പാലാ: ഇത്രമേൽ പ്രകാശത്തോടെ ഒരു വീട്ടിലേക്ക് ഇതുവരെ ആരും പ്രവേശിച്ചിട്ടുണ്ടാകില്ല. അതു കൊണ്ടാണ് ഡോ. സംഗീത് രവീന്ദ്രന്റെ ഗൃഹപ്രവേശനവും പുസ്തക പ്രകാശനവും ഗൃഹപ്രകാശനം എന്ന ഒറ്റ വാക്കിനാൽ വേറിട്ടു നിൽക്കുന്നത്. സ്വപ്ന സാക്ഷാത്കാരമായ പുതിയ വീട്ടിലേക്കുള്ള പ്രവേശനത്തിന്റെ അന്നു തന്നെയാണ് സംഗീത് രവീന്ദ്രന്റെ മൂന്നാമത്തെ പുസ്തകമായ 'ബിംബകൽപന: സച്ചിദാനന്ദന്റെ കവിതകളിൽ' പ്രകാശിപ്പിക്കപ്പെടുന്നതും. ഈ പ്രകാശനത്തിലുമുണ്ടൊരു വ്യത്യസ്തത. പതിവ് പ്രകാശന ചടങ്ങുകളിൽ നിന്നു വേറിട്ട് സംഗീതിന്റെ മാതാപിതാക്കളായ എൻ. രവീന്ദ്രനും സരോജനി രവീന്ദ്രനും പ്രകാശനം ചെയ്തത്. കോഴിക്കോട് വേദ ബുക്സ് ആണ് പുതിയ പുസ്തകത്തിന്റെ പ്രസാധകർ

പാലക്കാട് പഴമ്പാലക്കോട് എസ്എംഎച്ചഎസ് സ്‌കൂളിൽ മലയാളം അദ്ധ്യാപകനായ ഡോ. സംഗീത് രവീന്ദ്രൻ പാലാ സ്വദേശിയാണ്. തൃശൂൽ ജില്ലാ അതിർത്തിയിൽ തിരുവില്വാമല പഞ്ചായത്തിൽ ആലിൻചുവട്ടിലാണ് പുതിയ വീട് പണി കഴിപ്പിച്ചത്. മഹാത്മാഗാന്ധി സർവകലാശാലയിൽ സംഗീത് ഗവേഷണം നടത്തിയതും സച്ചിദാനന്ദന്റെ കവിതകളിലെ ബിംബകൽപകളെക്കുറിച്ചാണ്. ഗവേഷണ പ്രബന്ധത്തിൽ നിന്നുള പഠനങ്ങളാണ് ഇപ്പോൾ പുസ്തകമായി പുറത്തിറക്കിയിരിക്കുന്നത്. കെ. സച്ചിദാനന്ദന്റെ കവിതകളിലെ മത ബിംബം, ചരിത്ര ബിംബം, പ്രകൃതി ബിംബം തുടങ്ങിയവയെക്കുറിച്ചാണ് വിവരിക്കുന്നത്. ആധുനിക, ആധുനീകാന്തര കാലത്തും ആറു പതിറ്റാണ്ടു കാലത്തെ സച്ചിദാനന്ദന്റെ കവിതകളെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനവും സംഗീതിന്റെ പുസ്തകത്തിൽ നിന്നു വായിച്ചറിയാം.

ഭാര്യ: അഞ്ജു, മക്കളായ സൂര്യനാരായണൻ ,സരയു എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഡോ. സംഗീത് രവീ ന്ദ്രന്റെ മൂന്നാമത്തെ പുസ്തകമാണ് പ്രകാശിതമായത്.