തൃശൂർ: അനാഥ ബാല്യത്തിന്റെ നോവിലും കൈപ്പേറിയ ജീവിതാനുഭവങ്ങളിലും പതറാചെ പോസിറ്റീവായി ജീവിതത്തെ സമീപിച്ച വിനയിന്റെ ജീവിതം സിനിമയാകുന്നു. തൃശൂർ ചെറുതുരുത്തി കലാനിള കമ്മ്യൂണിക്കേഷൻ നിർമ്മിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് ഉണ്ണികൃഷ്ണൻ സാരംഗിയാണ്.

വിനയൻ സിനിമയുടെ സ്വിച്ചോൺ കർമ്മവും ഭദ്രദീപം തെളിയിക്കലും മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിർവഹിക്കുന്നു. ജീവിതത്തിലെ എല്ലാ തിരിച്ചടികളോടും ധീരമായി പോരാടി ജീവിക്കുന്ന വിനയ് എന്ന അനാഥന്റെ കഥ ഒരു പൊലീസുകാരന്റെ വീഡിയോയിലൂടെയാണ് ലോകം അറിഞ്ഞത്. അച്ഛനെയും അമ്മയെയും ഓർമ്മയില്ലാത്ത വിനയ് പത്താം വയസിൽ മുംബൈയിലെത്തി അവിടെ റെയിൽവേ സ്റ്റേഷനിൽ പാർപ്പുതുടങ്ങി. പച്ചവെള്ളവും ബ്രഡ്ഡും കഴിച്ച് വിശപ്പടക്കി. പിന്നീട് നാട്ടിൽ തിരിച്ചെത്തി പല ജോലികൾ ചെയ്തു പഠിച്ചു.

വിനയിന്റെ കഥ വായിച്ചറിഞ്ഞ് നടൻ മോഹൻലാലും എഴുത്തുകാരി എം. ലീലാവതിയും സംവിധായകൻ രഞ്ജിത്തും മജീഷ്യൻ ഗോപിനാഥ് മുതുകാടും അടക്കം ഒട്ടേറെപ്പേർ പഠന സഹായങ്ങൾ നൽകിയിരുന്നു. തീരാ സങ്കടങ്ങൾക്കിടയിലൂടെയും സ്വന്തമായി അധ്വാനിച്ച് പഠനം തുടർന്ന വിനയ് ഇപ്പോൾ ഡിഗ്രി വിദ്യാർത്ഥിയാണ്. തന്റെ കഥ സിനിമയാകുമ്പോഴും ജീവിതത്തിലെ ഏറ്റവും വലിയ മോഹമായ മാതാപിതാക്കളെ കണ്ടെത്താനുള്ള അന്വേഷണം വിനയ് തുടരുകയാണ്.

കലാനില കമ്മ്യൂണിക്കേഷൻസ് ഒരുക്കുന്ന സിനിമയുടെ തിരക്കഥ എഴുതുന്നത് സിദ്ദിഖ് വള്ളത്തോൾ നഗർ, ഷിജേഷ് ഷൊർണൂർ, ജയൻ പേരാമംഗലം എന്നിവർ ചേർന്നാണ്. മുരുകൻ കാട്ടാക്കടയുടെ വരികൾക്ക് നാസർ മാലികും ഷിജേഷ് ഷൊർണൂരും സംഗീതം പകരുന്നു. ഷെട്ടി മണിയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.

ഞായറാഴ്ച തൃശൂർ പ്രസ് ക്ലബ്ബിൽ നടന്ന സിനിമയുടെ സ്വിച്ചോൺ കർമ്മവും ഭദ്രദീപം തെളിയിക്കലും മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിർവഹിച്ചു. ചടങ്ങിൽ വിനയ്, നടി കുളപ്പുള്ളി ലീല, സിപിഐ. ലോക്കൽ കമ്മിറ്റി സെക്രട്ടറി മൊയ്തീൻ കുട്ടി, മാതൃഭൂമി സീനിയർ റിപ്പോർട്ടർ സിറാജ് കാസിം, വിനയിനെക്കുറിച്ച് ഫേസ്‌ബുക്കിൽ കുറിപ്പിട്ട സിവിൽ പൊലീസ് ഓഫീസർ ബിനു പഴയിടത്ത്, സംവിധായകൻ ഉണ്ണികൃഷ്ണൻ സാരംഗി, തിരക്കഥാകൃത്ത് സിദ്ദിഖ് വള്ളത്തോൾ നഗർ എന്നിവർ സംസാരിച്ചു.