പാലക്കാട്: പ്രവാസി യുവാവിന്റെ പാസ്‌പോർട്ട് നമ്പറിൽ മറ്റാർക്കോ വാക്‌സിൻ ലഭിച്ചതോടെ വിദേശത്തേക്ക് പോകാനാവാതെ കേരളത്തിൽ കുടുങ്ങിയിരിക്കുകയാണ് മൂന്നംഗ കുടുംബം. അബ്ദുൽ ഷാനിഫും കുടുംബവുമാണ് വിദേശത്തേക്ക് തിരികെ പോകാനാവാതെ കുരുക്കിലായത്. ഷാനിഫിന്റെ പാസ്‌പോർട്ട് നമ്പറിൽ നിന്നും ലക്ഷ്മിക്കുട്ടിയമ്മ തങ്കപ്പൻ നായർ എന്ന സ്ത്രീക്ക് തന്റെ പാസ്‌പോർട്ട് നമ്പർ ഉപയോഗിച്ചാണ് വാക്‌സിൻ നൽകിയിരിക്കുന്നത്.

പാസ്‌പോർട്ട് നമ്പർ ആ പേരിനൊപ്പം വാക്‌സീൻ സർട്ടിഫിക്കറ്റിൽ കയറിയതാണ് ഷാനിഫിനെ വെട്ടിലാക്കിയത്. കയറിയതോടെ ഷാനിഫിന്റെ വിദേശയാത്ര മുടങ്ങി. ഒപ്പം, വീസ കാലാവധി തീരാറായ ശ്രീലങ്കൻ പൗരത്വമുള്ള ഭാര്യ ഫാത്തിമ സിമയും രണ്ടു വയസ്സുകാരൻ മകൻ ഷാരിഖ് അഹമ്മദും കേരളത്തിൽ കുടുങ്ങി. തേങ്കുറുശ്ശി ചകിരാംതൊടി വീട്ടിൽ ഷാനിഫ് ദുബായിലായിരുന്നു. ശ്രീലങ്കക്കാരിയായ ഫാത്തിമയുമായുള്ള വിവാഹശേഷം അവരെ കേരളത്തിലെത്തിച്ചു. അവധിയിൽ നാട്ടിലെത്തിയ സമയത്ത് അപകടത്തിൽ പരുക്കേറ്റതോടെ ദുബായിലേക്കുള്ള മടക്കയാത്ര മുടങ്ങി. പ

രുക്കു മൂലം ജോലിക്കു പോകാൻ കഴിയാത്തതിനാൽ കുടുംബസമേതം ഫാത്തിമയുടെ ശ്രീലങ്കയിലെ വീട്ടിലേക്കു പോകാൻ തീരുമാനിച്ചു. ഇതിനായി വാക്‌സീൻ സർട്ടിഫിക്കറ്റിൽ പാസ്‌പോർട്ട് നമ്പർ ചേർക്കാൻ നൽകിയപ്പോഴാണ് തന്റെ പാസ്‌പോർട്ട് നമ്പരിൽ മറ്റാർക്കോ വാക്‌സീൻ നൽകിയതായി മനസ്സിലായത്. പൊലീസിൽ പരാതി നൽകിയപ്പോൾ ആരോഗ്യവകുപ്പിനെ സമീപിക്കാൻ നിർദേശിച്ചു.

രണ്ടാം ഡോസ് എടുക്കുമ്പോൾ ശരിയാക്കാമെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ ഉറപ്പ്. രണ്ടാം ഡോസ് എടുത്തെങ്കിലും വാക്‌സീൻ പോർട്ടലിൽ പാസ്‌പോർട്ട് നമ്പർ ചേർക്കാൻ കഴിഞ്ഞില്ല. കേന്ദ്രസർക്കാരിന്റെ വെബ്‌സൈറ്റാണെന്നതിനാൽ ഒന്നും ചെയ്യാൻ കഴിയില്ലെന്ന മറുപടിയാണു ലഭിച്ചതെന്നു ഷാനിഫ് പറയുന്നു.