്കറ്റെടുത്തത്. ടോസ് നേടിയ തമിഴ്‌നാട് ഹൈദരാബാദിനെ ബാറ്റിങ്ങിന് അയച്ചു. ബോളർമാർ മിന്നിത്തിളങ്ങിയതോടെ അവർ ഹൈദരാബാദിനെ 18.3 ഓവറിൽ വെറും 90 റൺസിന് പുറത്താക്കി. ഹൈദരാബാദ് നിരയിൽ രണ്ടക്കം കണ്ടത് 24 പന്തിൽ 25 റൺസെടുത്ത തനയ് ത്യാഗരാജൻ മാത്രം. 3.3 ഓവറിൽ 21 റൺസ് മാത്രം വഴങ്ങി 5 വിക്കറ്റെടുത്ത ശരവണ കുമാറാണ് ഹൈദരാബാദിനെ തകർത്തത്.
മറുപടി ബാറ്റിങ്ങിൽ 16 റൺസിനിടെ രണ്ടു വിക്കറ്റ് നഷ്ടമായെങ്കിലും, പിരിയാത്ത മൂന്നാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത സായ് സുദർശൻ ക്യാപ്റ്റൻ വിജയ് ശങ്കർ കൂട്ടുകെട്ട് തമിഴ്‌നാടിനെ വിജയത്തിലെത്തിച്ചു. സായ് സുദർശൻ 31 പന്തിൽ നാലു ഫോറുകൾ സഹിതം 34 റൺസുമായി പുറത്താകാതെ നിന്നു. വിജയ് ശങ്കർ 40 പന്തിൽ നാലു ഫോറും ഒരു സിക്‌സും സഹിതം 43 റൺസോടെയും പുറത്താകാതെ നിന്നു.
സ്പോർട്സ് ഡെസ്ക്