പോർട്ട്ലാൻഡ് (ഒറിഗൻ): വിസ്‌കോൺസിലിൽ രണ്ടു പേരെ വെടിവച്ചു കൊലപ്പെടുത്തുകയും, ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത കേസിൽ പ്രതി കുറ്റക്കാരനല്ലെന്നുള്ള കോടതി വിധിക്കെതിരേ പോർട്ട്ലാൻഡിൽ വർഗീയ കലാപം പൊട്ടിപ്പുറപ്പെട്ടതായി ലോ എൻഫോഴ്സ്മെന്റ് അധികൃതർ വെള്ളിയാഴ്ച രാത്രി അറിയിച്ചു.

പ്രകടനക്കാർ ജനാലകൾ അടിച്ചുതകർക്കുകയും, പൊലീസിനെതിരേ കല്ലുകൾ വലിച്ചെറിയുകയും, പോർട്ട് ലാൻഡ് ഡൗൺ ടൗണിലുള്ള ലോക്കൽ ഗവൺമെന്റ് കെട്ടിടങ്ങൾക്ക് തീയിടുകയും ചെയ്തതിനെ തുടർന്നാണ് വർഗീയ കലാപമായി പൊലീസ് ചിത്രീകരിച്ചത്.

പതിനെട്ടു വയസുള്ള ഗെയ്ൻ റിട്ടൻഹൗസ് പ്രതിഷേധക്കാർക്കുനേരെ നിറയൊഴിച്ചത് സ്വയരക്ഷയ്ക്കുവേണ്ടിയാണെന്ന വാദം ഭാഗികമായി അംഗീകരിച്ചശേഷം കോടതി യുവാവിനെ കൊലക്കേസിൽ നിന്നും കുറ്റവിമുക്തനാക്കിയത്.

വിധിയെത്തുടർന്ന് വിസ്‌കോൺസിനിൽ മാത്രമല്ല യുഎസിന്റെ വിവിധ സിറ്റികളിലും പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കപ്പെട്ടു. ന്യൂയോർക്ക്, ലോസ്ആഞ്ചലസ്, ഷിക്കാഗോ സിറ്റികളിലും പ്രകടനം നടന്നുവെങ്കിലും സമാധാനപരമായിരുന്നു. ശനിയാഴ്ച ആയിരത്തിലധികം പേരാണ് ഷിക്കാഗോ ഡൗൺ ടൗണിൽ നടന്ന പ്രകടനത്തിൽ പങ്കെടുത്തത്. 'ബ്ലാക് ലൈവ്സ് മാറ്ററാണ്' ഷിക്കാഗോയിൽ പ്രകടനം സംഘടിപ്പിച്ചത്. നോ ജസ്റ്റീസ്, നോ പീസ് വൈറ്റ് സുപ്രമസി അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പ്രകടനക്കാർ മുഴക്കിയത്.