- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലേന്ന് യാത്രയയപ്പുവാങ്ങി പോയി; പിറ്റേന്ന് തിരിച്ചുവന്നു; കണ്ണൂർ വി സിക്ക് കസേര തിരിച്ചുകിട്ടിയത് ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണയെന്ന് കെ. എസ്.യു

കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ വീണ്ടും വൈസ് ചാൻസലറായി പുനർനിയമിതനായ ഡോ.ഗോപിനാഥ് രവീന്ദ്രനെതിരെ നിലപാട് കടുപ്പിച്ചു കെ. എസ്.യു.സി.പി. എം നേതാവ് കെ.കെ രാഗേഷിന്റെ ഭാര്യ പ്രീയാവർഗീസിനെ പിൻവാതിൽ വഴി നിയമനം നടത്താനാണ് വി സിയെ വീണ്ടും തിരിച്ചു കൊണ്ടുവന്നതെന്നാണ് കെ. എസ്.യുവിന്റെ ആരോപണം.
സർവ്വകലാശാല വൈസ് ചാൻസിലറായി ഡോ.ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിച്ചത് ഉദ്ധിഷ്ട കാര്യത്തിനുള്ള ഉപകാര സ്മരണ കൊണ്ടാണെന്നും കെ.എസ്.യു ജില്ലാ പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ് വിമർശിച്ചു.കഴിഞ്ഞ നാല് വർഷക്കാലം സി.പി. എമ്മിന്റെ രാഷ്ട്രീയ അടിമയായി മാത്രം പ്രവർത്തിച്ച വി സി നിരവധി സിപിഎം നേതാക്കൾക്ക് വേണ്ടി ബന്ധു നിയമങ്ങൾക്ക് ചട്ടങ്ങൾ മറികടന്ന് ചൂട്ട് പിടിച്ചതും അതോടൊപ്പം ശക്തമായ പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കും നിയമ നടപടികൾക്കും ശേഷം പിറകോട്ടു പോകേണ്ടി വന്നതുമാണ്.സമാനമായ രീതിയിൽ സർവ്വകലാശാല കേന്ദ്രീകരിച്ച് വഴിവിട്ട നീക്കങ്ങൾ നടത്തുന്നതിനുള്ള ഗൂഢ ശ്രമത്തിന്റെ ഭാഗമാണ് വി സി യുടെ പുനർ നിയമനം.എല്ലാ തരത്തിലുള്ള കീഴ് വഴക്കങ്ങളും ലംഘിച്ച് യൂണിവേഴ്സിറ്റി ആക്ടിലെ പല ചട്ടങ്ങളും മറികടന്ന് നടത്തിയ പുനർനിയമനം സംശയാസ്പദമാണ്.
കണ്ണൂർ സർവ്വകലാശാലയെ പാർട്ടി പഠനശാലയാക്കാനുള്ള നീക്കത്തെ എന്ത് വിലകൊടുത്തും നേരിടും. വി സി യുടെ നിയമനത്തിലെ നിയമ വശങ്ങൾ പരിശോധിച്ച് കോടതിയെ സമീപിക്കുമെന്നും പി. മുഹമ്മദ് ഷമ്മാസ് പ്രസ്താവനയിൽ പറഞ്ഞു. ഇതിനിടെ കഴിഞ്ഞ ദിവസം യാത്രയയപ്പു നാടകം നടത്തി വിടവാങ്ങിയ വി സി വീണ്ടും തൽസ്ഥാനത്ത് തിരിച്ചെത്തിയത് വിവാദമായിട്ടുണ്ട്.വിവിധ പ്രതിപക്ഷ സംഘടനകൾ ഇതിനെതിരെ പരസ്യമായി രംഗത്തുവന്നിട്ടുണ്ട്.
ഞാനും എന്റെ ഭാര്യയും പിന്നൊരു തട്ടാനുമെന്ന മട്ടിൽ കണ്ണുർ സർവകലാശാലയിൽ സിപിഎം നേതാവിന്റെ ഭാര്യയ്ക്ക് കണ്ണൂർ സർവകലാശാലയിൽ പിൻവാതിൽ നിയമനം നൽകാനുള്ള നീക്കം സോഷ്യൽ മീഡിയയിലൂടെയാണ് ഇവർ വിമർശനവിധേയമാക്കുന്നത്. ഇതോടെബന്ധു-പിൻവാതിൽ നിയമനങ്ങളിൽ ആരോപണങ്ങളിൽ കുളിച്ചിരിക്കുകയാണ് സി.പി. എം നേതൃത്വം.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യയെ കണ്ണൂർ സർവകലാശാലയിൽ നിയമിക്കുന്നതിനെതിരേ പാർട്ടിയിലും സംഘടനയ്ക്കകത്തും പ്രതിഷേധം ഉയരുമ്പോഴും നിയമനനീക്കത്തിൽനിന്ന് മാറാതെ നിൽക്കുകയാണ് കണ്ണൂർ സർവകലാശാല അധികൃതർ. കേരളത്തിന്റെ ചരിത്രത്തിലാദ്യമായി സർവകലാശാലയിൽ നിന്നും യാത്രയയപ്പുവാങ്ങിപ്പോയ ഒരു വി സി തന്നെ തിരിച്ചു തൽസ്ഥാനത്ത് എത്തിയത് ഇതിന്റെ സൂചനയായിട്ടാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
നൂറിലേറെ ഗവേഷണപ്രബന്ധങ്ങൾ രചിച്ചതുൾപ്പെടെ സാഹിത്യ അക്കാദമി അവാർഡ് ജേതാവും 25 വർഷത്തെ അദ്ധ്യാപന പരിചയവുമുള്ള അപേക്ഷകനെ രണ്ടാം റാങ്കിലേക്കു തള്ളിയാണ് കണ്ണൂർ സർവകലാശാലയിൽ കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് അസോസിയേറ്റ് പ്രഫസർ നിയമനത്തിൽ ഒന്നാം റാങ്ക് നൽകിയതെന്ന ആരോപണവുമായി സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റിയും സെനറ്റംഗം ഡോ. ആർ.കെ. ബിജുവും പരസ്യമായി തന്നെ രംഗത്തെത്തിയിട്ടുണ്ട്.
പിന്തള്ളപ്പെട്ട അദ്ധ്യാപകൻ സിപിഎം അനുകൂല സംഘടനയായ എകെപിസിടിഎയിൽ അംഗമായതിനാലാണ് അദ്ദേഹവും അദ്ദേഹത്തെ അനുകൂലിക്കുന്നവരും പരസ്യമായി രംഗത്ത് വരാത്തതെന്ന വാർത്തയും പ്രചരിക്കുന്നുണ്ട്. ആദ്യ പിണറായി വിജയൻ സർക്കാരിൽ തുടങ്ങിയ നിയമന വിവാദങ്ങൾ ഇന്നും അനുസ്യൂതം തുടരുകയാണ്. സിൻഡിക്കേറ്റ് യോഗം ചേർന്ന് പ്രിയ വർഗീസിന്റെ നിയമനം അംഗീകരിക്കേണ്ട ജോലി മാത്രമാണ് ഇനി അവശേഷിക്കുന്നതെന്നാണ് ലഭിക്കുന്ന സൂചന.
സർവകലാശാലയിലെ വൈസ് ചാൻസലർ നിയമനത്തിലും അദ്ധ്യാപക നിയമനത്തിലുമാണ് ആക്ഷേപം നിഴലിക്കുന്നത്. സിപിഎം നേതാക്കളുടെ ഭാര്യമാരും ബന്ധുക്കളുമൊക്കെ അനധികൃതമായി നിയമനം നേടുന്നത് വലിയ രാഷ്ട്രീയ വിവാദമായി മാറിക്കഴിഞ്ഞു. പൊതുജനങ്ങൾ പോലും ഇക്കാര്യം ചർച്ചയാക്കിയിട്ടും നിലപാട് മാറ്റാൻ പാർട്ടി തയാറായിട്ടില്ല. ഒരേ തെറ്റ് വീണ്ടും വീണ്ടും ആവർത്തിക്കുമ്പോൾ ബോധപൂർവമാണോ എന്ന സംശയം സിപിഎമ്മിനെതിരേ ശക്തമായി ഉയരുന്നുണ്ട്.


