കണ്ണൂർ: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗ്ഗീസിനെ പിൻവാതിൽ വഴി നിയമനം നടത്തിയ കണ്ണൂർ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രനെ എൽ.ഡി.എഫ് സർക്കാർ സർവ്വകലാശാല ചട്ടം കാറ്റിൽ പറത്തിക്കൊണ്ട് പുനർ നിയമനം നടത്തിയതിൽ പ്രതിഷേധിച്ച് കണ്ണൂർ യൂണിവേഴ്‌സിറ്റിക്കകത്ത് ഇരച്ചു കയറി യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാട്ടി.

യുവമോർച്ചാ ജില്ലാ പ്രസിഡന്റ് അരുൺ കൈതപ്രം, യുവമോർച്ച ജില്ല ജനറൽസെക്രട്ടറി അർജുൻ മാവിലക്കണ്ടി, കെ.രഞ്ചിത്ത്, ജില്ലാ സെക്രട്ടറി അർജ്ജുൻ കെ വി , അക്ഷയ് കൃഷ്ണാ , അഭിറാം കെ എന്നിവരുടെ നേതൃത്വത്തിലാണ് ബുധനാഴ്‌ച്ച വൈകുന്നേരം അഞ്ചു മണിയോടെ കരിങ്കൊടി കൈയിലേന്തി മുദ്രാവാക്യം വിളികളോടെ പ്രകടനമായി താവക്കരയിലുള്ള സർവകലാശാല ക്യാംപസിലേക്ക് ഇരച്ചു കയറിയ പ്രവർത്തകർ പ്രതിഷേധ സമരം നടത്തിയത്.

സ്ഥലത്ത് സർവ സന്നാഹങ്ങളോടെ നിലയുറപ്പിച്ച കണ്ണൂർ ടൗൺ പൊലീസ് പ്രവർത്തകരെ ബലം പ്രയോഗിച്ചു അറസ്റ്റ് ചെയ്ത് നീക്കി.