- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഹനം പൊള്ളാച്ചിയിലേക്ക് കടത്തിയതുകൊല്ലങ്കോട്- മുതലമട വഴി; നമ്പർ പ്ലേറ്റ് വ്യാജം; കേരളാ പൊലീസ് തിരഞ്ഞു നടക്കുമ്പോൾ ഇരുചെവി അറിയാതെ ആ വാഹനം അതിർത്തി കടന്നു; നടന്നത് തെളിവ് നശിപ്പിക്കാനുള്ള അതിവേഗ നീക്കം; കിട്ടിയത് സഞ്ജിത്തിനെ കൊല്ലാനെത്തിയവരുടെ കാറിന്റെ ഭാഗങ്ങൾ മാത്രം
പാലക്കാട്: എലപ്പുള്ളിയിൽ ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിനെ വധിച്ച കേസിൽ പ്രതികൾ സഞ്ചരിച്ചതെന്ന് കരുതുന്ന കാർ അന്വേഷണ സംഘം കണ്ടെടുത്തു. തമിഴ്‌നാട്ടിൽ നിന്നാണ് കാറിന്റെ ഭാഗങ്ങൾ കണ്ടെടുത്തത്. പൊള്ളാച്ചിക്കു സമീപം ഊത്തുക്കുള്ളിയിലെ പൊളിക്കൽ കേന്ദ്രത്തിൽ നിന്നാണ് ടയറും എൻജിനും ഷീറ്റും കണ്ടെത്തിയത്. ഇവ പൊലീസ് പരിശോധിച്ചു.
ഇവ എത്രയും വേഗം പൊളിച്ചുമാറ്റാൻ കാർ കൊണ്ടുവന്നവർ നിർദ്ദേശം നൽകിയെന്നാണ് കടയുടമ പൊലീസിനോട് പറഞ്ഞത്. കടയുടമയിൽ നിന്ന് പൊലീസ് വിവരങ്ങൾ ശേഖരിക്കുകയാണ്. കാറിന്റെ ഭാഗങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അടക്കം വിധേയമാക്കേണ്ടതുണ്ട്. കൊല്ലപ്പെട്ട സഞ്ജിത്തിന്റെ രക്തക്കറ അടക്കമുള്ള തെളിവുകൾ കണ്ടെടുക്കാനായാൽ അന്വേഷണത്തിൽ നിർണായക നേട്ടമായിരിക്കും പൊലീസിന്.
വാഹനം മൂന്ന് ദിവസം മുമ്പ് പൊള്ളാച്ചിയിലേക്ക് കടത്തിയതായാണ് റിപ്പോർട്ട്. തുടർന്ന് വാഹനം പൊളിച്ച് കേസിലെ തെളിവ് ഇല്ലാതാക്കാനായിരുന്നു ശ്രമം. കൊല്ലങ്കോട്- മുതലമട വഴിയാണ് വാഹനം സംസ്ഥാനം കടത്തിയത്. പൊള്ളാച്ചിയിൽ എത്തിച്ച ശേഷം ഇത് പൊളിക്കുകയായിരുന്നു. അക്രമികൾ സഞ്ചരിച്ച വാഹനത്തിന്റെ നമ്പർ പ്ലേറ്റ് വ്യാജമാണെന്നും കണ്ടെത്തിയിട്ടുണ്ട്. കൊല്ലങ്കോടിനടുത്താണ് ഈ നമ്പർ പ്ലേറ്റ് നിർമ്മിച്ചത്.
കേരളത്തിൽ വാഹനത്തിന് വേണ്ടി വ്യാപക തെരച്ചിൽ നടക്കേ മൂന്ന് ദിവസങ്ങൾ മമ്പാണ് വാഹനം ജില്ലയിൽ നിന്നും അതിർത്തി കടത്തിയതെന്ന കണ്ടെത്തൽ പൊലീസിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. കേസ് അന്വേഷണത്തിന്റെ തുടക്കം മുതൽ തന്നെ പൊലീസ് അന്വേഷം കാര്യക്ഷമമല്ലെന്ന് ആരോപണം ഉയർന്നിരുന്നതാണ്. അതിർത്തികളിലെ വാഹന പരിശോധന കാര്യക്ഷമമാക്കാത്തത് പ്രതികൾ ജില്ലവിടുന്നതിന് വഴിയൊരുക്കിയെന്നായിരുന്നു വിമർശനം ഉയർന്നത്.
കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തയാളായ പോപ്പുലർ ഫ്രണ്ട് ഭാരവാഹി ഇന്നലെ രാത്രിയോടെ പിടിയിലായിരുന്നു. തിരിച്ചറിയൽ പരേഡ് അടക്കം നടത്താനുള്ളതിനാൽ പ്രതിയുടെ പേര് വിവരങ്ങൾ പുറത്ത് വിടാനാകില്ലെന്നാണ് പൊലീസ് പറയുന്നത്. മറ്റ് പ്രതികൾക്കായുള്ള അന്വേഷണം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിച്ചതായും പൊലീസ് വ്യക്തമാക്കി. കേസിൽ പ്രധാന പങ്കുവഹിച്ചിട്ടുള്ള നാല് പേരെയാണ് ഇനി കണ്ടെത്താനുള്ളത്. അതേസമയം സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ ആദ്യം അറസ്റ്റിലായ പ്രതിയെ കസ്റ്റഡിയിൽ വാങ്ങും. കൃത്യം നടക്കുമ്പോൾ വാഹനം ഓടിച്ചിരുന്ന വ്യക്തിയാണ് ഇയാൾ.
ഇക്കഴിഞ്ഞ 15ാം തിയതി തിങ്കളാഴ്ചയാണ് സഞ്ജിത്തിന്റെ കൊലപാതകം നടന്നത്. ഭാര്യയുമായി ബൈക്കിൽ വരുമ്പോൾ തടഞ്ഞ് നിർത്തി വെട്ടിവീഴ്‌ത്തുകയായിരുന്നു. സഞ്ജിത്തിനെ കൊലപ്പെടുത്തിയത് രാഷ്ട്രീയ വിരോധം മൂലമെന്ന് എഫ്ഐആറിൽ വ്യക്തമാക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് പൊലീസ് നിരവധി എസ്ഡിപിഐ പ്രവർത്തകരുടെ മൊഴിയെടുക്കുകയും ഫോൺ രേഖകൾ പരിശോധിക്കുകയും ചെയ്തിരുന്നു. മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതികളുമായി ബന്ധമുണ്ടെന്ന് കരുതുന്നവരിലേക്ക് അന്വേഷണ സംഘമെത്തിയത്.
പോപ്പുലർ ഫ്രണ്ട് പ്രവർത്തകനാണ് പിടിയിലായ രണ്ടാമനും. തിരിച്ചറിയൽ പരേഡ് അടക്കമുള്ള നടത്തേണ്ടതിനാൽ പ്രതികളുടെ ചിത്രമോ പേരുകളോ അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ തിങ്കളാഴ്ചയാണ് സഞ്ജിത്തിനെ ഭാര്യയുടെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയത്.
മറുനാടന് മലയാളി ബ്യൂറോ