കൊച്ചി: ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് ചെയർമാന്റെ അറിവും അനുമതിയും ഇല്ലാതെ കേരള ഘടകം സംസ്ഥാന പ്രസിഡന്റിനെ മാറ്റിയത് വിവാദമായി. ഡോ.എസ്.എസ്. ലാലിനെ മാറ്റി ലോയേഴ്‌സ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി എസ്. ചന്ദ്രശേഖരനെ സംസ്ഥാന പ്രസിഡന്റാക്കി നിയമിച്ചാണ് കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരൻ ഉത്തരവ് ഇറക്കിയത്. എന്നാൽ ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് ചെയർമാൻ ശശി തരൂർ ഉടക്കിട്ടതോടെ സുധാകരന് ഉത്തരവ് പിൻവലിക്കേണ്ടി വന്നു.

ഇക്കാര്യത്തിൽ തരൂരിന്റെ ട്വീറ്റ് കൂടി വന്നതോടെ സംഗതി ആർക്കും നിഷേധിക്കാൻ കഴിയാത്ത സ്ഥിതിയായി. 'ഞാൻ കെപിസിസി പ്രസിഡന്റിനോട് ഈ വിഷയത്തിൽ ഉണ്ടായ ആശയക്കുഴപ്പത്തെ കുറിച്ച് സംസാരിച്ചു. പ്രൊഫഷണൽ കോൺഗ്രസ് സ്‌റ്റേറ്റ് പ്രസിഡന്റായി പുതിയതായി നിയമിതനായ വ്യക്തി പ്രൊഫഷണൽ കോൺഗ്രസിൽ അംഗം പോലും അല്ല. നിലവിൽ ഒരു സംസ്ഥാന പ്രസിഡന്റ് ഉണ്ട്. ഡോ.എസ്.എസ്.ലാൽ. തെറ്റ് തിരുത്തും'-തരൂർ ട്വീറ്റ് ചെയ്തു.

ഇതോടെ, ഉത്തരവ് പിൻവലിക്കേണ്ടി വന്നു. കെപിസിസി പ്രസിഡന്റിന് പ്രഫഷനൽ കോൺഗ്രസ് സംസ്ഥാന ഘടകം പ്രസിഡന്റിനെ നിയമിക്കാമെങ്കിലും ദേശീയ അധ്യക്ഷന്റെ അനുമതി ആവശ്യമുണ്ട്. എസ്.എസ്. ലാലിനെതിരെയുള്ള കരുനീക്കങ്ങളുടെ ഭാഗമായി കോൺഗ്രസിൽ ഒരു വിഭാഗം നടത്തിയ നിയമനമാണ് പ്രസിഡന്റിനു പിൻവലിക്കേണ്ടി വന്നത്. നിയമന ഉത്തരവു പുറപ്പെടുവിച്ചതോടെ ശശി തരൂർ തന്നെ അറിയിക്കാതെ നടത്തിയ നിയമനത്തിനെതിരെ രംഗത്തു വരികയായിരുന്നു. ഇതോടെ വി എസ്. ചന്ദ്രശേഖരന്റെ നിയമനം സാങ്കേതിക കാരണങ്ങളാൽ മരവിപ്പിച്ചതായി കെപിസിസി പ്രസിഡന്റ് വാർത്താ കുറിപ്പ് ഇറക്കി.

യുവാക്കളെ പ്രത്യേകിച്ച് പ്രൊഫഷണൽ രംഗത്തുള്ളവരെ കോൺഗ്രസിലേക്ക് ആകർഷിക്കാനും,അതുവഴി പുതിയ മുഖം നൽകാനുമാണ് രാഹുൽ ഗാന്ധി മുൻകൈ എടുത്ത് പ്രൊഫഷണൽ കോൺഗ്രസ് രൂപീകരിച്ചത്. ഇതിന്റെ ഭാഗമായി ശശി തരൂർ ദേശീയ അദ്ധ്യക്ഷനായി രൂപീകരിച്ച പ്രൊഫഷണൽ കോൺഗ്രസ് വിവിധ പരിപാടികൾ ഏറ്റെടുത്ത് നടത്തി വരുന്നു.

രാജ്യത്ത് അരാഷ്ട്രീയവൽകരണം പ്രബലമാവുകയും, പരമ്പരാഗത രാഷ്ട്രീയത്തോട് ചെറുപ്പക്കാർക്ക് മടുപ്പ് തോന്നുകയും ചെയ്യുന്ന കാലത്ത് തികച്ചും പ്രൊഫഷണലുകളായവരെ കോൺഗ്രസിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യമിട്ടാണ് രാഹുൽ ഗാന്ധി പ്രൊഫഷണൽ കോൺഗ്രസ് രൂപീകരിച്ചത്.ഡോക്ടർ,എഞ്ചിനീയർ,അഭിഭാഷകൻ,ഐടി എഞ്ചിനീയർ എന്നിങ്ങനെയുള്ള പ്രൊഫഷണലുകളുടെ രാഷ്ട്രീയത്തെ കുറിച്ചും ദേശീയ പ്രശ്നങ്ങളിലുമുള്ള കാഴ്ചപ്പാടുകൾ തിരിച്ചറിയുന്ന സാമൂഹിക-രാഷ്ട്രീയ ഫോറമാണ് ലക്ഷ്യമിടുന്നത്. ഇവരിൽ സജീവ രാഷ്ട്രീയത്തിൽ താൽപര്യമുള്ളവരെ പാർട്ടിയിലേക്ക് ക്ഷണിക്കാറുണ്ട്യ പ്രൊഫഷണലുകൾക്ക് ഓൺലൈൻ അംഗത്വമാണ് നൽകുന്നത്. കേരളം ഉപയോഗിക്കാതെ പോവുന്ന പ്രതിഭകളെ കണ്ടെത്തി രാഷ്ട്രീയത്തിൽ പ്രയോജനപ്പെടുത്തുക എന്നതാണ് സംസ്ഥാന അദ്ധ്യക്ഷന്റെ ദൗത്യം.

പ്രൊഫഷണൽ വൈദഗ്ധ്യമുള്ള വ്യക്തികളിലൂടെ രാഷ്രീയത്തിനുതന്നെ പുതിയ ശൈലി നൽകയിരിക്കുകയാണ് രാഹുൽ. ഹിന്ദു രാഷ്ട്രീയത്തോട് അനുഭാവമുള്ള ഐ.ടി പ്രൊഫഷനലുകളെ ബിജെപി സൈബർ ക്യാമ്പയിന് വേണ്ടി ഉപയോഗിക്കുന്നത് പോലെ കോൺഗ്രസിൽ പ്രൊഫഷണലുകളെ ഒന്നിച്ച് അടുപ്പിക്കുകയാണ് രാഹുൽ ഗാന്ധിയുടെ തന്ത്രം.