തിരുവനന്തപുരം, നവംബർ 23, 2021: ആഗോള തലത്തിൽ നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് സ്ഥാപനമായ യു.എസ്.ടി ബംഗളൂരുവിലെ ജീവനക്കാരുടെ എണ്ണം ആറായിരം കടന്നു. കോവിഡ് മഹാമാരി ലോകത്തെ ഗ്രസിച്ചതിന് ശേഷം കഴിഞ്ഞ വർഷം ഫെബ്രുവരി മുതൽ രണ്ടായിരത്തോളം ജീവനക്കാരെ പുതിയതായി യു.എസ്.ടി നിയമിച്ചിട്ടുണ്ട്. കമ്പനിയുടെ വളർച്ചാ നിരക്കിന് അനുസൃതമായി 2023 ഓടെ ജീവനക്കാരുടെ എണ്ണം പന്ത്രണ്ടായിരമാക്കാനാണ് യു.എസ്.ടി ബംഗളൂരു കേന്ദ്രം ലക്ഷ്യമിടുന്നത്.

മികച്ച പ്രതിഭകളെ ആകർഷിക്കുന്നതിനായി ഇന്ത്യയിലെ പ്രാദേശിക സാന്നിധ്യം വിപുലമാക്കാനാണ് യു.എസ്.ടി ഉന്നം വെയ്ക്കുന്നത്. അടുത്ത 18 മുതൽ 24 മാസങ്ങൾക്കുള്ളിൽ ആരോഗ്യ പരിരക്ഷ, സാങ്കേതിക വിദ്യ, ലോജിസ്റ്റിക്സ്, സെമികണ്ടക്ടറുകൾ, ബാങ്കിങ് ഫിനാൻഷ്യൽ മേഖലകളിലേക്കായി എൻട്രി ലവൽ എൻജിനിയറിങ് ബിരുദധാരികളെയും പരിചയ സമ്പത്തിന്റെ കരുത്തുള്ള എൻജിനിയർമാരേയും നിയമിക്കാനാണ് യു.എസ്.ടിയുടെ തീരുമാനം.

അമേരിക്കയിലെ കാലിഫോർണിയ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന യു.എസ്.ടി 25 രാജ്യങ്ങളിലായി 35 ഓഫീസുകളുമായി ദ്രുതവേഗത്തിൽ വളരുന്നൊരു കമ്പനിയാണ്. ലോകമെമ്പാടുമുള്ള ഗ്ലോബൽ 2000, ഫോർച്യൂൺ 500 സ്ഥാപനങ്ങൾക്ക് ഡിജിറ്റൽ സേവനങ്ങളും ഉൽപ്പന്നങ്ങളും പ്ലാറ്റ്ഫോമുകളും യു.എസ് ടി പ്രദാനം ചെയ്യുന്നു. രാജ്യത്തെ സോഫ്റ്റ് വെയർ, എൻജിനിയറിങ് മേഖലകളിലെ പ്രതിഭകളുടെ കഴിവുകളെ പരമാവധി പ്രയോജനപ്പെടുത്തണമെന്ന ലക്ഷ്യത്തോടെയാണ് യു.എസ്.ടി ഓഫീസുകൾ ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ, തിരുവനന്തപുരം, കൊച്ചി, പൂണെ, കോയമ്പത്തൂർ, ഹൊസൂർ, ഡൽഹി എൻ.സി.ആർ എന്നിവിടങ്ങളിൽ പ്രവർത്തിപ്പിക്കുന്നത്.

യു.എസ്.ടി ബംഗളൂരു ഓഫീസിലെ ജീവനക്കാരുടെ എണ്ണം ആറായിരമാക്കി ഉയർത്തിയതിൽ ഐ.ടിയുടെ ചുമതലയുള്ള കർണാടക സംസ്ഥാന അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.ഇ.വി രമണ റെഡ്ഡി ഐ.എ.എസ് അഭിനന്ദനം അറിയിച്ചു. കർണാടകത്തിന്റെ ശക്തിയെന്നത് വളരെ ആഴത്തിലുള്ള സാങ്കേതികമായ കഴിവുകളും മികച്ച സാങ്കേതിക പരിസ്ഥിതിയും കോസ്മോപോളിറ്റൻ സംസ്‌ക്കാരവും ആണെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം, ലോകമെമ്പാടുമുള്ള സംരംഭകർക്ക് കർണാടകം മികച്ച നിക്ഷേപ കേന്ദ്രമായി മാറിയെന്ന് പറഞ്ഞു. യു.എസ്.ടി വരും വർഷങ്ങളിൽ കൂടുതൽ നിയമനം നടത്തുമെന്ന് വാർത്ത ഏറെ സന്തോഷകരമാണെന്നും ഡോ. രമണ റെഡ്ഡി വ്യക്തമാക്കി. ഭാവിയിൽ യു.എസ്.ടിയുടെ വളർച്ചക്കും വിപുലീകരണ പദ്ധതികൾക്കും കർണാടക സർക്കാരിന്റെ എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.

യു.എസ്.ടിയുടെ ആഗോളതലത്തിലെ തന്നെ ഏറ്റവും വലിയ കേന്ദ്രങ്ങളിൽ ഒന്നായ ബംഗളൂരുവിൽ പ്രവർത്തനങ്ങൾ വിപുലമാക്കുന്നത് തങ്ങൾക്ക് എറെ ആവേശം പകരുന്നതായി കമ്പനി ചീഫ് ഓപ്പറേറ്റിങ് ഓഫീസറും കൺട്രി ഹെഡുമായ അലക്സാണ്ടർ വർഗ്ഗീസ് പറഞ്ഞു. യു എസ് ടി യിൽ മികച്ച പ്രതിഭകളെ കൂടുതലായി നിയമിക്കുന്നത് ഡിജിറ്റൽ രംഗത്ത് വൻ വിപ്ലവം തന്നെ സൃഷ്ടിക്കാനുള്ള അവസരം നൽകുന്നതിനൊപ്പം തന്നെ ലോകമെമ്പാടുമുള്ള ഞങ്ങളുടെ ഗുണഭോക്താക്കൾക്കുള്ള സേവന നിലവാരവും മെച്ചപ്പെടുത്താൻ കഴിയും എന്ന ഉറച്ച വിശ്വാസത്തിലാണ്.

യു.എസ്.ടിയുടെ ബംഗളൂരു കേന്ദ്രം ആഗോളതലത്തിൽ തന്നെ തങ്ങളുടെ രണ്ടാമത്തെ ഏറ്റവും സ്ഥാപനമാണെന്നും സ്ഥാപനത്തിന്റെ വളർച്ചയുടെ ഈ ഘട്ടത്തിൽ ഉപഭോക്താക്കൾക്ക് മികച്ച സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആറായിരം പുതിയ ജീവനക്കാരെ നിയമിക്കുന്നതെന്നും യു.എസ്.ടി ബംഗളൂരു സെന്റർ ഹെഡും ജനറൽ മാനേജരുമായ മനു ശിവരാജൻ പറഞ്ഞു. ഇന്ത്യാ-ജി.സി.സി നോർത്ത് ഈസ്റ്റ് ഏഷ്യാ ബിസിനസ് യൂണിറ്റ് തലവനുമാണ് മനു ശിവരാജൻ. 1999ൽ സ്ഥാപനം ആരംഭിച്ചത് മുതൽ തുടരുന്ന മഹത്തായ ദൗത്യമായ സാങ്കേതികതയിലൂടെ ജീവിതത്തെ മാറ്റം വരുത്തുക എന്ന ദൗത്യം ഇപ്പോഴും തുടരുകയാണെന്ന കാര്യം അദ്ദേഹം ഓർമ്മിപ്പിച്ചു. ബംഗളൂരുവിലേയും ഇന്ത്യയിലെ പല നഗരങ്ങളിലേയും സ്ഥാപനത്തിന്റെ വളർച്ച ഇതാണ് സൂചിപ്പിക്കുന്നത്. സ്ഥാപനത്തിന്റെ അടിസ്ഥാന ശിലയായ ഡിജിറ്റലിനൊപ്പം വ്യവസായ രംഗത്ത് പഠന അവസരങ്ങളും സംരംഭകത്വ തൊഴിൽ സംസ്‌ക്കാരവും തങ്ങളുടെ ജീവനക്കാർക്ക് പൂർണമായ തോതിൽ വാഗ്ദാനം ചെയ്യുന്നതായും മനു ശിവരാജൻ കൂട്ടിച്ചേർത്തു.

യു.എസ്.ടി എല്ലാ സമയത്തും ഉപഭേക്താക്കളുടെ പ്രതീക്ഷക്ക് അനുസരിച്ച് ഉയരാനാണ് ശ്രമിക്കുന്നതെന്ന് കമ്പനിയുടെ എൻജിനിയറിങ് സർവ്വീസസ് സീനിയർ ഡയറക്ടറും യു.എസ് .ടി ബംഗളൂരു ഡെപ്യൂട്ടി സെന്റർ ഹെഡുമായ കിരൺകുമാർ ദുരൈസ്വാമി വ്യക്തമാക്കി. എൻജിനിയറിങ് മേഖലയിൽ വിപണി സാഹചര്യങ്ങൾ മാറുന്നതിന് അനുസരിച്ച് പ്രവർത്തിക്കുകയാണെന്നും ഇക്കാര്യത്തിൽ ബംഗളൂരു സെന്റർ ഒരു നെടും തൂണായിട്ടാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ന് സെമികണ്ടക്ടർ സേവനങ്ങൾ നൽകുന്നതിൽ രാജ്യത്തെ ഒന്നാമത്തെ കമ്പനിയായി യു.എസ്.ടി മാറിയതിൽ ഏറെ അഭിമാനമുണ്ടെന്ന് പറഞ്ഞ കിരൺകുമാർ ദുരൈസ്വാമി കഴിഞ്ഞ 12 വർഷത്തിനിടയിൽ ബംഗളൂരു കേന്ദ്രം ഇക്കാര്യത്തിൽ ്അഭിമാനകരമായ നേട്ടമാണ് കൈവരിച്ചതെന്നും ചൂണ്ടിക്കാട്ടി.

അതേ സമയം ഹൈദരാബാദിലെ യു.എസ്.ടി കേന്ദ്രത്തിലെ ജീവനക്കാരുടെ എണ്ണം ആയിരം കടന്നു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ജീവനക്കാരുടെ എണ്ണം രണ്ടായിരമാക്കി ഉയർത്താനുള്ള പദ്ധതിയും കമ്പനി പ്രഖ്യാപിച്ചിരിക്കുകയാണ്. ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ, സൈബർ സുരക്ഷ, ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ, ജാവാ, ഡാറ്റാ സയൻസ് ആൻഡ് എൻജിനിയറിങ്, ആപ്ലിക്കേഷൻ ഡെവലപ്മെന്റ്, മോഡണൈസേഷൻ മേഖലകളിൽ വിദഗ്ധരായ പതിനായിരം ജീവനക്കാരെ കൂടി ഈ വർഷം നിയമിക്കാനുള്ള പദ്ധതിയും യു.എസ്.ടി പ്രഖ്യാപിച്ചു.