ബ്രിട്ടീഷ് രാജകുടുംബത്തിലെ രാജകുമാരന്മാർ തമ്മിലുള്ള പിണക്കത്തെ അടിസ്ഥാനമാക്കിയെടുത്ത ഡോക്യൂമെന്ററി സംപ്രേഷണം ചെയ്യുന്നതിനു മുൻപ് രാജകുടുംബ പ്രതിനിധികളെ കാണിക്കണമെന്ന രാജകുടുംബത്തിന്റെ ആവശ്യം ബി ബി സി തള്ളിക്കളഞ്ഞത് ഇപ്പോൾ അവർക്ക് വിനയായി മാറുകയാണ്. ബി ബിസിയുമായി വില്യം രാജകുമാരൻ ഭാവിയിൽ സഹകരിച്ചേക്കില്ല എന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. വെസ്റ്റ്മിനിസ്റ്റർ ആബിയിൽ, കെയ്റ്റ് രാജകുമാരി ആഥിതേയത്വം വഹിക്കുന്ന ചാരിറ്റി ക്രിസ്ത്മസ് കരോളിൽ നിന്നും ബി ബി സി യെ മാറ്റിനിർത്തിയത് ഇതിന്റെ സൂചനയായി അവർ ചൂണ്ടിക്കാട്ടുന്നു.

താനും തന്റെ സഹായികളും ഹാരിക്കും മേഗനുമെതിരെ മാധ്യമങ്ങൾക്ക് വാർത്തകൾ ചോർത്തി നൽകി എന്ന അടിസ്ഥാനരഹിതമായ ആരോപണം ഡോക്യൂമെന്ററിയിൽ വന്നത് വില്യം രാജകുമാരനെ ചൊടിപ്പിച്ചിട്ടുണ്ട്. ബി ബി സിയെ ഒഴിവാക്കുന്നതിനുള്ള ആദ്യ നടപടി തന്നെയാണ് ക്രിസ്ത്മസ് പരിപാടി ബി ബി സിക്ക് നൽകാതെ ഐ ടി വിക്ക് അത് സംപ്രേഷണം ചെയ്യുവാൻ നൽകിയത് എന്നാണ് ഇപ്പോൾ രാജകുമാരനുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. കഴിഞ്ഞയാഴ്‌ച്ച മാത്രമാണ് തങ്ങൾക്ക് ഈ പരിപാടി സംപ്രേഷണം ചെയ്യുവാനുള്ള അനുമതി ലഭിച്ചതെന്ന് ഐ ടി വിയും സ്ഥിരീകരിച്ചിട്ടുണ്ട്.

ഏറെ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയ എർത്ത്ഷോട്ട് പുരസ്‌കാര ചടങ്ങുകൾ ബി ബി സിയുമായി സഹകരിച്ച് നടത്തിയ വില്യം രാജകുമാരൻ പക്ഷെ തന്റെ ജീവനക്കാരെയും സഹായികളേയും സംരക്ഷിക്കുന്നതിലും ദത്തശ്രദ്ധനാണ്. അവരുടെ സൽപ്പേരിന് കളങ്കം വരുത്തുന്നതൊന്നും അദ്ദേഹം സഹിക്കുകയില്ല. അതുകൊണ്ടു തന്നെ ക്രിസ്ത്മസ്സ് പരിപാടിയിൽ നിന്നും ബി ബി സിയെ ഒഴിവാക്കിയത് ഒരു മഞ്ഞുമലയുടെ അറ്റമായി മാത്രം കണ്ടാൽ മതിയെന്നാണ് ചില രാഷ്ട്രീയ നിരീക്ഷകരും പറയുന്നത്.

ഈ ബഹിഷ്‌കരണം രാജകുടുംബത്തിലെ മറ്റ് മുതിർന്ന അംഗങ്ങളും ഏറ്റെടുക്കാൻ സാദ്ധ്യതയുണ്ട്. ഡോക്യൂമെന്ററിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന ആരോപണങ്ങൾ മാത്രമല്ല അവരെ ചൊടിപ്പിക്കുന്നത്, അത് സംപ്രേഷണം ചെയ്യുന്നതിനു മുൻപ് രാജകുടുംബത്തിന്റെ പ്രതിനിധികളെ അത് കാണാൻ അനുവദിക്കാത്തതും രാജകുടുംബത്തിന്റെ അമർഷത്തിന് കാരണമായിട്ടുണ്ട്. നിലവിൽ ബി ബി സിയെ ഒഴിവാക്കാൻ തീരുമാനമെടുത്തിരിക്കുന്നത് വില്യം ആണെങ്കിലും, രാജകുടുംബത്തിലെ മുതിർന്ന മൂന്നംഗങ്ങളും ഒത്തൊരുമയോടും പരസ്പര ബഹുമാനത്തോടും കൂടി തന്നെയാണ് വർത്തിക്കുന്നത്. അതുകൊണ്ടു തന്നെ രാജ്ഞിയും ചാൾസും ഈ പാത പിന്തുടർന്നേക്കാമെന്ന് രാജകുടുംബവുമായി അടുത്ത വൃത്തങ്ങളൂം പറയുന്നു.

രാജകുടുംബത്തിന്റെ അന്തസിനേയും സത്യസന്ധതയേയും ചോദ്യം ചെയ്യുന്ന ആരോപണങ്ങളാണ് ഡോക്യൂമെന്ററിയിൽ ഉള്ളത് എന്നതിനാൽ അത് നിസ്സാരമായി അവഗണിക്കുവാനും രാജകുടുംബത്തിനാകില്ല. ഡയാനയുടെ വിവാദ അഭിമുഖമെടുക്കാൻ ബി ബി സി ജേർണലിസ്റ്റ് ബഷീർ വ്യാജരേഖകൾ ഉപയോഗിച്ചു എന്ന വസ്തുത പുറത്തുവന്നതോടെ വില്യം തികച്ചും അസ്വസ്ഥനായിരുന്നു.

അക്കാര്യം ഇനിയും ഈ പുതിയ ഡോക്യൂമെന്ററിയിൽ പ്രതിപാദിച്ചിട്ടില്ല. തന്റെ അമ്മയെ ചതിച്ചതിന് അന്ന് വില്യം രാജകുമാരൻ ബി ബി സി മാനേജ്മെന്റിനേയും ബഷീർ എന്ന ജേർണലിസ്റ്റിനേയും അതിനിശിതമായി വിമർശിച്ചിരുന്നു.