- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗതാഗത കുരുക്കഴിക്കാൻ കർശന നടപടി; കണ്ണൂർ നഗരത്തിലേക്ക് വലിയ വാഹനങ്ങളുടെ പ്രവേശനത്തിന് നാളെ മുതൽ നിയന്ത്രണം
കണ്ണുർ: കണ്ണൂർ നഗരത്തിലെ ഗതാഗത കുരുക്കൊഴിവാക്കാൻ കർശന നടപടിയുമായി ജില്ലാ ഭരണകൂടവും പൊലിസും രംഗത്തിറങ്ങി. കണ്ണൂർ നഗരത്തിലെ പ്രവേശന കവാടമായ താഴെ ചൊവ്വ മുതൽ വളപട്ടണം പാലം വരെയുള്ള റോഡിൽ തിരക്കേറിയ സമയങ്ങളിൽ വലിയ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്ന സാഹചര്യത്തിൽ കണ്ണൂർ നഗരത്തിലേക്കുള്ള വലിയ വാഹനങ്ങളുടെ പ്രവേശനത്തിനാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.
ജില്ലാ റോഡ് സേഫ്റ്റി അഥോറിറ്റിയുടെ ഉന്നതതല യോഗത്തിലെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂർ നഗരത്തിലേക്കു ഈ വലിയ വാഹനങ്ങളുടെ പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഇതു പ്രകാരം വെള്ളിയാഴ്‌ച്ച മുതൽ വലിയ വാഹനങ്ങൾക്ക് കണ്ണൂർ നഗരത്തിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണമുണ്ടാകും. റോഡിൽ ഗതാഗതക്കുരുക്ക് കൂടുതൽ അനുഭവപ്പെടുന്ന സമയമായ രാവിലെ എട്ടു മണി മുതൽ 10 മണി വരെയും വൈകുന്നേരം നാലുമണി മുതൽ ആറുമണി വരെയുമാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.
മൾട്ടി ആക്‌സിൽ ലോറികൾ, ടിപ്പറുകൾ, ഗ്യാസ് ടാങ്കറുകൾ, ചരക്ക് ലോറികൾ തുടങ്ങിയ വലിയ വാഹനങ്ങൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തുക. പഴയങ്ങാടി ഭാഗത്ത് നിന്നും വരുന്ന മേൽപറഞ്ഞ വാഹനങ്ങൾ കണ്ണപുരം താവത്തിൽ നിയന്ത്രിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടപ്പാക്കും. വളപട്ടണത്ത് വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള വീതിയുള്ള റോഡായതിനാൽ അത്തരം വാഹനങ്ങൾ അവിടെ പാർക്ക് ചെയ്യുകയും കൂത്തുപറമ്പ മമ്പറം വഴി വരുന്ന വലിയ വാഹനങ്ങൾക്ക് മാമ്പറത്തും, തലശ്ശേരി ഭാഗത്ത് നിന്നും വരുന്ന വലിയ വാഹനങ്ങൾക്ക് മുഴപ്പിലങ്ങാടും നിയന്ത്രണങ്ങൾ ഉണ്ടാവുമെന്ന് ജില്ലാ കലക്ടർ എസ്.ചന്ദ്രശേഖർ അറിയിച്ചു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്