ഹോഷൻഗാബാദ്: റെയിൽവേ ട്രാക്കിൽനിന്ന് വിഡിയോയ്ക്കു പോസ് ചെയ്യുന്നതിനിടെ ട്രെയിൻ ഇടിച്ച് യുവാവ് മരിച്ചു. മധ്യപ്രദേശിലെ ഹോഷൻഗാബാദ് ജില്ലയിലാണ് അപകടം. ഇരുപത്തിരണ്ടുകാരനായ സൻജു ചൗരേ ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ സൻജുവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു.

സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്യുന്നതിനു വേണ്ടി സുഹൃത്തുമൊന്ന് വിഡിയോ ചിത്രീകരിക്കുകയായിരുന്നു സൻജുവെന്ന് പൊലീസ് പറഞ്ഞു. ചിത്രീകരണത്തിനിടെ ഗുഡ്സ് ട്രെയിൻ വന്നത് സൻജു അറിഞ്ഞില്ലെന്നാണ് കരുതുന്നതെന്ന് പൊലീസ് പറയുന്നു. ശരദേവ് ബാബ പ്രദേശ്തത് വൈകിട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്.

സൻജുവിനെ ട്രെയിൻ ഇടിച്ചുതെറിപ്പിക്കുന്നതും സുഹൃത്ത് ചിത്രീകരിച്ച വിഡിയോയിൽ ഉണ്ട്. ഗുഡ്സ് ട്രെയിനിന്റെ ഡ്രൈവർ യുവാവിനെ ട്രാക്കിൽ കണ്ട് തുടർച്ചയായി ഹോൺ മുഴക്കിയെങ്കിലും അപകടം ഒഴിവാക്കാനായില്ല.