മുംബൈ: ഓടിത്തുടങ്ങിയ ട്രെയിനിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ വീണ് അപകടത്തിലായ യാത്രക്കാരിയെ സമയോചിത ഇടപെടലിലൂടെ രക്ഷിച്ച് റെയിൽവേ പൊലീസ് ഉദ്യോഗസ്ഥ. മുംബൈ ബൈക്കുള റെയിൽവേ സ്റ്റേഷനിലാണ് സംഭവം. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.

യാത്രക്കാരി വീഴുന്നത് ശ്രദ്ധയിൽപ്പെട്ട റെയിൽവേ പൊലീസ് ഉദ്യോഗസ്ഥ സപ്ന ഗോൽകറിന്റെ രക്ഷാ പ്രവർത്തനമാണ് യാത്രക്കാരിയെ വലിയ അപകടത്തിൽ നിന്നും രക്ഷിച്ചത്. രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് സപ്ന ഇത്തരത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നത്. ട്രെയിനിനും പാളത്തിനുമിടയിൽ കുടുങ്ങിയ യാത്രക്കാരി മുന്നോട്ട് പോകുന്നതിനിടെ ശരവേഗത്തിൽ ഓടിയെത്തിയ സപ്ന ഇവരെ വലിച്ച് രക്ഷപ്പെടുത്തുകയായിരുന്നു.

കാര്യമായി പരിക്കേൽക്കാത്ത യാത്രക്കാരി ഉടൻ തന്നെ എഴുന്നേറ്റ് നിൽക്കുന്നതും വീഡിയോയിൽ കാണാം. ഇന്ത്യൻ റെയിൽവേയുടെയും റെയിൽവേ മന്ത്രാലയത്തിന്റെയും ട്വിറ്റർ അക്കൗണ്ടികളിൽ പോസ്റ്റ് ചെയ്ത വീഡിയോ വൻ ഹിറ്റായി. നിരവധി പേരാണ് പൊലീസ് ഉദ്യോഗസ്ഥയ്ക്ക് അഭിനന്ദനങ്ങളുമായി എത്തിയത്. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകളിൽ ഒരു കാരണവശാലും കയറാൻ ശ്രമിക്കരുതെന്നും റെയിൽവേ ഓർമിപ്പിക്കുന്നു.