ശബരിമല: ആശങ്കകൾ ഒഴിഞ്ഞതോടെ ശബരിമല തീർത്ഥാടകരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. ഭക്തർ കൂട്ടമായി എത്തിയതോടെ നടവരവിലും കാണിക്കയിലും എല്ലാം വർദ്ധനവുണ്ടായി. മണ്ഡലകാലം തുടങ്ങി ഒരാഴ്ച പിന്നിടുമ്പോൾ വരുമാനം ആറു കോടി കടന്നു. ആകെ ബുക്ക് ചെയ്ത് 19,078ൽ 12,300 പേർ ദർശനത്തിനെത്തി. പുലർച്ചെ 4ന് നട തുറന്നപ്പോഴും ഉഷപൂജ, ഉച്ചപൂജ, ദീപാരാധന എന്നീ സമയങ്ങളിലും ദർശനത്തിനായി മേൽപാലത്തിലും തിരുമുറ്റത്തും അയ്യപ്പന്മാർ തിങ്ങി നിറയുന്ന കാഴ്ചയായിരുന്നു ഇന്നലെ.

ഉഷപൂജാ സമയത്തായിരുന്നു ഏറ്റവും വലിയ തിരക്ക്. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ടു കൂടുതൽ ഇളവുകളും സൗകര്യങ്ങളും ഏർപ്പെടുത്തുന്നതു സംബന്ധിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്നു നടക്കും. ശബരിമലയിൽ പ്രവേശനം അനുവദിക്കുന്ന ഭക്തരുടെ എണ്ണം കൂട്ടുന്നതു പരിഗണിച്ചേക്കും. ഇപ്പോൾ 30,000 പേർക്കാണു ദിവസവും പ്രവേശനം.
മണ്ഡലകാലം ആരംഭിച്ച് ഒരാഴ്‌ച്ചയാകുമ്പോൾ ശബരിമലയിൽ നിന്നുള്ള വരുമാനം ആറു കോടിയിലധികം രൂപ. ശർക്കര വിവാദം അരവണയുടെയും അപ്പത്തിന്റെയും വിൽപനയെ കാര്യമായി ബാധിച്ചിട്ടില്ല. ലേലം പോയിട്ടില്ലാത്തതിനാൽ നാളികേരം ദിവസവും വൈകുന്നേരം തൂക്കി വിൽക്കുകയാണ്.

നടവരവിലും കാര്യമായ വർധനയുണ്ട്. ഒരു കോടിയിലധികം രൂപയാണ് മണ്ഡലകാലത്തിന്റെ ആദ്യ ആഴ്‌ച്ച കാണിക്കയായി ലഭിച്ചത്. കഴിഞ്ഞ സീസണിന്റെ ആദ്യ ആഴ്ചയിൽ ഉണ്ടായതിനേക്കാൾ ഒൻപത് ഇരട്ടി വർധനയുണ്ട് ഇത്തവണ. ഇന്നലെ വരെ 1.40 ലക്ഷം ടിൻ അരവണയും 45,000 പാക്കറ്റ് അപ്പവും വിറ്റഴിച്ചു. ഒന്നേകാൽ കോടി രൂപയാണ് ഈ വകയിലെ വരുമാനം. ലോകമെമ്പാടുമുള്ള അയ്യപ്പഭക്തർക്ക് ഓൺലൈനായി സംഭാവനകൾ നൽകാനുള്ള സംവിധാനവും ദേവസ്വംബോർഡ് ക്രമീകരിച്ചിട്ടുണ്ട്.