തിരുവനന്തപുരം: അട്ടപ്പാടിയിലുണ്ടായ ശിശുമരണങ്ങൾ സംബന്ധിച്ച് അന്വേഷണം നടത്താൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകി. അതേസമയം. അട്ടപ്പാടിയിൽ ശിശുമരണത്തിന് ഇടയാക്കിയ സംഭവങ്ങളെപ്പറ്റി അന്വേഷിച്ച് അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കാൻ പട്ടിക വിഭാഗ ക്ഷേമ മന്ത്രി കെ രാധാകൃഷ്ണൻ പട്ടിക വർഗ ഡയറക്ടർ ടി വി അനുപമയ്ക്ക് നിർദ്ദേശം നൽകി. കാര്യങ്ങൾ നേരിട്ടറിയുന്നതിനായി മന്ത്രി ശനിയാഴ്ച അട്ടപ്പാടിയിലെത്തും. രാവിലെ പത്തിന് അഗളിയിൽ യോഗം ചേരും. അഗളി, പുതൂർ പഞ്ചായത്തുകളിലാണ് അരിവാൾ രോഗബാധയെ തുടർന്ന് മരണമുണ്ടായത്.

മൂന്ന് ദിവസം മാത്രമായ കുഞ്ഞാണ് ഇന്ന് മരിച്ചത്. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം. ഗീതു- സുനീഷ് ദമ്പതികളുടെ ആൺ കുഞ്ഞാണ് മരിച്ചത്. ഒരാഴ്ചയ്ക്കിടെ അട്ടപ്പാടിയിലെ മൂന്നാമത്തെ ശിശുമരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷത്തെ പത്താമത്തെ മരണവും. പ്രസവത്തെ തുടർന്ന് ഒരു മാതാവും മരിക്കുന്ന സാഹചര്യമുണ്ടായി. ഇന്ന് മരിച്ച ആൺകുഞ്ഞിന് ന്യുമോണിയയുടെ ലക്ഷണങ്ങളുണ്ടായിരുന്നു. ഇതേ തുടർന്നാണ് മരണമെന്നാണ് പറയുന്നത്. അതേസമയം തുടരെയുള്ള ശിശുമരണങ്ങളിൽ വിശദമായ റിപ്പോർട്ട് വേണ്ടിവരും. നാല് ദിവസത്തിനിടെ മൂന്ന് കുഞ്ഞുങ്ങൾ മരിച്ചത് അതീവ ഗൗരവത്തോടെയാണ് ആരോഗ്യവകുപ്പ് കാണുന്നത്.

അട്ടപാടിയിലെ ചികിത്സാ സംവിധാനങ്ങളുടെ അഭാവത്തിലേക്കാണ് സംഭവം വിരൽചൂണ്ടുന്നത്. രണ്ട് ദിവസം മുമ്പാണ് തൂവ ഊരിലെ വള്ളി രാജേന്ദ്രന്റെ ഒന്നര മാസം പ്രായമുള്ള കുട്ടി മരിച്ചത്. കുഞ്ഞിന് തൂക്കം കുറവായിരുന്നതിനാൽ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം.

ആദിവാസി ഗർഭിണികൾക്ക് പോഷകാഹാരം ഉറപ്പ് വരുത്താനുള്ള ജനനി ജന്മരക്ഷ പദ്ധതി മൂന്ന് മാസമായി മുടങ്ങിക്കിടക്കുകയായിരുന്നു. ഫണ്ട് കിട്ടാത്തതിന്റെ പ്രശ്‌നമായിരുന്നുവെന്നും ഇപ്പോൾ ഫണ്ട് വന്നിട്ടുണ്ടെന്നുമാണ് പറയുന്നത്. ഗർഭിണികൾക്കും അമ്മമാർക്കും പോഷകാഹാരത്തിന് പണം നൽകുന്നതാണ് ജനനി ജന്മ രക്ഷാ പദ്ധതി.